യുകെ കുടിയേറ്റം സർക്കാർ വഴി: എന്താണ് ഇന്ത്യന്‍ യംഗ് പ്രൊഫഷണൽസ് സ്കീം വിസ
ഡല്‍ഹി: വിദേശ വിദ്യാർത്ഥികളുടെ പ്രവേശനത്തിനുള്ള നിമങ്ങള്‍ ശക്തമാക്കിയതോടെ യുകെയിലുള്ള കുടിയേറ്റം കൂടുതല്‍ ദുഷ്കരമായിട്ടുണ്ട്. അതോടൊപ്പം തന്നെ പഴയത് പോലെ തൊഴില്‍ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന് ഇതിനോടകം തന്നെ കുടിയേറിയവരും സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും പ്രതീക്ഷകളുമായി കടല്‍ കടക്കുന്നവരും നിരവധിയാണ്. യുകെയിലേക്ക് മാത്രമല്ല, മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കാനഡയിലേക്കുമെല്ലാം ഇപ്പോഴും ശക്തമായി തന്നെ കുടിയേറ്റം നടക്കുന്നു.
സ്റ്റുഡന്‍റ്റ് വിസയിലെത്തി പഠനം പൂർത്തിയാക്കി ഏതെങ്കിലും തരത്തിലുള്ള ജോലി കണ്ടെത്തി വിദേശത്ത് കഴിയുന്നവരാണ് അധികം പേരും. മറ്റ് ചിലർ ആവട്ടെ വിസിറ്റ് വിസയിലും രാജ്യത്ത് എത്തുന്നു. ജോബ് വിസയില്‍ നേരിട്ട് എത്തുന്നത് വളരെ ചുരുക്കം പേർ മാത്രമാണ്. എന്നാല്‍ ഇതൊന്നും അല്ലാതെ യുകെയിലേക്ക് കുടിയേറാന്‍ സാധിക്കുന്ന ഒരു മാർഗ്ഗമുണ്ട്. അതാണ് ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം വിസ.

18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് യുകെയിൽ 2 വർഷം വരെ ജീവിക്കാനും ജോലി ചെയ്യാനുമാണ് ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം വിസയിലൂടെ സാധിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ അടുത്തിടെ പങ്കുവെച്ച കരാറിലൂടെയാണ് പുതിയ വിസ സ്കീം നിലവില്‍ വന്നത്. ഈ വിസ നേടുന്നവർക്ക് രണ്ട് വർഷം യുകെയില്‍ ജീവിക്കാനും ഈ സമയങ്ങളില്‍ തൊഴില്‍ അന്വേഷിച്ച് കണ്ടെത്താനും സാധിക്കും.
ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം വിസയ്ക്ക് വേണ്ട യോഗ്യതകള്‍
1-ഒരു ഇന്ത്യൻ പൗരനായിരിക്കണം
2-പ്രായം 18-30 വയസ്സിനിടയിൽ ആയിരിക്കണം
3-ബാച്ചിലേഴ്സ് ഡിഗ്രി തലത്തിലോ അതിനു മുകളിലോ ഒരു യോഗ്യത ഉണ്ടായിരിക്കണം
4- ബാങ്കില്‍ 2,530 പൌണ്ട് ഉണ്ടായിരിക്കണം ( 2,66,320 ഇന്ത്യന്‍ രൂപ
5-18 വയസ്സിന് താഴെയുള്ള കുട്ടികളോ നിങ്ങളോടൊപ്പം താമസിക്കുന്നവരോ നിങ്ങൾക്ക് സാമ്പത്തിക ബാധ്യതയുള്ളവരോ ഉണ്ടാകരുത്.
ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം
ഇന്ത്യ യംഗ് പ്രൊഫഷണൽ സ്കീം വിസയ്ക്ക് യോഗ്യത നേടുന്നതിന്, വ്യക്തികൾ ആദ്യം ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം ബാലറ്റിന് അപേക്ഷിക്കണം. ഇത് വിവിധ കാലയളവിലായി ബ്രിട്ടീഷ് ഹൈക്കമ്മീഷനാണ് പ്രഖ്യാപിക്കുന്നത്. ചൊവ്വാഴ്ച, യുകെ സർക്കാർ യംഗ് പ്രൊഫഷണൽ സ്കീമിന്റെ രണ്ടാമത്തെ ബാലറ്റ് തുറക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ കാലാവധി ഇന്നലെ അവസാനിക്കുകയും ചെയ്തു. എന്നാല്‍ മൂന്നാമത്തെ ബാലറ്റ് ഉടന്‍ തന്നെയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാലറ്റിൽ പ്രവേശിക്കുന്നതിന്, ഇന്ത്യൻ പൗരന്മാർ അവരുടെ പേര്, ജനനത്തീയതി, പാസ്‌പോർട്ട് വിശദാംശങ്ങൾ, പാസ്‌പോർട്ടിന്റെ സ്കാൻ അല്ലെങ്കിൽ ഫോട്ടോ, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകേണ്ടതുണ്ട്. യോഗത്യ നേടുന്നവരെ ബ്രീട്ടീഷ് ഹൈക്കമ്മീഷന്‍ പിന്നീട് അറിയിക്കും. ബാലറ്റ് സമർപ്പിച്ച് രണ്ടാഴ്ചയ്ക്കകം ഫലം അറിയിക്കും. 2023-ൽ ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം വിസയ്ക്ക് കീഴിലായി 3000 ഒഴിവുകള്‍ ലഭ്യമാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ ആ ഉദ്യോഗാർത്ഥിയെ വിസയ്ക്ക് അപേക്ഷിക്കാൻ ക്ഷണിക്കും. വ്യക്തി ബാലറ്റിൽ വിജയിക്കുകയാണെങ്കിൽ, അപേക്ഷിക്കാനുള്ള ഇന്‍വിറ്റഷേന്‍ ലെറ്ററില്‍ നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ ഉദ്യോഗാർത്ഥികള്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. ഒരു വ്യക്തിക്ക് ക്ഷണം ലഭിച്ച് സാധാരണയായി 30 ദിവസത്തിന് ശേഷമാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. വിസയ്ക്ക് അപേക്ഷിച്ച് 6 മാസത്തിനുള്ളിൽ ആ വ്യക്തി യുകെയിലേക്ക് പോയിരിക്കുകയും വേണം.
തിരഞ്ഞെടുത്ത വ്യക്തികൾക്ക് യുകെയിൽ രണ്ട് വർഷം താമാസിക്കാനും ജോലി അന്വേഷിക്കാനും ജോലി ചെയ്യാനും നിയമപരമായ അനുമതിയുണ്ടായിരിക്കും. യുകെയിലേക്ക് എത്തുന്ന വ്യക്തികള്‍ക്ക് വ്യക്തികൾക്ക് രാജ്യത്ത് സ്ഥിരതാമസത്തിനുള്ള സാധ്യതകൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യാനുസരണം ജോലികൾ തേടുന്നത് പരിഗണിക്കാം. സ്ഥിരമായ സെറ്റിൽമെന്റ് അന്വേഷിക്കുന്നവർ അഞ്ച് വർഷം യുകെയിൽ താമസിച്ച് ജോലി ചെയ്താൽ മതിയാകും.


Click it and Unblock the Notifications