യുകെയിലേക്ക് ഇതാ വീണ്ടും തൊഴില്‍ അവസരം: അഭിമുഖം ഓണ്‍ലൈനായി, എല്ലാം സർക്കാർ വഴി
വിദേശതൊഴില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട് നോര്‍ക്ക എന്‍ എസ് ഡി സിയുമായി ധാരണാപത്രം ഒപ്പുവച്ചു. വിദേശരാജ്യങ്ങളിലേയ്ക്ക് വ്യവസ്ഥാപിതമായ തൊഴില്‍കുടിയേറ്റം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ സ്കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനും (NSDC) തമ്മിലുളള ധാരണാപത്രം ഇക്കഴിഞ്ഞ 16 നാണ് ഒപ്പിട്ടിരിക്കുന്നത്.
ധാരണ പത്രത്തിന്റെ ഭാഗമായുള്ള നോര്‍ക്ക എന്‍ എസ് ഡി സി-യു കെ റിക്രൂട്ട്മെന്റ് ആദ്യ എഡിഷനും തുടക്കമായി. യു കെ യിലെ (യുണൈറ്റഡ് കിംങ്ഡം) എന്‍ എച്ച് എസ്സ് (NHS) ട്രസ്റ്റിന്റെ ഭാഗമായ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് (പുരുഷനും സ്ത്രീയും) ഒഴിവുകളിലേയ്ക്കാണ് ആദ്യ എഡിഷന്‍ റിക്രൂട്ട്മെന്റ്.

നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ഇതിനായുളള അഭിമുഖം ഓണ്‍ലൈനായി നടക്കും. നഴ്സിങ്ങിൽ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദവുമാണ് വ്യത്യസ്ത സ്പെഷ്യാലിറ്റികളിലേയ്ക്ക് ആവശ്യമായ വിദ്യാഭ്യാസയോഗ്യതകള്‍. പ്രായപരിധി 40 വയസ്സ്. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന ഐ ഇ എല്‍ ടി എസ് / ഒ ഇ ടി യുകെ സ്കോറും അനിവാര്യമാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, ഐ ഇ എല്‍ ടി എസ് / ഒ ഇ ടിസ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ടിന്റെ പകർപ്പ് , എന്നിവ സഹിതം 2024 ജനുവരി 31 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.
ഒഴിവുകളുളള വിവിധ സ്പെഷ്യാലിറ്റി വാര്‍ഡുകളും ആവശ്യമായ പ്രവൃത്തിപരിചയവും (മാസത്തില്‍) താഴെപറയുന്നവയാണ്. മെഡിക്കൽ (9) കാര്‍ഡിയാക്ക് (18), സർജിക്കൽ വാർഡ് (9) , റെസ്പിറേറ്ററി (18), ഡേ സർജറി (18), കാത്ത് ലാബ്/തിയറ്ററുകൾ/ഐസിയു വിലേയ്ക്ക് ബിരുദാനന്തര ബിരുദത്തിനുശേഷമുളള 18 മാസത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും അനിവാര്യമാണ്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് എക്സ്റ്റന്‍ഷന്‍ സാധ്യതയുളള മൂന്നുവര്‍ഷത്തെ കരാര്‍ നിയമനമാണ് ലഭിക്കുക. 27000-32000 ബ്രിട്ടീഷ്പൗണ്ടാണ് അടിസ്ഥാന ശമ്പളം (വാര്‍ഷികം). ഇതോടൊപ്പം യു.കെ യിലെ നിയമമനുസരിച്ചുളള മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. പൂര്‍ണ്ണവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളില്‍ ലഭ്യമാണ്.












Click it and Unblock the Notifications