യുകെയിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലിയാണോ സ്വപ്നം? തിരഞ്ഞെടുക്കാം ഈ കോഴ്സുകൾ
വിദേശ പഠനത്തിനായി ഇന്ത്യക്കാർ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് യുകെ. നിരവധി പേരാണ് പ്രതിവർഷം ഇവിടേക്ക് എത്തുന്നത്. എന്നാൽ ലക്ഷങ്ങൾ മുടക്കി യുകെയിൽ പഠനം പൂർത്തിയാക്കിയാലും ഒരു ജോലിയും കിട്ടിയില്ലെന്ന് പരാതിപ്പെടുന്നവർ കുറവല്ല. എന്തുകൊണ്ടായിരിക്കും മികച്ച ജോലി ലഭിക്കാതിരിക്കുന്നത്? തീർച്ചയായും അത് നിങ്ങളുടെ തിരഞ്ഞെടുപ്പിന്റെ കൂടി പ്രശ്നമായിരിക്കാം. മികച്ച സാധ്യതയുള്ള ഉന്നത നിലവാരമുള്ള കോഴ്സുകൾ തിരഞ്ഞെടുത്താൽ മാത്രമേ ഉയർന്ന ജോലിയും ഉറപ്പാക്കാൻ സഹായിക്കൂ. അത്തരത്തിലുള്ള ചില കോഴ്സുകൾ എന്തൊക്കെയാണെന്ന് നോക്കാം. പ്രത്യേകിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്നവ.
എഞ്ചിനീയറിംഗ്- എഞ്ചിനീയറിംഗ് പഠനത്തിന് പേരുകേട്ട വിദേശ രാജ്യങ്ങളിൽ ഒന്നാണ് യുകെ. മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, അല്ലെങ്കിൽ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് എന്നിങ്ങനെ ഏത് മേഖലകളിലായാലും അത്യാധുനിക സൗകര്യങ്ങളും ഗവേഷണ അവസരങ്ങളും ഉള്ള മികച്ച പ്രോഗ്രാമുകൾ യുകെയിലെ സർവ്വകലാശാലകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ബിസിനസ് ആന്റ് മാനേജ്മെന്റ്-പ്രായോഗിക പരിശീലനങ്ങൾക്ക് ഊന്നൽ നൽകികൊണ്ടുള്ള ബിസിനസ് മാനേജ്മെന്റ് കോഴ്സുകൾ പഠിക്കാനുള്ള അവസരങ്ങൾ യുകെയിൽ ഉണ്ട്. ധനകാര്യം, മാർക്കറ്റിംഗ്, സംരംഭകത്വം, നേതൃത്വം തുടങ്ങിയ മേഖലകളിൽ സമഗ്രമായ പരിശീലനം നൽകുന്ന ബിരുദാനന്തര ബിരുദം മുതൽ എംബിഎ പ്രോഗ്രാമുകൾ വരെ വിദ്യാർത്ഥികൾക്ക് ഉപയോഗപ്പെടുത്താം.
കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി-കമ്പ്യൂട്ടർ സയൻസിലും ഐടിയിലും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ ആവശ്യകത ലോകത്ത് തന്നെ വർധിച്ചുവരികയാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ അത്യാധുനിക കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന നിരവധി സർവ്വകലാശാലകൾ യുകെയിലുണ്ട്.
മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ-ലോകത്തെ തന്നെ പ്രമുഖ മെഡിക്കൽ സ്കൂളുകളും ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷനുകളും ഉള്ള രാജ്യമാണ് യുകെ. പരിശീലനം, ക്ലിനിക്കൽ എക്സ്പോഷർ, ഗവേഷണ സഹകരണത്തിനുള്ള അവസരങ്ങൾ എന്നിവയ്ക്കായി ധൈര്യമായി തന്നെ യുകെയിലെ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാം.
ഫിനാൻസ് ആന്റ് അക്കൗണ്ടിംഗ്- ആഗോള സാമ്പത്തിക കേന്ദ്രമാണ് ലണ്ടൻ. അതുകൊണ്ട് തന്നെ ഫിനാൻസ്, അക്കൗണ്ടിംഗ് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന പ്രശസ്തമായ നിരവധി സർവ്വകലാശാലകൾ ലണ്ടനിലുണ്ട്. കോർപ്പറേറ്റ് ഫിനാൻസ്, ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിംഗ്, ഫിനാൻഷ്യൽ മാർക്കറ്റുകൾ, അക്കൗണ്ടിംഗ് സമ്പ്രദായങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്നു വൈവിധ്യമാർന്ന നിരവധി കോഴ്സുകൾ യുകെയിൽ ഉണ്ട്.












Click it and Unblock the Notifications