വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് അവസരം; മാനേജിങ് ഡയറക്ടറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റാകാം, ശമ്പളം 30,000 രൂപ
തിരുവനന്തപുരം: വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ (വിഐഎസ്എൽ) മാനേജിങ് ഡയറക്ടറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വഴിയായിരിക്കും നിയമനം. തുടക്കത്തിൽ ഒരു വർഷത്തേക്കായിരിക്കും നിയമനമെങ്കിലും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടിനൽകിയേക്കാം.
ഫസ്റ്റ് ക്ലാസ്സോടെയുള്ള ബിരുദവും കമ്പ്യൂട്ടർ ഓപ്പറേഷൻസിലുള്ള പ്രാവീണ്യവുമാണ് അടിസ്ഥാന യോഗ്യത. സർക്കാർ, അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ അല്ലെങ്കിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലോ മുൻനിര ഉദ്യോഗസ്ഥരുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, സെക്രട്ടറി എന്നീ തസ്തികകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസ്സാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും. ആകെ ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.cmd.kerala.gov.in) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15 വൈകിട്ട് 5 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/07/VISL-Notification.pdf
കെഎസ്ഇആർസിയിൽ ഇന്റേണൽ ഓഡിറ്റർ; ഹോമിയോപ്പതിക് കോളജിലും സഖി സെന്ററിലും ഒഴിവുകൾ
തിരുവനന്തപുരം∙ കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനിൽ (KSERC) 2026-27 സാമ്പത്തിക വർഷത്തേക്ക് ഇന്റേണൽ ഓഡിറ്ററെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സ്ഥാപനങ്ങൾ/ എൽഎൽപികൾ എന്നിവർക്കാണ് അവസരം. താല്പര്യമുള്ളവർ ജൂലൈ 27-നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ www.erckerala.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇമെയിൽ: [email protected].
ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ വാക് ഇൻ ഇന്റർവ്യു
തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ക്ലീനർ (1), വാച്ചർ കം മൾട്ടി പർപ്പസ് വർക്കർ (1) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21 - 40 വയസ്സ് (സർക്കാർ ഇളവുകൾ ബാധകമാണ്). ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ജൂലൈ 7-ന് രാവിലെ 11 മുതൽ 12 വരെയുള്ള സമയത്ത് കോളജ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0471-2463746.
സഖി വൺ സ്റ്റോപ്പ് സെന്ററിൽ താൽക്കാലിക നിയമനം
വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം സഖി വൺ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായി ജൂലായ് 7-ന് അഭിമുഖം നടത്തും. സെന്റർ അഡ്മിനിസ്ട്രേറ്റർ (1), സൈക്കോ സോഷ്യൽ കൗൺസിലർ (1), കേസ് വർക്കർ (2), സെക്യൂരിറ്റി ആൻഡ് നൈറ്റ് ഗാർഡ് (3), മൾട്ടി പർപ്പസ് സ്റ്റാഫ്/കുക്ക് (1) എന്നിവയാണ് ഒഴിവുകൾ. യോഗ്യതയുള്ളവർ ബയോഡേറ്റ, തിരിച്ചറിയൽ രേഖകൾ, സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ജൂലായ് 7-ന് ഉച്ചയ്ക്ക് 1.30-ന് തിരുവനന്തപുരം കുടപ്പനക്കുന്ന് കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ റിപ്പോർട്ട് ചെയ്യണം. ഉച്ചയ്ക്ക് 2 മണിക്കാണ് അഭിമുഖം. വിവരങ്ങൾക്ക്: [email protected], ഫോൺ: 0471-2344245.












Click it and Unblock the Notifications