വാര്‍ഷിക ശമ്പളം 64.61 ലക്ഷം; ജോലി മൈക്രോസോഫ്റ്റില്‍, അവ്‌നിയാണ് സോഷ്യല്‍ മീഡിയ താരം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ഐ ഐ എം സംബാല്‍പൂരിലെ വിദ്യാര്‍ത്ഥിയായ അവ്നി മല്‍ഹോത്രയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം. ടെക് ഭീമനായ മൈക്രോസോഫ്റ്റില്‍ അവ്‌നിക്ക് 64.61 ലക്ഷം രൂപയാണ് ശമ്പളമായി ലഭിക്കാന്‍ പോകുന്നത്. ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശമ്പളത്തില്‍ ജോലി ലഭിക്കുന്ന വിദ്യാര്‍ത്ഥിനിയെന്ന ചരിത്രവും അവ്‌നി കുറിച്ചു. 2021-23 ബാച്ചുകളിലെ 100 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും പ്ലേസ്‌മെന്റ് ലഭിച്ചതായി ഐ ഐ എം സംബാല്‍പൂര്‍ അറിയിച്ചു.
ജയ്പൂര്‍ സ്വദേശിനിയായ അവ്‌നി ആറ് റൗണ്ട് ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കിയാണ് ഈ ജോലി സ്വന്തമാക്കിയത്. ഇതേ തുടര്‍ന്നാണ് 64.61 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ അവനിക്ക് ജോലി ലഭിച്ചത്. ഇന്റഫോസിസില്‍ ജോലി ചെയ്ത അനുഭവ സമ്പത്തുള്ള അവനിക്ക് കൂടുതല്‍ മുന്‍തൂക്കം ലഭിക്കാനും കാരണമായി.

അവ്നി കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് ബിരുദവും നേടിയിരുന്നു. ഐഐഎം സംബല്‍പൂര്‍ പ്രൊഫസര്‍മാരുടെ സഹായവും അവ്‌നിക്ക് അഭിമുഖത്തില്‍ കരുത്തായി. തന്റെ മാതാപിതാക്കളോട് അവ്നി വളരെയധികം നന്ദി രേഖപ്പെടുത്തി. തന്റെ കുടുംബത്തിന്റെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് ഈ ഉയരം കീഴടക്കാനായതെന്ന് അവ്‌നി പറയുന്നു.
2021- 23 ക്ലാസില്‍, ഐ ഐ എം സംബല്‍പൂരിന് 100 ശതമാനം പ്ലേസ്‌മെന്റ് നിരക്ക് നേടാനും കഴിഞ്ഞുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഇതുവരെ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിവര്‍ഷ ശമ്പളമാണ് 64.61 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൈക്രോസോഫ്റ്റ്, വേദാന്ത, തോലാറാം, അമുല്‍, അദാനി, ഇവൈ, ആക്‌സെഞ്ചര്‍, കോഗ്നിസന്റ്, ഡിലോയിറ്റ്, ആമസോണ്‍ എന്നിവയായിരുന്നു മറ്റ് പ്രധാനപ്പെട്ട റിക്രൂട്ടിംഗ് കമ്പനികള്‍.
അതേസമയം, എം ബി എ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്വപ്‌നമാണ് ഐ ഐ എമ്മില്‍ ഒരു സീറ്റ്. ഇതിന് വേണ്ടി കോമണ്‍ ആഡ്മിഷന്‍ ടെസ്റ്റ് ( സി എ ടി ) എഴുതണം. കൂടാതെ അഭിരുചി പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, വ്യക്തിഗത അഭിമുഖം എന്നിവയും നേരിടേണ്ടിവരും. എന്നാല്‍ രാജ്യത്തെ മറ്റ് മികച്ച ബിസിനസ് സ്‌കൂളില്‍ ഇതില്ലാതെയും പ്രവേശനം നേടാന്‍ സാധിക്കും. നിരവധി ഐഐഎമ്മുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഡിപ്ലോമ കോഴ്‌സുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications