യുഎഇ മതിയായോ? സൗദി അറേബ്യയും യുകെയും തൊട്ടുപിന്നില്‍; പ്രൊഫഷണലുകള്‍ നാട്ടിലേക്ക് മടങ്ങുന്നു
വിദേശത്ത് നിന്ന്, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയില്‍ നിന്നും വന്‍തോതില്‍ പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് മടങ്ങുന്നതായി റിപ്പോർട്ട്. യു എ ഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രൊഫഷണുലുകള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 9,800-ലധികം പ്രൊഫഷണലുകൾ യുഎഇയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയെന്നും കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) സംഘടിപ്പിച്ച സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രസിദ്ധീകരിച്ച ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ടില്‍ പറയുന്നു.
യു എ ഇ കഴിഞ്ഞാല്‍ സൗദി അറേബ്യ, യുകെ (1,600 വീതം), ഖത്തർ (1,400), യുഎസ് (1,200) എന്നിവിടങ്ങളിൽ നിന്നും വലിയ തോതില്‍ പ്രൊഫഷണലുകള്‍ സ്വന്തം മണ്ണില്‍ തിരിച്ചെത്തി. വിദേശത്ത് നിന്ന് മാത്രമല്ല, ആഭ്യന്തര തലത്തിലും ഈ തിരിച്ചുള്ള ഒഴുക്ക് ശക്തമാണ്. ർണാടകയിൽ നിന്ന് ഏകദേശം 7,700 പ്രൊഫഷണലുകൾ കേരളത്തിലേക്ക് മാറി, തമിഴ്നാട്, മഹാരാഷ്ട്ര, തെലങ്കാന, ഹരിയാന എന്നിവിടങ്ങളിൽ നിന്നും വലിയ തോതില്‍ ആളുകൾ തിരികെ എത്തിയിട്ടുണ്ട്.

ഗൾഫിൽ നിന്ന് മടങ്ങിയെത്തുന്നവർ ബിസിനസ് ഓപ്പറേഷൻസ്, ഫിനാൻസ്, സംരംഭകത്വം എന്നിവയിൽ മികച്ച വൈദഗ്ധ്യം ഉള്ളവരാണ്. അതേസമയം, കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കേരളത്തിന്റെ ഇന്നൊവേഷൻ, ടെക്നോളജി മേഖലകളില്‍ നിർണ്ണായക സംഭാവനകള്‍ നല്‍കുന്നു. പ്രത്യേകിച്ച് പ്രോഡക്ട് മാനേജ്മെന്റ്, ഗവേഷണം, വിദ്യാഭ്യാസം എന്നിവയിലാണ് ഇവരുടെ പങ്ക് നിർണ്ണായകമായി മാറുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഡിജിറ്റൽ, പ്രൊഫഷണൽ പരിശീലനങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഇരട്ടിയായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനാലിസിസ്, ഫിനാൻഷ്യൽ പ്ലാനിംഗ് തുടങ്ങിയ വൈദഗ്ധ്യങ്ങൾ മുൻനിരയിലാണ്. 2030-ഓടെ 39% പ്രധാന തൊഴിൽ വൈദഗ്ധ്യങ്ങൾ മാറുകയോ കാലഹരണപ്പെടുകയോ ചെയ്യുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു, ഇത് റീ-സ്കില്ലിംഗിന്റെ അടിയന്തിര ആവശ്യകതയെ എടുത്തുകാട്ടുന്നു.
കേരളത്തിന്റെ പ്രൊഫഷണൽ തൊഴിൽ ശക്തി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 172% വളർച്ച കൈവരിച്ചു. നിലവില്‍ ഈ വിഭാഗത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഒൻപതാം സ്ഥാനത്താണ് കേരളം. ഏകദേശം 40% പ്രൊഫഷണലുകൾ കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ജോലി ചെയ്യുന്നത്. സോഫ്റ്റ്‌വെയർ എൻജിനീയർ, അക്കൗണ്ടന്റ്, അധ്യാപകർ എന്നിവയാണ് പ്രധാന തൊഴില്‍ മേഖലകള്‍. ഇതിലൂടെ ടെക്നോളജി, ഫിനാൻസ്, വിദ്യാഭ്യാസം എന്നിവയെ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി നില്‍ക്കുന്നു.
കേരളം ഇന്ത്യയിലെ പ്രധാന റിക്രൂട്ട്മെന്റ് മേഖലകളായ ഐടി സേവനങ്ങൾ, ഫിനാൻസ്, ആരോഗ്യം, നിർമാണം എന്നിവയില്‍ നിർണ്ണായക പങ്കുവഹിക്കുന്നു. അതോടൊപ്പം തന്നെ ബയോടെക്നോളജി, ഓട്ടോമേഷൻ, അഡ്വാൻസ്ഡ് അനലിറ്റിക്സ് എന്നിവയിൽ ഉപയോഗിക്കപ്പെടാത്ത സാധ്യതകളും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 37% സ്ത്രീകൾ ഉൾപ്പെടുന്ന തൊഴിൽ ശക്തി, ദേശീയ ശരാശരിയായ 30%-നേക്കാൾ ഉയർന്നതാണ്. മിഡ്-ടു-സീനിയർ ലെവൽ പ്രൊഫഷണലുകൾ ഏറ്റവും വലിയ വിഭാഗമാണ്, ഇത് കേരളത്തിന്റെ ആഗോള മത്സരക്ഷമതയെ പ്രതിഫലിപ്പിക്കുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.
പുതിയകാലത്തിൻ്റെ സാധ്യതകളുപയോഗിച്ചുകൊണ്ട് ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി കേരളത്തെ വളർത്തുക എന്നത് സർക്കാരിൻ്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്ന് എന്ന് സ്‌കിൽ കേരള - ഗ്ലോബൽ സ്‌കിൽ സമ്മിറ്റിന്റെ സമാപനചടങ്ങില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. പ്രമുഖ തൊഴിലുടമകളുമായും നൈപുണ്യ ഏജൻസികളുമായും ധാരണാപത്രങ്ങളിൽ ഒപ്പുവെക്കാൻ സാധിച്ചത് സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും. കേരളത്തിൽ തന്നെ നിന്നുകൊണ്ട് ആഗോളതലത്തിൽ തൊഴിൽ ചെയ്യാനുള്ള അവസരം ഒരുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications