ശരീരം കാണിക്കുന്ന 7 ലക്ഷണങ്ങൾ ഒരിക്കലും തള്ളിക്കളയരുത്; വരാനിരിക്കുന്നത് വലിയ ആപത്ത്!
പലപ്പോഴും നമ്മൾ നിത്യജീവിതത്തിൽ അനുഭവിക്കുന്ന ചെറിയ ക്ഷീണങ്ങളെയോ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെയോ പ്രായത്തിന്റെയോ അല്ലെങ്കിൽ ജോലിയുടെയോ അമിതഭാരമായി കണ്ട് അവഗണിക്കാറാണ് പതിവ്. എന്നാൽ ഇത്തരം ചെറിയ മാറ്റങ്ങൾ നിങ്ങളുടെ ശരീരം തരുന്ന വലിയ അപായ സൂചനകളാണെന്ന് വ്യക്തമാക്കുകയാണ് പ്രശസ്ത ഫിറ്റ്നസ് കോച്ചായ ഡാൻ ഗോ.
അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ്, ആളുകൾ സാധാരണയായി ശ്രദ്ധിക്കാതെ പോകുന്നതും എന്നാൽ ഭാവിയിൽ ഗുരുതരമായേക്കാവുന്നതുമായ ഏഴ് ആരോഗ്യ ലക്ഷണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്. "നിങ്ങളുടെ ശരീരം തകരുകയാണ്, പക്ഷേ നിങ്ങൾ അത് അവഗണിക്കുന്നു. വലിയ നാടകീയമായ മാറ്റങ്ങളല്ല, മറിച്ച് വളരെ പതുക്കെയുള്ള തകർച്ചയാണത്. മാറാത്ത ക്ഷീണം, വ്യായാമത്തിന് ശേഷമുള്ള സ്ലോ റിക്കവറി, വിട്ടുമാറാത്ത മൂഡ് വ്യതിയാനങ്ങൾ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഇതിനെ ജോലിയുടെയോ ഭാഗ്യത്തിന്റെയോ പ്രായത്തിന്റെയോ ഒക്കെ കുറ്റമായി നിങ്ങൾ കാണുന്നു. എന്നാൽ യഥാർത്ഥ കാരണം നിങ്ങളുടെ ശ്രദ്ധക്കുറവാണ്. ഇപ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് കഷ്ടപ്പെടേണ്ടി വരും," അദ്ദേഹം കുറിച്ചു.
അദ്ദേഹം പങ്കുവെച്ച, നമ്മൾ ഒരിക്കലും അവഗണിക്കരുതാത്ത ആ 7 പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്.
1. വയറിന്റെ അളവ് ഉയരത്തിന്റെ പകുതിയിൽ താഴെയാക്കുക
നമ്മുടെ ഉപാപചയ ആരോഗ്യം അളക്കാൻ ബിഎംഐ കണക്കാക്കുന്നതിനേക്കാൾ നല്ലത് വയറിന്റെ അളവും ഉയരവും തമ്മിലുള്ള അനുപാതം നോക്കുന്നതാണെന്ന് ഡാൻ പറയുന്നു. നിങ്ങളുടെ വയറിന്റെ അളവ് ഉയരത്തിന്റെ പകുതിയിൽ കൂടുതലാണെങ്കിൽ, അത് നിങ്ങളുടെ ആന്തരികാവയവങ്ങൾക്ക് ചുറ്റും അപകടകരമായ രീതിയിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ വ്യക്തമായ സൂചനയാണ്.
2. പല്ല് തേക്കുമ്പോൾ ചോര വരുന്നത് അവഗണിക്കരുത്
സാധാരണ രീതിയിൽ പല്ല് തേക്കുമ്പോൾ ഈറുകളിൽ നിന്ന് രക്തം വരുന്നത് സ്വാഭാവികമായ കാര്യമല്ല. ആരോഗ്യമുള്ള ഈറുകളിൽ നിന്ന് രക്തം വരില്ല. നിങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ, അത് ടൂത്ത് ബ്രഷിന്റെ മാത്രം പ്രശ്നമല്ല, മറിച്ച് നിങ്ങളുടെ ശരീരത്തിലെ ആകെ ഇൻഫ്ലമേഷൻ (അഥവാ വീക്കം) ലെവൽ കൂടുതലാണെന്നതിന്റെ തെളിവാണ്.
3. കഴുത്തിലെയും കക്ഷത്തിലെയും പാലുണ്ണികൾ
കഴുത്തിന് ചുറ്റുമോ കക്ഷങ്ങളിലോ ചെറിയ പാലുണ്ണികളോ മറുകുകളോ വരുന്നത് വെറുമൊരു ഭംഗിക്കുറവായി കണ്ട് തള്ളിക്കളയരുത്. ഇവ ശരീരത്തിൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ളതിന്റെ പ്രധാന ലക്ഷണമാണ്. ഇത്തരം മാറ്റങ്ങൾ കാണുന്നുണ്ടെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച് നോക്കേണ്ടത് അനിവാര്യമാണ്.

4. വിട്ടുമാറാത്ത ദുർഗന്ധമുള്ള ഗ്യാസ് പ്രശ്നങ്ങൾ
എപ്പോഴെങ്കിലും വയറ്റിൽ ഗ്യാസ് ഉണ്ടാകുന്നത് സാധാരണമാണ്, എന്നാൽ വിട്ടുമാറാത്ത രീതിയിൽ കടുത്ത ദുർഗന്ധത്തോടെയുള്ള ഗ്യാസ് പുറന്തള്ളുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയുടെ തകരാറിനെയാണ് കാണിക്കുന്നത്. ഭക്ഷണത്തിൽ നാരുകൾ കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം. ദഹനപ്രക്രിയ സുഗമമാക്കുന്ന നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് നാരുകൾ അടങ്ങിയ ഭക്ഷണം ആവശ്യമാണ്.
5. കൂർക്കംവലിയും വായയിലൂടെയുള്ള ശ്വാസമെടുപ്പും
ഉറക്കത്തിൽ കഠിനമായി കൂർക്കംവലിക്കുന്നതോ വായ തുറന്ന് ശ്വാസമെടുക്കുന്നതോ ശ്വാസനാളത്തിന്റെ തടസ്സത്തെയോ 'സ്ലീപ്പ് അപ്നിയ' പോലുള്ള അവസ്ഥകളെയോ ആണ് സൂചിപ്പിക്കുന്നത്. വളരെ നിസ്സാരമെന്ന് തോന്നുന്ന ഈ പ്രശ്നം നിങ്ങളുടെ ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെയും ഊർജ്ജനിലയെയും ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ദോഷകരമായി ബാധിക്കും.
6. നല്ല ഉറക്കത്തിന് ശേഷവും അനുഭവപ്പെടുന്ന 'ബ്രെയിൻ ഫോഗ്'
രാത്രിയിൽ 7 മുതൽ 9 മണിക്കൂർ വരെ നന്നായി ഉറങ്ങി എഴുന്നേറ്റിട്ടും രാവിലെ കടുത്ത മാനസിക ക്ഷീണമോ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത അവസ്ഥയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് സാധാരണയല്ല. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളെയോ ഉറക്കത്തിന്റെ കുറഞ്ഞ ഗുണനിലവാരത്തെയോ ശരീരത്തിനകത്തെ ഇൻഫ്ലമേഷനെയോ ആണ് കാണിക്കുന്നത്.
7. ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ തന്നെ ശ്വാസം മുട്ടുക
പടികൾ കയറുമ്പോഴോ, ചെറിയ ദൂരം നടക്കുമ്പോഴോ, കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി ചുമക്കുമ്പോഴോ ഒക്കെ കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ഹൃദയാരോഗ്യവും ശ്വാസകോശാരോഗ്യവും വളരെ മോശം അവസ്ഥയിലാണെന്ന് മനസ്സിലാക്കാം.
(ശ്രദ്ധിക്കുക: ഈ വിവരങ്ങൾ പൊതുവായ അറിവിലേക്കായി പങ്കുവെച്ചിട്ടുള്ളതാണ്. ഇത് കൃത്യമായ മെഡിക്കൽ നിർദ്ദേശങ്ങൾക്ക് പകരമല്ല. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു രജിസ്റ്റേർഡ് ഡോക്ടറുടെ സഹായം തേടുക).












Click it and Unblock the Notifications