യുകെ ജോലി നേടാന്‍ ഇതാ സുവർണ്ണാവസരം; സർക്കാർ ജോലി, വർഷം കുറഞ്ഞത് 26 ലക്ഷം ശമ്പളം
വർഷങ്ങളായുള്ള മലയാളികളുടെ കുടിയേറ്റ ലക്ഷ്യ സ്ഥാനങ്ങളിലൊന്നാണ് യുകെ. പഠനത്തിനും ജോലിക്കുമായി നിരവധിയാളുകള്‍ ഇതിനോടകം ഈ രാജ്യത്തേക്ക് പറന്നിട്ടുണ്ട്. സർക്കാർ അടുത്തിടെ സ്വീകരിച്ച ചില നടപടികള്‍ പാർട്ട് ടൈം ജോലി ലക്ഷ്യം വെക്കുന്ന വിദ്യാർത്ഥികള്‍ക്ക് തിരിച്ചടിയാണെങ്കിലും യുകെ സാധ്യതകള്‍ ഇപ്പോഴും ശക്തമായി തന്നെ തുടരുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
അടുത്തിടെ ഇന്ത്യയില്‍ നിന്നുള്ള നിരവധി തൊഴിലാളികളെ യുകെ നിയമിച്ചിട്ടുണ്ട്. ഏറ്റവും അവസാനം ഇപ്പോഴിതാ അധ്യാപകർക്കുമുള്ള അവസരം യുകെ തുറക്കുകയാണ്. ഇന്ത്യൻ ഗണിതം, ശാസ്ത്രം, ഭാഷാ അധ്യാപകർക്ക് യുകെയില്‍ വലിയ തോതില്‍ ഡിമാൻഡുണ്ടെന്നാണ് ഒരു പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് ദ മിന്‍റ് റിപ്പോർട്ട് ചെയ്യുന്നത്.

ഇന്റർനാഷണൽ റീലോക്കേഷൻ പേയ്‌മെന്റ് (ഐആർപി) സ്കീമിന് കീഴിൽ ഈ വിഷയങ്ങളിലേക്ക് നൂറുകണക്കിന് അധ്യാപകരെ റിക്രൂട്ട് ചെയ്യാനാണ് യുകെ സർക്കാർ പദ്ധതിയിടുന്നത്. ഇംഗ്ലണ്ടിലെ വിദ്യാലയങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനായി വലിയ തോതില്‍ ശമ്പളം നല്‍കി അധ്യാപകരെ നിയമിക്കുന്ന പദ്ധതിയാണ് ഇത്.
ഇന്ത്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നൂറുകണക്കിന് കണക്ക്, ശാസ്ത്രം, ഭാഷാ അധ്യാപകരെ ഈ വർഷം യുകെയിലേക്ക് കൊണ്ടുവരുമെന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് പദ്ധതികൾ വരും വർഷങ്ങളില്‍ വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നുമാണ് ടൈംസ് പത്രം വ്യക്തമാക്കുന്നത്. നിലവിലെ ഒഴിവുകള്‍ നികത്താന്‍ വിദേശ റിക്രൂട്ട്‌മെന്റ് മികച്ചതാണെന്നാണ് യുകെയിലെ നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്‌സിന്റെ ജനറൽ സെക്രട്ടറി പോൾ വൈറ്റ്‌മാന്‍ ദ ടൈംസിനോടായി പറയുന്നത്.
"ലോകമെമ്പാടുമുള്ള 400-ൽ കൂടുതൽ മികച്ച അധ്യാപകർക്ക് ഞങ്ങളുടെ സ്‌കൂളുകളിൽ പഠിപ്പിക്കാനുള്ള അവസരം നൽകുന്ന ഒരു വർഷത്തെ ട്രയൽ മാർച്ചിൽ ഞങ്ങൾ ആരംഭിച്ചു. എല്ലാ കുട്ടികൾക്കും ഒരു മികച്ച അധ്യാപകൻ ഉണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ നടപ്പിലാക്കുന്ന നിരവധി പദ്ധതികളില്‍ ഒന്നാണിത്," - വിദ്യാഭ്യാസ വകുപ്പ് (ഡിഎഫ്ഇ) പ്രസ്താവനയിൽ പറഞ്ഞു.

എന്താണ് ഇന്റർനാഷണൽ റീലൊക്കേഷൻ പേയ്‌മെന്റ് പദ്ധതി
2023 മുതൽ 2024 വരെയുള്ള അധ്യയന വർഷത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഇന്റർനാഷണൽ റീലൊക്കേഷൻ പേയ്‌മെന്റ് (ഐആർപി), യുകെയിൽ നടപ്പിലാക്കുന്നത്. വിദേശ രാജ്യങ്ങളിലെ അധ്യാപകർക്ക് രാജ്യത്ത് ജോലി വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. അവരുടെ വിസ, ഇമിഗ്രേഷൻ ചാർജ്, ഹെൽത്ത് ചാർജ്, റീലൊക്കേഷൻ ചെലവുകൾ എന്നിവയെല്ലാം ഈ സ്കീം വഹിക്കും.
പദ്ധതിക്ക് കീഴില്‍ വരുന്ന രാജ്യങ്ങള്‍
ഇന്ത്യ, ഘാന, സിംഗപ്പൂർ, ജമൈക്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നിവിടങ്ങളിൽ നിന്നുള്ള കണക്ക്, സയൻസ്, ഭാഷാ അധ്യാപകരെയാണ് ഈ പദ്ധതിക്കു കീഴിൽ യുകെ സർക്കാർ അന്വേഷിക്കുന്നത്. ഇതിനായി റിക്രൂട്ട്മെന്റ് നടപടികളും സർക്കാർ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
എന്താണ് യോഗ്യത, ശമ്പളം എത്ര
അധ്യാപകർക്ക് ബിരുദവും അംഗീകൃത അധ്യാപക പരിശീലന യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. കൂടാതെ, ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ബ്രിട്ടനിൽ ജോലി ചെയ്യാനുള്ള വിസയ്ക്ക് അർഹത ലഭിക്കുന്നവർക്ക് അവരുടെ ജോലി അനുസരിച്ച് ശമ്പളം വ്യത്യാസപ്പെട്ടിരിക്കും. എന്ത് തന്നെയായാലും തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർക്ക് ഏറ്റവും കുറഞ്ഞത് പ്രതിവർഷം ഏകദേശം 27 ലക്ഷം രൂപ (മാസം 2.25 ലക്ഷം രൂപ) ലഭിക്കും.
വരുന്ന അധ്യയന വർഷത്തിൽ 300 നും 400 നും ഇടയിൽ അധ്യാപകർക്ക് അവസരം ലഭിക്കുമെന്നാണ് യുകെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഈ നീക്കം വിജയകരമായാല്‍ പദ്ധതി മറ്റ് വിഷയങ്ങളിലേക്കും വ്യാപിപ്പിക്കാം. ഈ ആഴ്ച ആദ്യം പുറത്തുവിട്ട യുകെയുടെ റെക്കോർഡ് നെറ്റ് മൈഗ്രേഷൻ കണക്കുകളെക്കുറിച്ച് ചർച്ചകൾ നടക്കുന്ന സമയത്താണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications