സർക്കാർ ഉറപ്പില്‍ യുകെയില്‍ ജോലി നേടാം: ആറ് ദിവസം അഭിമുഖം കൊച്ചിയില്‍
സംസ്ഥാന സർക്കാറിന്റെ ഉറപ്പില്‍ യു കെയില്‍ ജോലി നേടാന്‍ അവസരം. യോവിൽ ഇന്റർനാഷണൽ റിക്രൂട്ട്‌മെന്റുമായി സഹകരിച്ച് കേരള സർക്കാർ ഏജൻസിയായ നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റ് മേളയിലൂടെയാണ് സ്വപ്ന ജോലി സ്വന്തമാക്കാന്‍ സാധിക്കുക. യുകെയിലുടനീളമുള്ള വിവിധ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ട്രസ്റ്റുകളിലേക്ക് നഴ്‌സുമാർക്കായി ഒക്ടോബർ മാസത്തിലാണ് കൊച്ചിയില്‍ അഭിമുഖം സംഘടിപ്പിക്കുന്നത്. അതിന് മുന്നോടിയായി മംഗലാപുരത്തും റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്.
മംഗലാപുരത്തെ റിക്രൂട്ട്മെന്റ് ഡ്രൈവ് ഒക്‌ടോബർ 17, 18 തീയതികളിൽ താജ് വിവാന്ത ഹോട്ടലിലും കൊച്ചിയിലെ ഡ്രൈവ് 10, 11, 13, 14, 20, 21 തീയതികളിൽ ഹോട്ടൽ ലെ മെറിഡിയനിലും നടക്കും. യുകെയിലെ ആരോഗ്യ പ്രവർത്തകരുടെ ഉയർന്ന ആവശ്യം കണക്കിലെടുത്ത് നടത്തുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ വലിയ തോതില്‍ നിയമനം നടക്കുമെന്നാണ് പ്രതീക്ഷ.

നഴ്‌സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് മെഡിക്കൽ, സർജിക്കൽ, എമർജൻസി, തിയറ്റർ, മാനസികാരോഗ്യ നഴ്‌സിംഗ് എന്നീ വിഭാഗങ്ങളിലെ ഒഴിവുകൾ നികത്താൻ ലക്ഷ്യമിടുന്ന ഡ്രൈവിൽ പങ്കെടുക്കാം. ഇന്റർവ്യൂ സമയത്ത് ഐഇഎല്‍ടിഎസ് അല്ലെങ്കിൽ ഒഇടി സ്കോറുകൾ അടക്കം ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമില്ല.
ജനറൽ മെഡിക്കൽ, സർജിക്കൽ/എമർജൻസി നഴ്‌സുമാർക്ക് കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം ആവശ്യമാണ്. തിയേറ്റർ നഴ്‌സുമാർക്ക് 2 വർഷത്തെ പരിചയമുണ്ടായിരിക്കണം. മാനസികാരോഗ്യ നഴ്‌സുമാർക്ക് കഴിഞ്ഞ 6 മാസത്തിനുള്ളിൽ മാനസികാരോഗ്യ വാർഡിൽ കുറഞ്ഞത് 6 മാസത്തെ പരിചയവും ഉണ്ടായിരിക്കണം. നഴ്‌സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നഴ്‌സുമാർക്ക് ബാൻഡ് 5 ശമ്പളവും അധിക ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം.
വിജയികളായ ഉദ്യോഗാർത്ഥികൾക്ക് ഒഇടി പരിശീലനത്തിനും പരീക്ഷകൾക്കും എന്‍ എച്ച് എസ് ട്രസ്റ്റിൽ നിന്ന് നേരിട്ടുള്ള സഹായം ലഭിക്കും. ഈ ആനുകൂല്യം ലഭിക്കുന്നതിന് മാനസികാരോഗ്യ രംഗത്തെ നഴ്‌സുമാർക്ക് അവരുടെ നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷന് ശേഷം കുറഞ്ഞത് 6 മാസത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് സ്ഥിരമായ തൊഴിലവസരങ്ങൾ ലഭ്യമാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ, OET/IELTS സ്‌കോർകാർഡുകൾ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ട് കോപ്പി, മറ്റ് പ്രസക്തമായ രേഖകൾ എന്നിവ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം അല്ലെങ്കിൽ www.nifl.norkaroots.org-ൽ നൽകിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാം.
കാലതാമസവും ഇടനിലക്കാരെയും ഒഴിവാക്കി ആരോഗ്യമേഖലയിലെ പ്രൊഫെഷനലുകൾക്ക് സുതാര്യമായ തൊഴില്‍ കുടിയേറ്റത്തിനുള്ള അവസരമാണ് ഈ റിക്രൂട്ട്മെന്റിലൂടെ നോർക്ക ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications