വിദേശ പഠനം; ഇന്ത്യൻ യുവതികളുടെ ഇഷ്ട രാജ്യമായി യുഎസ്; കാരണം ഇതാണ്
പഠനത്തിനായി ഇന്ത്യയിൽ നിന്നും പ്രതിവർഷം ആയിരങ്ങളാണ് വിദേശത്തേക്ക് പറക്കുന്നത്. കാനഡ ,യുകെ, ന്യൂസിലാന്റ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് പലരും തിരഞ്ഞെടുക്കുന്നത്.എന്നാൽ ഇന്ത്യയിൽ നിന്നുള്ള സ്ത്രീകൾ വിദേശ പഠനത്തിനായി കൂടുതലായി തിരഞ്ഞെടുക്കുന്നത് യുഎസ് ആണെത്രേ. 65% ഇന്ത്യൻ സ്ത്രീകളും തങ്ങളുടെ ഉന്നത വിദ്യാഭ്യാസ ലക്ഷ്യങ്ങൾക്കായി അമേരിക്കൻ സർവ്വകലാശാലകൾ തിരഞ്ഞെടുക്കുന്നുവെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.
സർവ്വേയിൽ പങ്കെടുകക 40 ശതമാനം സ്ത്രീകളും സ്റ്റെം കോഴ്സുകളാണ് യുഎസിൽ തിരഞ്ഞെടുക്കുന്നതെന്ന അഭിപ്രായമാണ് പങ്കിട്ടത്. ബിസിനസ്, ഹ്യുമാനിറ്റീസ് തുടങ്ങിയ കോഴ്സുകളാണ് രണ്ടാമതായി ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കുന്നത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), ഹാർവാർഡ് യൂണിവേഴ്സിറ്റി തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങളാണ് പ്രധാനമായും ആളുകൾ തിരഞ്ഞെടുക്കുന്നത്.

എന്തുകൊണ്ട് യുഎസ്?
ഉയർന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നത് തന്നെയാണ് ആദ്യത്തെ ഉത്തരം. ഉയർന്ന അക്കാദമിക് നിലവാരം, നൂതന ഗവേഷണ അവസരങ്ങൾ, പഠനത്തോടുള്ള സമഗ്രമായ സമീപനം എന്നിവയെല്ലാം വിദ്യാർത്ഥികളെ ആകർഷിക്കുന്നു. ഇന്ത്യയിൽ നിന്നും വ്യത്യസ്തമായി പരീക്ഷ കേന്ദ്രീകൃതമല്ല യുഎസിലെ പഠന രീതികൾ എന്നതും വിദ്യാർത്ഥികളെ ഇവിടേക്ക് വരാൻ പ്രേരിപ്പിക്കുന്നു.
തൊഴിൽ അവസരങ്ങൾ-ആഗോള തൊഴിൽ വിപണിയിൽ, പ്രത്യേകിച്ച് പുരുഷന്മാർ പരമ്പരാഗതമായി ആധിപത്യം പുലർത്തുന്ന മേഖലകളിൽ അടക്കം വലിയ ഉയരങ്ങൾ കീഴടക്കാനുള്ള അവസരം. മികച്ച തൊഴിൽ സംസ്കാരമാണെന്നതും സ്ത്രീകൾക്ക് തങ്ങളുടെ മികവ് പ്രകടമാക്കാനാുള്ള അവസരങ്ങൾ ലഭിക്കുന്നുവെന്നതും യുഎസിനെ തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു.
സാംസ്കാരിക അനുഭവങ്ങൾ-പുതിയ സാംസ്കാരിക സാഹചര്യത്തിൽ ഇഴകിച്ചേരാനും വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളുമായി ഇടപഴകാനും മികച്ച സാഹചര്യം ഒരുക്കുന്നു. വ്യക്തിഗത വളർച്ചയ്ക്ക് സാധ്യമാകുന്നൊരു അന്തരീക്ഷം എന്നതും ഇവിടേക്ക് ആളുകളെ അടുപ്പിക്കുന്നു.
സമാനതകളില്ലാത്ത അക്കാദമിക മേൻമകൾ മാത്രമല്ല വൈവിധ്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും അന്തരീക്ഷം യു എസ് വാഗ്ദാനം ചെയ്യുന്നുണ്ട്. എൻ്റെ കഴിവുകൾ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാൻ ഇത് ഏറെ സഹായിക്കും', സർവ്വേയിൽ അഭിപ്രായം പങ്കിട്ട യുവതി പറഞ്ഞു. ഡിഗ്രി ലഭിക്കുക എന്നതിനപ്പുറം എല്ലാം നിലയിലും മികച്ച വിദ്യാഭ്യാസം നേടാൻ ആകുമെന്നതാണ് യുഎസ് പ്രീയപ്പെട്ട ഇടമാകാൻ കാരണമാകുന്നതെന്ന് മറ്റൊരാൾ പ്രതികരിച്ചു. അതേസമയം സ്ത്രീകളുടെ ഈ തിരഞ്ഞെടുപ്പ് ആഗോളതലത്തിൽ വിദ്യാഭ്യാസ മേഖലയിൽ വന്ന മാറ്റവും കൂടി തെളിയിക്കുന്നതാണെന്നും സർവ്വേ പറയുന്നു.












Click it and Unblock the Notifications