യുകെയിൽ നിന്നും സന്തോഷവാർത്ത; ടൂറിസ്റ്റ് വിസയിലെത്തുന്നവർക്കും രാജ്യത്ത് ജോലി ചെയ്യാം, നിബന്ധനകൾ ഇങ്ങനെ
ലണ്ടൻ: വിസ നിയമങ്ങളിൽ പുതി മാറ്റത്തിനൊരുങ്ങി യു കെ. സന്ദർശക വിസയിൽ എത്തുന്നവർക്ക് വിദൂര ജോലികൾ (റിമോട്ട് വർക്ക്) ചെയ്യുവാനും ബിസിനസ് ക്ലൈയൻസുമായി ചേർന്ന് പ്രവർത്തിക്കാനും അവസരമൊരുക്കുന്ന തരത്തിൽ നിയമങ്ങളിൽ മാറ്റം വരുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. രാജ്യത്തെ ബിസിനസ് വിനോദസഞ്ചാര രംഗങ്ങളിൽ നീക്കം വലിയ ഉത്തേജനം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിസിനസ് സന്ദർശക നിയമങ്ങൾ വിപുലീകരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ മാസം ചാൻസലർ ഓഫ് ദി എക്‌സ്‌ചെക്കർ ജെറമി ഹണ്ട് വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ സർക്കാർ പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാറ്റത്തിലേക്ക് രാജ്യം കടക്കുന്നത്. ജനവരി 31 മുതലായിരിക്കും തീരുമാനം പ്രാബല്യത്തിൽ വരിക.

പുതിയ നിയമങ്ങൾ ഇങ്ങനെ
സന്ദർശകർക്ക് യു കെയിൽ നിന്ന് ജോലി ചെയ്യാൻ കഴിയുമെങ്കിലും ഇവിടേക്ക് വരുന്നതിന്റെ പ്രധാന ഉദ്ദേശം ഒരിക്കലും റിമോട്ട് ജോലി ആകരുത്.
12 മാസത്തെ സന്ദർശന വിസയ്‌ക്കോ രാജ്യത്തിനുള്ളിൽ അനുമതി നീട്ടുന്നതിനോ അപേക്ഷിക്കുന്ന അക്കാദമിക് വിദഗ്ധർ ഒഴികെയുള്ള ശാസ്ത്രജ്ഞർ, ഗവേഷകർ, എന്നിവർക്ക് യു കെയിൽ വിസിറ്റ് വിസയിൽ ഗവേഷണം നടത്താൻ അനുമതിയുണ്ട്. സന്ദർശക വിസയിൽ യു കെയിൽ എത്തുന്ന പ്രാസംഗികർക്ക് അവർ നടത്തുന്ന പരിപാടികൾക്ക് പണം ഈടാക്കാനാകും.
വിദഗ്ദ്ധ സാക്ഷിയായി പ്രവർത്തിക്കൽ, നിയമ നടപടികളിൽ പങ്കെടുക്കൽ, പഠിപ്പിക്കൽ തുടങ്ങിയ അധിക പ്രവർത്തനങ്ങളിൽ അഭിഭാഷകർക്കും ഏർപ്പെടാമെന്നും നിയമത്തിൽ പറയുന്നു.
അതിനിടെ വിദേശ വിദ്യാർത്ഥികൾക്ക് യു കെയിലേക്ക് ആശ്രിതരെ കൊണ്ടുവരുന്നത് സംബന്ധിച്ച് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഗവേഷണ വിദ്യാർഥികൾക്കും സർക്കാർ ഫണ്ടിങ് ഉള്ള സ്കോളർഷിപ്പ് ലഭിക്കുന്ന കോഴ്‌സുകൾ പഠിക്കാൻ എത്തുന്നവർക്കും മാത്രമായിരിക്കും മാത്രമായിരിക്കും ഇനി മുതൽ ആശ്രിത വീസ ലഭിക്കുക.
നേരത്തേ വിദേശ വിദ്യാർഥികളുടെ ഭർത്താവ്, ഭാര്യ, സിവിൽ അല്ലെങ്കിൽ അവിവാഹിത പങ്കാളി, 18 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവരെ ആശ്രിത വീസയിൽ യുകെയിലേക്ക് കൊണ്ട് വരാൻ സാധിക്കുമായിരുന്നു. അതേസമയം ബിരുദ വിദ്യാർഥികളുടെ പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റുകൾ നിലവിൽ ഉള്ളത് പോലെ തന്നെ തുടരാനമെന്ന സർക്കാർ നിർദ്ദേശം ലക്ഷക്കണക്കിന് വിദേശ വിദ്യാർത്ഥികൾക്ക് ആശ്വാസകരമാണ്.












Click it and Unblock the Notifications