യുകെയിലും പ്രതിസന്ധി തന്നെ: തിരിച്ചടിയായി സർക്കാറിന്റെ പുതിയ 5-പോയിന്റ് പ്ലാന്‍
യുകെയിലെ കുടിയേറ്റ ജനസംഖ്യയില്‍ ഇടിവെന്ന് റിപ്പോർട്ട്. 2023 ലെ ഏറ്റവും പുതിയ കണക്കുകൾ 2022 ലെ റെക്കോർഡ് ഉയർന്ന നിരക്കായ 745000 ൽ നിന്ന് 10 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് യുകെയുടെ ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കുടിയേറ്റ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത്. ആകെ നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും കുടിയേറ്റത്തിനെതിരായ യുകെയിലെ വികാരം ശക്തമായി തുടരുകയാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
കുടിയേറ്റം നിയന്ത്രിക്കാനായി സർക്കാർ തന്നെ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. ഇതാണ് ഇന്ത്യക്കാർക്ക് അടക്കം തിരിച്ചടിയായി മാറിയിരിക്കുന്നത്. ഉയർന്ന തോതിലുള്ള ഇമിഗ്രേഷൻ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ 5-പോയിന്റ് പ്ലാനിൽ, രണ്ടെണ്ണം അന്തർദ്ദേശീയ വിദ്യാർത്ഥികളെയും യുവ തൊഴിലന്വേഷകരെയും നേരിട്ട് ബാധിക്കുന്നവയാണ്. അതായത് സ്പോൺസർ ചെയ്ത ജോലിയുടെ വർദ്ധിച്ച വരുമാന പരിധിയും ബിരുദ പാതയുടെ പുനർവിചിന്തനവും (reconsideration of the graduate route) ആണ് ഈ രണ്ട് നയങ്ങള്‍.

ഇന്റേൺഷിപ്പിലൂടെ വിലപ്പെട്ട അനുഭവങ്ങൾ നേടിയിട്ടും, യുകെയിൽ സ്ഥിരമായ തൊഴിൽ അവകാശങ്ങളുടെ അഭാവം എനിക്ക് നിരവധി തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തിയെന്നാണ് യുകെ വിദ്യാർത്ഥിയായ തന്യ നാഗ്പാല്‍ ദ ക്വിന്റില്‍ എഴുതിയ റിപ്പോർട്ടില്‍ പറയുന്നത്.
യുകെയിൽ ഗ്രാജ്വേറ്റ് വിസയിൽ ഒന്നാം വർഷം പൂർത്തിയാക്കാൻ ഇനി രണ്ടുമാസം മാത്രമാണ് തന്യ നാഗ്പാലിനുള്ളത്. യുകെ സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തേക്ക് രാജ്യത്ത് ജോലി ചെയ്യാൻ ഈ വിസ അനുവദിക്കുന്നു. വരുമാന നിലവാരത്തിൽ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഈ വർക്ക് പെർമിറ്റ് ലഭിക്കുന്നത്.
കഴിഞ്ഞ ഒരു വർഷമായി, പാർട്ട് ടൈം ജോലികൾ, ഫീൽഡിലെ ഇന്റേൺഷിപ്പുകൾ, നെറ്റ്‌വർക്കിംഗ് ഇവന്റുകൾ എന്നിവയെല്ലാം ചെയ്തിരുന്നു. എന്നിട്ടും മികച്ചൊരു ജോലി കണ്ടെത്താന്‍ സാധിച്ചില്ല. പല കമ്പനികളും വൈദഗ്‌ധ്യമുള്ള തൊഴിലാളികളെ സ്‌പോൺസർ ചെയ്യുന്നതിനാൽ യുകെയിൽ ജോലി ചെയ്യാനുള്ള അവകാശം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഞാൻ ഉറച്ചുനിന്നു. എന്നാല്‍ സർക്കാറിന്റെ സമീപകാല പ്രഖ്യാപനങ്ങൾ യുകെയിൽ കരിയർ രൂപപ്പെടുത്തുന്നതില്‍ എനിക്ക് വലിയ അനിശ്ചിതത്വവും ഉത്കണ്ഠയുമാണുള്ളതെന്നും തന്യ പറയുന്നു.
ജീവിത ചിലവുകളുടെ കാര്യത്തിലും വലിയ വർധനവാണ് യുകെയില്‍ ഇപ്പോഴുണ്ടായിരിക്കുന്നത്. 50 ശതമാനത്തിലേറെയാണ് പല മേഖലയിലേയും വർധനവ്. ഇത് എന്നെപ്പോലുള്ള വ്യക്തികള്‍ക്ക് യുകെയിലെ അതിജീവനം പ്രയാസകരമാക്കുന്നു. ഉയർന്ന വരുമാന പരിധി കമ്പനികള്‍ക്കും തിരിച്ചടിയാകുന്നുവെന്ന് യുകെ ആസ്ഥാനമായുള്ള ഒരു ഇമിഗ്രേഷൻ കൺസൾട്ടന്റായ ആദവും വ്യക്തമാക്കുന്നു.
'നൈപുണ്യമുള്ള തൊഴിലാളികളുടെ വിസയ്ക്ക് 250 യോഗ്യതയുള്ള തൊഴിൽ കോഡുകൾ ഉണ്ട്. എന്നാൽ ലിസ്റ്റിലെ വളരെ കുറച്ച് പേർ മാത്രമാണ് പുതിയ വരുമാന പരധിക്ക് മുകളിലുള്ളത്. ഈ ആവശ്യകത പല കമ്പനികൾക്കും താങ്ങാവുന്നത് അല്ല. ഏറ്റവും മികച്ച സാഹചര്യത്തിൽ, ലണ്ടൻ പുതിയ ആവശ്യകതകൾ നിറവേറ്റുന്ന ശമ്പളം വാഗ്ദാനം ചെയ്തേക്കാമെന്നും. എന്നാല്‍ മാഞ്ചസ്റ്റർ അല്ലെങ്കിൽ ലിവർപൂൾ പോലുള്ള ചെറിയ നഗരങ്ങൾ അങ്ങനെ ചെയ്യാനുള്ള സാധ്യത കുറവാണ്'- ആദം പറയുന്നു.












Click it and Unblock the Notifications