ലോകത്ത് എവിടെ നിന്നും ജോലി ചെയ്യാം: ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ആഗോളഭീമന്‍, 9000 ഒഴിവുകള്‍
ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വന്‍ അവസരമൊരുക്കി ആഗോളകമ്പനിയായ 24.7 എ ഐ. ഇന്ത്യയില്‍ നിന്നും 9000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ലോകത്ത് എവിടെ നിന്നും ജോലി ചെയ്യാനുള്ള അവസരവും കമ്പനി നല്‍കുന്നുണ്ട്. 2023 സാമ്പത്തിക വര്‍ഷം കണക്കാക്കിയാണ് കമ്പനി ഇന്ത്യയില്‍ നിന്നും ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുന്നത്.
ഇന്ത്യയ്ക്ക് നന്നായി അംഗീകരിക്കപ്പെട്ട കഴിവുള്ള ഒരു സംഘം തന്നെ ഉണ്ടെന്നും ഇത് കമ്പനിയെ സഹായിക്കുമെന്ന് കമ്പനിയുടെ ഇന്ത്യ ആന്‍ഡ് അമേരിക്ക എച്ച് ആര്‍ ഹെഡ് നീന നായര്‍ പറഞ്ഞു. ഞങ്ങള്‍ തിരഞ്ഞെടുക്കുന്ന ആളുകളില്‍ ശക്തമായി നിക്ഷേപം നടത്തുമെന്നും പുതുമുഖങ്ങളെ വളര്‍ത്തി മുന്‍ നിരയില്‍ എത്തിക്കുമെന്നും അവര്‍ പറഞ്ഞു. ഞങ്ങളുടെ ശോഷണ നിരക്ക് വളരെ കുറവായി തുടരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണിതെന്നും അവര്‍ വ്യക്തമാക്കി.

വളര്‍ന്നുവരുന്ന ബിസ്‌നസ് കണക്കിലെടുത്ത് കഴിഞ്ഞ വർഷം ഇന്ത്യയില്‍ നിന്നും 5000 പേരെ ജോലിക്കായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മാനുഷിക ഉള്‍ക്കാഴ്ച, ആഴത്തിലുള്ള വൈദഗ്ധ്യം എന്നിവ പുനര്‍നിര്‍വചിക്കുന്നതിലൂടെ വ്യക്തിഗതവും സംതൃപ്തവുമായ ഉപഭോക്തൃ അനുഭവങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പറഞ്ഞു.
കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ബിസിനസുകളും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകള്‍ ലളിതമാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, ലാസ് വെഗാസില്‍ നടന്ന സി സി ഡബ്ല്യു എക്സലന്‍സ് പുരസ്‌കാര ചടങ്ങില്‍ കമ്പനിക്ക് അടുത്തിടെ 'ബി പി ഒ ഓഫ് ദ ഇയര്‍' അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.












Click it and Unblock the Notifications