ഗോസ്റ്റ് ജോബ് എന്നാല്‍ എന്താണ്..? അങ്ങനെ ഒരു ജോലിയുണ്ടോ? അറിയേണ്ടതെല്ലാം
അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒരു ടേം ആണ് ഗോസ്റ്റ് ജോബ് അഥവാ പ്രേത ജോലി. എന്താണ് യഥാര്‍ത്ഥത്തില്‍ ഇത് എന്ന് പലര്‍ക്കുമറിയില്ല. പ്രേതത്തെ പോലെ ജോലി ചെയ്യുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന തരത്തിലുള്ള രസകരകമായ പല ചര്‍ച്ചകളും ഇതിന്റെ തുടര്‍ച്ചയായി വന്നിരുന്നു. മൗറീന്‍ ഡബ്ല്യു ക്ലോഫ് എന്ന ഉപയോക്താവ് ത്രെഡില്‍ ഇത് സംബന്ധിച്ച ഒരു കുറിപ്പ് പങ്കിട്ടതോടെയാണ് സംഭവം ചര്‍ച്ചയായത്.
അടുത്ത കാലത്തായി ഗോസ്റ്റ് ജോബിന്റെ പ്രവണത വര്‍ധിച്ച് വരികയാണ് എന്നും തന്റെ കമ്പനിയിലെ എച്ച്ആര്‍ ഉദ്യോഗസ്ഥര്‍ ഇതിനായി ഉദ്യോഗാര്‍ത്ഥികളെ അഭിമുഖം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു എന്നും മൗറീന്‍ ഡബ്ല്യു ക്ലോഫ് പറഞ്ഞിരുന്നു. എന്നാല്‍ ഉദ്യോഗാര്‍ത്ഥികളുടേയും തന്റേയും സമയം പാഴാക്കാന്‍ ഉദ്ദേശമില്ലാത്തതിനാല്‍ താന്‍ അത് വിസമ്മതിച്ചു എന്നും അവര്‍ പറഞ്ഞിരുന്നു.

എന്താണ് ഒരു ഗോസ്റ്റ് ജോബ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് നോക്കാം. ഒരു കമ്പനി പരസ്യം ചെയ്യുന്നതും എന്നാല്‍ നികത്താന്‍ ഉദ്ദേശമില്ലാത്തതുമായ ഒഴിവുകളാണ് ഗോസ്റ്റ് ജോലികള്‍ എന്ന് അറിയപ്പെടുന്നത്. ഇതിനുള്ള കാരണം കമ്പനികള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടാം. നിര്‍ദ്ദിഷ്ട കാലയളവില്‍ പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് ഒരു കമ്പനിക്ക് ബജറ്റ് ചെയ്യാന്‍ കഴിഞ്ഞേക്കില്ല.
അതേസമയം വിപണിയില്‍ ലഭ്യമായ ടാലന്റ് പൂള്‍ വിലയിരുത്തുകയും വേണം. ഇത്തരം ഓപ്പണ്‍ അവസരങ്ങള്‍ വരാനിരിക്കുന്ന ഒരു സ്ഥാനത്തിനായി നേരത്തെ പോസ്റ്റ് ചെയ്തിരിക്കാനും സാധ്യതയുണ്ട്. ഏതായാലും അത് നിലവില്‍ ലഭ്യമല്ല അല്ലെങ്കില്‍ നിലവിലില്ല എന്നതാണ് ഉദദ്ദേശിക്കുന്നത്. നിയമന പ്രക്രിയ മരവിപ്പിക്കുന്ന പല കമ്പനികളും ഇപ്പോഴും ജോബ് പോസ്റ്റിംഗുകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.
മഹാമാരി സമയത്ത് ജോലി ഉപേക്ഷിക്കുന്ന ജീവനക്കാരുടെ വര്‍ധനവും അതിന്റെ സാമ്പത്തിക അനിശ്ചിതത്വവും ഗോസ്റ്റ് ജോബിന്റെ എണ്ണം വര്‍ധിപ്പിച്ചേക്കാം എന്നാണ് ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന്റെ പഠനത്തില്‍ പറഞ്ഞിരിക്കുന്നത്. കമ്പനികള്‍ക്ക് ഭാവിയെക്കുറിച്ച് ഉറപ്പില്ലാത്തതും പുതിയ ആളുകളെ നിയമിക്കുന്നതുമാകാം ഇതിന് കാരണമെന്നും പഠനം കൂട്ടിച്ചേര്‍ത്തു. നിരവധി ഗോസ്റ്റ് ജോബ് ലിസ്റ്റിംഗുകള്‍ക്ക് ഒരു ജോലി വിവരണം പോലുമില്ല.
ഇനി ഈ ജോലി യഥാര്‍ത്ഥമാണോ അല്ലയോ എന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? യഥാര്‍ത്ഥ തൊഴില്‍ വിജ്ഞാപനങ്ങളില്‍ എല്ലായ്‌പ്പോഴും റോള്‍, യോഗ്യതകള്‍, ഉത്തരവാദിത്തങ്ങള്‍ എന്നിവയെ കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തും. അതിനാല്‍, ഒരു ഉദ്യോഗാര്‍ത്ഥി ഒരു സാധാരണ ടെംപ്ലേറ്റ് പോലെ വായിക്കുന്ന അവ്യക്തമായ തൊഴില്‍ വിവരണം കണ്ടാല്‍ അത് ഗോസ്റ്റ് ജോബ് ആകാനുള്ള സാധ്യത കൂടുതലാണ് എന്ന് മനസിലാക്കണം.
ഒരു ഉദ്യോഗാര്‍ത്ഥി ഒരു ജോലിക്ക് അപേക്ഷിക്കുകയും ചില സന്ദര്‍ഭങ്ങളില്‍ ആഴ്ചകളോ മാസങ്ങളോ പോലും പ്രതികരണം ലഭിക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം ആ ഉദ്യോഗാര്‍ത്ഥി ഒരു ഗോസ്റ്റ് ജോബില്‍ വീണു എന്നാണ്.












Click it and Unblock the Notifications