ലോണെടുത്ത് യുകെയിലേക്ക് പഠിക്കാന്‍ പോകുന്നവരോട് പറയാനുള്ളത്: മുന്നില്‍ വലിയ ട്രാപ്പ്: ബൈജു തിട്ടാല
കേരളത്തില്‍ നിന്നും വിദേശ പഠനത്തിനായി വിദ്യാർത്ഥികളെ കൊണ്ടുപോവുന്ന റിക്രൂട്ട്മെന്റിങ് ഏജന്‍സികളെ നിയന്ത്രിക്കണമെന്ന് കേംബ്രിഡ്ജിലെ ആദ്യ മലയാളി ഡെപ്യൂട്ടി മേയറായ ബൈജു തിട്ടാല. കോട്ടയത്തൂടെ യാത്ര ചെയ്യുമ്പോള്‍ പണ്ടൊക്കെ കാണുന്ന പരസ്യ ബോർഡുകള്‍ എന്ന് പറയുന്നത് രാഷ്ട്രീയ പാർട്ടികളുടേയും തുണിക്കടകളുടേയും ജ്വല്ലറിയുടേതുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉള്ളത് മുഴുവന്‍ 'വരൂ അമേരിക്കയ്ക്ക് പോകാം, വരൂ കാനഡയ്ക്ക് പോകാം' എന്ന് എഴുതിവെച്ച റിക്രൂട്ടിങ് ഏജന്‍സികളുടേതാണെന്നും അദ്ദേഹം പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്പർ മിഡില്‍ ക്ലാസിന് മുകളിലുള്ളവരാണ് പോകുന്നതെങ്കില്‍ അവർ സർവൈവ് ചെയ്യും. പണ്ട് ഇത്തരക്കാരായിരുന്നു പോയിരുന്നത്. അവർക്ക് വീട്ടില്‍ പൈസയുള്ളതുകൊണ്ട് കാര്യം നടക്കും. എന്നാല്‍ ഇപ്പോള്‍ പോവുന്നത് ഇടത്തകരക്കാരും അവരില്‍ താഴെ ഉള്ളവരുമാണ്.

അഞ്ചും പത്തും സെന്റ് ഭൂമി, അല്ലെങ്കില്‍ ഉള്ളത് മുഴുവന്‍ പണയം വെച്ചാണ് പോക്ക്. ഇവരുടെ സർവൈവല്‍ വലിയ പ്രശ്നമാണ്. വായ്പയെടുത്ത് വല്ല ബിസിനസ് ചെയ്യൂ.. എന്ന് മാത്രമാണ് ഇത്തരക്കാരോട് പറയാനുള്ളത്. അല്ലാതെ വായ്പ എടുത്ത് ബ്രിട്ടണിലേക്ക് പഠിക്കാനായി വരാന്‍ പാടില്ല. വായ്പയൊന്നും എടുക്കാതെ അവിടെ പോയി പഠിച്ച ഒരു പൂർവ്വ വിദ്യാർത്ഥിയുടെ അപേക്ഷയാണെന്ന് കരുതിയാല്‍ മതിയെന്നും ബൈജു തിട്ടാല പറയുന്നു.
അവിടെ പോയി പിആർ കിട്ടി, അതിന് ശേഷം സ്റ്റേറ്റ് ഫണ്ടിലാണ് ഞാന്‍ പഠിക്കുന്നത്. വീടും പറമ്പുമൊക്കെ പണയം വെച്ചാണ് വരുന്നതെങ്കില്‍ നിങ്ങള്‍ വലിയൊരു ട്രാപ്പിലേക്കാണ് പോവുന്നത്. അവിടെ നിന്നും എംബിഎ കഴിഞ്ഞ് വന്ന് ഇവിടെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവരുണ്ട്. മെഡിക്കല്‍ പോലുള്ള പ്രൊഫഷണലുകള്‍ക്കാണ് അവിടെ സാധ്യതയുള്ളത്. ഈ മേഖലയില്‍ ആവശ്യമായ തൊഴിലാളികളെ ലഭിക്കാനില്ല.
എംബിഎ, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, ഹോസ്പ്പിറ്റാലിറ്റി അഡ്മിനിഷ്ട്രേഷന്‍ തുടങ്ങിയ കോഴ്സുകള്‍ക്കൊന്നും വിലയ സ്കോപ്പില്ല. റിഷി സുനക്ക് പ്രധാനമന്ത്രിയായപ്പോള്‍ ഇന്ത്യക്കാർക്കൊക്കെ വലിയ നല്ല കാര്യങ്ങള്‍ വരാന്‍ പോവുകയാണ് എന്ന തരത്തിലുള്ള പ്രചരണമുണ്ടായിരുന്നു. അവിടേയുള്ള ബിജെപിക്കാരൊക്കെ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. എന്നാല്‍ അദ്ദേഹം ബ്രിട്ടന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹം ഇന്ത്യന്‍ വംശജനാണ് എന്നതില്‍ മാത്രം നമുക്ക് അഭിമാനിക്കാം. അല്ലാതെ വേറെ കാര്യമായി ഒന്നുമില്ലെന്നും ബൈജു തിട്ടാല ചൂണ്ടിക്കാണിക്കുന്നു.
ഇപ്പോള്‍ ബ്രിട്ടണ്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നത്തിന് കാരണം ബ്രെക്സിറ്റാണ്. ബ്രെക്സിറ്റിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച വ്യക്തിയാണ് ഞാന്‍. അതിന് ശേഷം നല്ല രീതിയില്‍ ഒരു കരാർ നോർത്തേണ്‍ അയർലണ്ടുമായി വ്യാപര രംഗത്ത് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. റിഷി സുനക്ക് എന്തൊക്കെയോ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും എവിടേയും എത്തിയിട്ടുമില്ല.
റിക്രൂട്ടിങ് ഏജന്‍സികളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. മോഹന വാഗ്ധാനങ്ങള്‍ നല്‍കി വിദ്യാർത്ഥികളെ കൊണ്ടുപോയിട്ട്, നാളെ എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ഈ ഏജന്‍സിക്കാരെ പ്രോസിക്യൂട്ട് ചെയ്യുന്ന ഒരു നയം വേണം. സിനിമാ താരങ്ങളൊക്കെ കാര്യം അറിയാതെ ഇവരുടെ പരസ്യത്തില്‍ അഭിനയിക്കുകയാണ്. ഇത്തരം ഏജന്‍സികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ സത്യസന്ധമാണോയെന്ന് സർക്കാർ പരിശോധിക്കേണ്ടതുണ്ട്.
നേരത്തെയൊക്കെ സ്റ്റേ ബാക്ക് ഉണ്ടായിരുന്നു. പിന്നീട് നിർത്തി, അതിന് ശേഷം ബ്രെക്സിറ്റിന് ശേഷമാണ് വീണ്ടും സ്റ്റേ ബാക്ക് കൊണ്ടു വരുന്നത്. എന്നാല്‍ ഇപ്പോള്‍ താമസ സൌകര്യങ്ങള്‍ കിട്ടാത്ത അവസ്ഥയാണ്. ആ സാഹചര്യത്തിലാണ് സ്റ്റേ ബാക്ക് സൌകര്യം എടുത്ത് കളയാനുള്ള ആലോചന വീണ്ടും ഉണ്ടാവുന്നത്. അങ്ങനെ വന്നാല്‍ അത് വലിയ ബുദ്ധിമുട്ടായിരിക്കുമെന്നും ബൈജു തിട്ടാല പറയുന്നു.












Click it and Unblock the Notifications