ഏഴ് കോടി രൂപ ശമ്പളമുള്ള ജോലി വേണോ? എങ്കില്‍ നിങ്ങള്‍ക്കും അറിയാവുന്ന ഈ കമ്പനിയിലേക്ക് അപേക്ഷിക്കൂ
ആർട്ടിഫിഷല്‍ ഇന്റലിജന്‍സ് അഥവാ 'എഐ' കാരണം ജോലി നഷ്ടപ്പെട്ട, അല്ലെങ്കില്‍ നഷ്പ്പെടുന്ന അവസ്ഥയിലേക്ക് എത്തിയ നിരവധിയാളുകളാണ് ഉള്ളത്. എഐ പണി എളുപ്പമാക്കിയതോടെ മാനുഷിക തൊഴില്‍ ശക്തിയുടെ എണ്ണം വലിയ തോതില്‍ കുറച്ച് കൊണ്ടുവുന്ന പ്രവണതയ്ക്കും കമ്പനികള്‍ തുടക്കം കുറിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി എഐ കാരണം കോടികള്‍ ശമ്പളം ലഭിക്കുന്ന ചില ജോലികളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
നെറ്റ്ഫ്ലിക്സും ആമസോണുമാണ് ചാറ്റിജിപിടി പോലെയുള്ള എഐ സാങ്കേതികവിദ്യയിൽ വിദഗ്ധരെ ഉയർന്ന ശമ്പളം നല്‍കി നിയമിക്കാന്‍ ശ്രമിക്കുന്നത്. പ്രതിവർശം 7 കോടി രൂപവരെ വാഗ്ധാനം ചെയ്താണ് നിയമനം. എഐ പലരുടെയും തൊഴിൽ നഷ്ടമാവാന്‍ ഇടയാക്കിയിട്ടുണ്ടെങ്കില്‍, ഈ മേഖലയിൽ വൈദഗ്ധ്യമുള്ളവർക്ക് നല്ല ശമ്പളമുള്ള സ്ഥാനങ്ങളിൽ അവസരമുണ്ടെന്നാണ് ഈ ഓഫറുകള്‍ വ്യക്തമാക്കുന്നത്.

ജോലിയിലേക്ക് നിയമിക്കപ്പെടുന്നവർക്ക് പ്രതിവർഷം 900,000 ഡോളർ വരെ ശമ്പളം ലഭിക്കും, അതായത് പ്രതിവർഷം ഏകദേശം 7 കോടി രൂപ. മറ്റ് പല കമ്പനികളിലും എഐ അടിസ്ഥാനമാക്കിയുള്ള ജോലികള്‍ ഇപ്പോള്‍ ലഭ്യമാണ്. നെറ്റ്ഫ്ലിക്സ് തങ്ങളുടെ വെബ്സൈറ്റിൽ ഒരു മെഷീൻ ലേണിംഗ് പ്ലാറ്റ്ഫോം പ്രൊഡക്റ്റ് മാനേജർക്കുള്ള ജോലി സംബന്ധിച്ചാണ് പരസ്യം ചെയ്തിരിക്കുന്നത്.
മെഷീൻ ലേണിംഗ് പ്ലാറ്റ്‌ഫോമിന്റെ തന്ത്രപരമായ ദിശ നിർവചിക്കുന്നതും അതിന്റെ വിജയം വിലയിരുത്തുന്നതുമൊക്കെയാണ് ഈ ജോലിയുടെ ഉത്തരവാദിത്തം. കാലിഫോർണിയയിലെ ഓഫീസിൽ നിന്നോ റിമോർട്ടായിട്ടോ ചെയ്യാവുന്ന ഈ ജോലിക്ക് പ്രതിവർഷം $300,000 മുതൽ $900,000 വരെ ശമ്പളം വാഗ്ദാനം ചെയ്യുന്നു. കോളേജ് ബിരുദം പോലും ആവശ്യമില്ലെന്നതാണ് ഈ ജോലിയുടെ പ്രത്യേകത.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ വൈദഗ്ധ്യമുള്ള വ്യക്തികളെ ആമസോണും വലിയ തോതില്‍ നിയമിച്ചുകൊണ്ടിരിക്കുകയാണ്. അപ്ലൈഡ് സയൻസിലും ജനറേറ്റീവ് എഐയിലും സ്പെഷ്യലൈസ് ചെയ്ത സീനിയർ മാനേജർ തസ്തികയിലേക്കുള്ള ഒരു ജോലി അവസരം ആമസോണ്‍ അടുത്തിടെ പരസ്യപ്പെടുത്തിയിട്ടുണ്ട്.
ഈ റോളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് കമ്പനിയുടെ ഒരു പ്രധാന തലത്തിലുള്ള ഉത്തരവാദിത്തം നൽകപ്പെടും. ശാസ്ത്ര ഗവേഷണത്തിലും എഐ സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിലും ഏർപ്പെട്ടിരിക്കുന്ന വിദഗ്ധരുടെ ഒരു ടീമിനെ അവർ നയിക്കേണ്ടി വരും. മനുഷ്യരെപ്പോലെ വിഷ്വൽ വിവരങ്ങൾ വ്യാഖ്യാനിക്കാൻ കമ്പ്യൂട്ടറുകളെ പ്രയോജനപ്പെടുത്തുക, കൂടാതെ എഐ അൽഗോരിതം ഉപയോഗിച്ച് പുതിയ വിഷ്വൽ ഉള്ളടക്കം സൃഷ്ടിക്കുക തുടങ്ങിയവയും ഈ ജോലിയുടെ ഉത്തരവാദിത്തങ്ങളായിരിക്കും.
ഈ ജോലിക്ക് പ്രതിവർഷം 340,300 വരെ ഡോളാറാണ് ശമ്പളമായി ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. വിവിധ വ്യവസായങ്ങളിൽ AI നിർണായകമായി മാറികൊണ്ടിരിക്കുന്നതാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഇത് ഈ മേഖലയിലെ വിദഗ്ധരുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡിലേക്ക് നയിക്കുന്നു. റീട്ടെയിൽ ഭീമന്‍മാരായ വാൾമാർട്ട് ഐഎ വിദഗ്ദർക്ക് പ്രതിവർഷം 288,000 ഡോളർ വരെ ശമ്പളം വാഗ്ദാനം ചെയ്യുന്നു. എഐ-യുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിൽ വിദഗ്ധനായ ഒരു അഭിഭാഷകന് പ്രതിവർഷം 351,000 ഡോളർ വരെയാണ് ഗൂഗിള്‍ നല്‍കുന്നത്
ഓൺലൈൻ ഡേറ്റിംഗ് ആപ്പായ ഹിംഗെ പോലുള്ള സാങ്കേതിക ഇതര കമ്പനികൾ പോലും എഐ വിദഗ്ദരെ തേടിക്കൊണ്ടിരിക്കുകയാണ്. ഹിംഗിന്റെ മാതൃ കമ്പനിയായ മാച്ച് ഗ്രൂപ്പ്, പ്രതിവർഷം 398,000 ഡോളർ വരെ ശമ്പളം നല്‍കിയാണ് എഐ വിദഗ്ധനെ നിയമിക്കുന്നത്. ഫ്രീലാൻസിംഗ് പ്ലാറ്റ്‌ഫോം അപ്വർക്ക് എഐ മെഷീൻ ലേണിംഗ് വിദഗ്ധനെ തേടുകയാണ്. ശമ്പളം പ്രതിവർഷം 437,000 ഡോളർ വരെ.












Click it and Unblock the Notifications