വെയിൽസിൽ ദേശീയ ആരോഗ്യ സർവ്വീസിൽ ജോലി ചെയ്യാം; മലയാളികൾക്ക് വീണ്ടും അവസരം
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി (ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ കാബിനറ്റ് സെക്രട്ടറി) ജെറമി മൈല്‍സ് സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്തി. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ വെയില്‍സിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ജെറമി മൈല്‍സ് പറഞ്ഞു.
ദന്തല്‍ ഡോക്ടര്‍മാര്‍ക്കും, സൈക്യാട്രി നഴ്‌സുമാര്‍ക്കും വെയില്‍സില്‍ ഏറെ സാധ്യതയുണ്ട്. ആരോഗ്യ രംഗത്ത് കേരളവുമായുള്ള ബന്ധം ശക്തിപ്പെടുത്തും. വെയില്‍സിലെ സ്‌കില്‍ ഷോര്‍ട്ടേജ് പരിഹരിക്കുന്നതിന് കേരളത്തിലെ സ്‌കില്‍ഡ് ക്വാളിഫൈഡ് പ്രൊഫഷണല്‍മാരുടെ സേവനം പ്രയോജനപ്പെട്ടു. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കഴിവും സേവന സന്നദ്ധയും കാരണം വെയില്‍സില്‍ ധാരാളം അവസരങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ മന്ത്രി ഉള്‍പ്പെട്ട സംഘം മുമ്പ് വെയില്‍സ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് വെയില്‍സുമായി 2024 മാര്‍ച്ച് ഒന്നിന് നോര്‍ക്ക ധാരണാപത്രത്തില്‍ ഒപ്പിട്ടിരുന്നു. വെയില്‍സിലെ ആരോഗ്യ മേഖലയിലേക്ക് പ്രതിവര്‍ഷം 250 പ്രൊഫഷണലുകളെ നിയമിക്കുന്നതിനാണ് ധാരണയായത്. റിക്രൂട്ട്‌മെന്റ് നടപടികള്‍ സമയബന്ധിതമായും സുഗമമായും നടന്നതിനാല്‍, ധാരണയായതില്‍ നിന്നും അധികമായി 352 നഴ്‌സുമാര്‍ക്ക് വെയില്‍സില്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ സാധിച്ചു. 94 പേര്‍ നിയമനത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. കൂടാതെ, 31 ഡോക്ടര്‍മാര്‍ വെയില്‍സില്‍ ജോലിയില്‍ പ്രവേശിക്കുകയും 21 പേര്‍ നിയമനത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. കൂടാതെ 30 ഓളം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് മാര്‍ച്ച് ഏഴിന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നിശ്ചയിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏകദേശം 500 ഓളം പേര്‍ക്ക് നിയമനം നല്‍കുന്നതിന് സാധിച്ചതായി നോർക്ക അറിയിച്ചു.












Click it and Unblock the Notifications