യുകെയുടെ പുതിയ നിയമം കണ്ട് ആശങ്കപ്പെടേണ്ടതില്ല: വിദ്യാർത്ഥികള്‍ക്ക് നേട്ടമായി മാറും, എങ്ങനെ?
മലയാളികള്‍ ഉള്‍പ്പെടേയുള്ള വിദ്യാർഥികളുടെ യുകെ കുടിയേറ്റ മോഹങ്ങൾക്ക് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു ആശ്രിത വീസയില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍. റിസർച്ച് സ്വഭാവമുള്ള പിജി കോഴ്സുകൾ പഠിക്കാനെത്തുന്നവർക്ക് മാത്രമാകും ഇനി മുതല്‍ ആശ്രിത വിസയില്‍ ജീവിത പങ്കാളി, മക്കൾ, എന്നിവരെ രാജ്യത്തേക്ക് കൊണ്ടുവാരാന്‍ സാധിക്കൂ എന്നാണ് ബ്രിട്ടിഷ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാന്‍ മെയ് മാസം പ്രഖ്യാപിച്ചത്.
പ്രഖ്യാപനത്തെ ഏറെ ആശങ്കയോടെയാണ് ഒരു വിഭാഗം കാണുന്നതെങ്കിലും പഠനം എന്ന ലക്ഷ്യം മാത്രമായി വരുന്നവർക്ക് ഇത് ആശ്വാസമായി മാറുമെന്നതിലും സംശയമില്ല. വർധിച്ച് വരുന്ന വാടക ചിലവുകള്‍ അടക്കം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. ഇത് ഫലം കണ്ട് തുടങ്ങിയാല്‍ വിദ്യാർത്ഥി വിസയില്‍ എത്തുന്നവർക്കും അതിന്റെ ഗുണം ലഭിക്കുന്നുവെന്നാണ് ഈ മേഖലയില്‍ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ ഉദ്ധേശിക്കുന്നവർക്ക് തീരുമാനം വന്‍ തിരിച്ചടിയായി. ആശ്രിതരായി വരുന്ന പങ്കാളിയുടെ ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിച്ച് പോരുന്ന നിരവധിപേർ യുകെയിലുണ്ട്. പഠന സമയത്തെ ഭാരിച്ച ചിലവുകള്‍ വഹിക്കുന്നതില്‍ നിന്ന് ഇത് അവർക്ക് ചെറുതല്ലാത്ത ആശ്വാസം നല്‍കുന്നു എന്നതില്‍ സംശയമില്ല. പുതിയ നയത്തോടെ ഈ ആനുകൂല്യമാണ് ഇല്ലാതായി മാറുന്നത്.
യുകെയില്‍ ആശ്രിത വീസ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. 2023 ല്‍ മാത്രം 42381 ഇന്ത്യക്കാർക്കാണ് യുകെ ആശ്രിത വീസ അനുവദിച്ചിരിക്കുന്നത്. 66796 വീസകളുമായി നൈജീരിയാണ് ഒന്നാം സ്ഥാനത്ത്. 10370 വീസകളുമായി പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
നിയന്ത്രണങ്ങൾ സ്റ്റുഡന്റ് വിസയിലുള്ളവർക്ക് മാത്രമേ ബാധകമാകൂ എന്നതാണ് പ്രധാനം. നിയന്ത്രണങ്ങൾ ബിരുദാനന്തര ബിരുദ അപേക്ഷാ പ്രക്രിയയെ കാര്യക്ഷമമാക്കുമെന്നും വിദഗ്ധർ കരുതുന്നു. യുകെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും പൂർത്തിയാകാൻ ഏകദേശം ഒരു വർഷം മാത്രമേ എടുക്കൂ, ഇത് ലോകത്തിലെ മറ്റ് പല പ്രധാന രാജ്യങ്ങളെ അപേക്ഷിച്ച് ചെറിയ കാലയളവാണ്.
ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ ബിരുദം നേടുകയും അവരുടെ ഗ്രാജ്വേറ്റ് റൂട്ട് വിസ ലഭിക്കുകയും ചെയ്തുകഴിഞ്ഞാൽ, അവരുടെ കുടുംബാംഗങ്ങൾക്കും ആശ്രിത വിസകൾക്ക് അർഹത നേടാന്‍ സാധിക്കും. മാത്രമല്ല, പുതിയ നിയന്ത്രണം ഇന്ത്യക്കാർ മറ്റ് വിദേശ പഠന ലക്ഷ്യസ്ഥാനങ്ങളിലേക്ക് തിരിയുന്നതിന് ഇടയാക്കും. ഇത് യുകെയില്‍ ബിരുദ പഠനത്തിനായി ശ്രമിക്കുന്ന വിദ്യാർത്ഥികള്‍ക്ക് (ആശ്രിത വിസയ്ക്ക് ശ്രമിക്കാത്ത) കൂടുതല്‍ അവസരം ഒരുക്കുമെന്നും വിദഗ്ധർ പറയുന്നു.
ആശ്രിതർക്കുള്ള നിയന്ത്രണങ്ങൾക്കൊപ്പം, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്സുകൾ പൂർത്തിയാക്കുന്നതിന് മുമ്പ് തൊഴിൽ വിസയിലേക്ക് മാറാനുള്ള അവസരം നീക്കം ചെയ്യാനുള്ള പദ്ധതികളും യുകെ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിയും സ്ഥിരതാമസവും ലക്ഷ്യം വെച്ച് എത്തുന്നവർക്ക് ഈ നയവും വലിയ തിരിച്ചടിയാണ്.
അതേസമയം ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ അനുകൂലമായ നയങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഓസ്‌ട്രേലിയൻ ടെമ്പററി ഗ്രാജ്വേറ്റ് വിസ പോലുള്ളവ ഇതില്‍ പ്രധാനമാണ്. എല്ലാ പഠന തലങ്ങളിലും അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള ബിരുദാനന്തര ജോലി കാലയളവ് ഇതിലൂടെ വർദ്ധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications