യുകെയില്‍ സ്വപ്ന ജോലി നേടാം: വർഷം ആയിരത്തില്‍ അധികം പേർക്ക് നിയമനം, പുതിയ നീക്കവുമായി സർക്കാർ
യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് (NHS) പ്രതിനിധിസംഘം നോര്‍ക്ക അധികൃതരുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം 1000 പ്ലസ് റിക്രൂട്ട്മെന്റുകള്‍ (പ്രോജക്റ്റ് 1000പ്ലസ്) സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൂടിക്കാഴ്ചയില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവര്‍ വ്യക്തമാക്കി.
ഡോക്ടര്‍മാര്‍,നഴ്സുമാര്‍ എന്നിവരെ കൂടാതെ ആരോഗ്യമേഖലയില്‍ നിന്നുളള മറ്റ് പ്രൊഷണലുകള്‍ക്കൂടി അവസരം ലഭ്യമാക്കുന്നതാണിത്. കഴിഞ്ഞ മൂന്നു യു.കെ കരിയര്‍ ഫെറുകള്‍ സംബന്ധിച്ചും യോഗത്തില്‍ വിശദമായി വിലയിരുത്തി. യു.കെ യിലേയ്ക്കുളള റിക്രൂട്ട്മെന്റ് നടപടികള്‍ നിശ്ചിതസമയപരിധിക്കുളളില്‍ സാധ്യമാക്കുന്നതിനായുളള നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തു. പ്രത്യേക റിക്രൂട്ട്മെന്റ് പോര്‍ട്ടലിന്റെയും ഡിജിറ്റല്‍ സാധ്യതകളും ചര്‍ച്ചയായി.

കെയര്‍ഹോമുകളിലേയ്ക്കുളള സീനിയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാരുടെ സാധ്യതകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനുളള നടപടി സ്വീകരിക്കും. കേരളത്തില്‍ നിന്നുളള നഴ്സുമാരുടെ തൊഴില്‍നൈപുണ്യം മികച്ചതാണെന്ന് യു.കെ സംഘം ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്കുകൂടി ഉപകാരപ്രദമാകും വിധം റിക്രൂട്ട്മെന്റ് രീതിയില്‍ മാറ്റത്തിനും നിര്‍ദ്ദേശമുണ്ടായി. ക്രൂട്ട്മെന്റുകള്‍ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിനുതകും വിധം നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗം പുനക്രമീകരിക്കുമെന്നും യോഗത്തില്‍ വ്യക്തമാക്കി.
യു.കെ എന്‍.എച്ച്.എസ് നോര്‍ത്തേണ്‍ ലിങ്കണ്‍ഷെയര്‍ ആന്‍റ് ഗൂള്‍ പ്രതിനിധികളായ റിക്രൂട്ട്മെന്റ് ആന്റ് വര്‍ക്ക്ഫോഴ്സ് വിഭാഗം മേധാവി ഡേവിഡ് സ്പാര്‍ക്വ (David Sprawka) ഡെപ്യൂട്ടി ഡയറക്ടര്‍ പോള്‍ ബുന്യാന്‍(Paul Bunyan), പ്രൈമര്‍ കെയര്‍ വര്‍ക്ക്ഫോഴ്സ് ഡവലപ്മെന്റ് വിഭാഗത്തില്‍ നിന്നും കെവിന്‍ ആന്‍ഡേഴ്സണ്‍ (Kevin Anderson), ലോറ സ്റ്റാന്റ്ലാന്റ് (Laura Standland) എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ മനോജ്. ടി, ഹോം ഒതന്റിക്കേഷന്‍ ഓഫീസര്‍ സുഷമാഭായി. എസ്, റിക്രൂട്ട്മെന്റ് വിഭാഗത്തില്‍ നിന്നും ഫിറോസ്ഷാ ആര്‍.എം, ജി.ആര്‍ രതീഷ് എന്നിവരും മറ്റ് ജീവനക്കാരും സംബന്ധിച്ചു.
ഐഇഎല്‍ടിഎസ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജില്‍ (N.I.F.L) ആരംഭിക്കുന്ന പുതിയ ഐഇഎല്‍ടിഎസ് (International English Language Testing System) (ONLINE/OFFLINE) ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ പ്രൊഫഷണലുകൾക്കും അപേക്ഷിക്കാവുന്നതാണ്. കോഴ്സ് വിജയകരമായി പൂർത്തിയാകുന്ന നഴ്സിംഗ് പ്രൊഫഷണലുകൾക്ക് നോര്‍ക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.
ഐഇഎല്‍ടിഎസ് ഓഫ്‌ലൈൻ ബാച്ചുകളുടെ കോഴ്സ് ദൈർഘ്യം 2 മാസവും ഓൺലൈൻ ബാച്ചുകളുടെ കോഴ്സ് ദൈർഘ്യം 1 മാസവുമായിരിക്കും. തിങ്കൾ മുതൽ വെള്ളി വരെയാണ് ക്ലാസുകൾ. ഓൺലൈൻ ബാച്ച് രാവിലെ 7 മുതൽ 9 വരെ അല്ലെങ്കിൽ വൈകിട്ട് 7 മുതൽ 9 വരെയും ആണ്. ഓഫ് ലൈൻ ബാച്ച് രാവിലെ 9 മുതൽ 11 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. മുൻകാല IELTS പരീക്ഷയിൽ ഓവറോൾ 6. 5 ലഭിച്ചവർക്ക് മാത്രമായിരിക്കും ഓൺലൈൻ അഡ്മിഷന്‍.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക -റൂട്ട്സിന്റെയോ, എന്‍.ഐ.എഫ്.എല്ലിന്റെയോ വെബ്ബ്സൈറ്റുകളായ www.norkaroots.org, www.nifl.norkaroots.org സന്ദർശിച്ച് അപേക്ഷ നല്‍കാവുന്നതാണ്. ഓഫ്‌ലൈൻ പഠിക്കുന്ന ബി.പി.എൽ, എസ്. സി, എസ്. ടി വിഭാഗങ്ങളിൽ ഉൾപ്പെട്ട നഴ്സിംഗ് പ്രൊഫെഷനലുകൾക്ക് പഠനം പൂർണമായും സൗജന്യമായിരിക്കും. ഓഫ്‌ലൈൻ പഠിക്കുന്ന എ.പി.എൽ വിഭാഗങ്ങൾക്കും നഴ്സിംഗ് ഇതര പ്രൊഫെഷനലുകളിൽ ഉൾപ്പെട്ടവർക്കും 25% ഫീസ് സബ്സിഡി തുകയായ 4425 രൂപ അടയ്‌ക്കേണ്ടതാണ്.
ഐഇഎല്‍ടിഎസ് ഓൺലൈൻ പഠിക്കാൻ താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികളും 25% ഫീസ് സബ്സിഡി തുകയായ 4425 രൂപ അടയ്‌ക്കേണ്ടതാണ്. തിരുവനന്തപുരം തൈയ്ക്കാട് മേട്ടുകടയില്‍ പ്രവർത്തിക്കുന്ന എന്‍.ഐ.എഫ്.എല്‍ സെന്ററിലാണ് ഓഫ്ലൈന്‍ ക്ലാസ്സ്. കൂടുതൽ വിവരങ്ങൾക്ക് +91-7907323505 എന്ന മൊബൈല്‍ നമ്പറിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications