61ാം വയസില്‍ വമ്പന്‍ മേക്ക് ഓവര്‍; ജിം മടുപ്പിച്ചു: പകരം ചെയ്തത്: വെയിറ്റ് ലോസ് ജേര്‍ണിയെക്കുറിച്ച് ഫറ ഖാന്‍
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളേക്കാള്‍ താരമൂല്യമുള്ള സംവിധായികയും കൊറിയോഗ്രാഫറുമാണ് ഫറ ഖാന്‍. ചെറുപ്പക്കാരായ താരങ്ങളേക്കാള്‍ ഊര്‍ജസ്വലതയോടെയാണ് ഫറ ഖാന്‍ ഇപ്പോഴും സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്നത്. സമൂഹ മാധ്യമങ്ങളിലും സജീവമായ ഫറ ഖാന്‍ നിരവധി റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവുമാണ്. ബാക്ക്ഗ്രൗണ്ട് ഡാന്‍സറില്‍ നിന്ന് ബോളിവുഡിലെ ഏറ്റവും മികച്ച കൊറിയോഗ്രാഫറും സംവിധായകയുമായി വളര്‍ന്ന ഫറയുടെ ജീവിതം അമ്പരിപ്പിക്കുന്നതാണ്.
എന്നാല്‍ ഇപ്പോഴിതാ, 61-ാം ജന്മദിനത്തില്‍ ഫറ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് സിനിമകളിലൂടെയല്ല. മറിച്ച് ഈ പ്രായത്തിലുണ്ടായ വമ്പന്‍ മേക്ക് ഓവറാണ്. ഭക്ഷണം കണ്ടാല്‍ ചാടിവീഴുന്ന താന്‍ എങ്ങനെയാണ് ഇത്രയധികം ഭാരം കുറച്ചതെന്ന് അടുത്തിടെ ഒരു യൂട്യൂബ് ചാനലിലൂടെ ഫറ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. എങ്ങനെയാണ് ഇത്രയധികം ഭാരം കുറച്ചതെന്ന് പലരും ചോദിക്കാറുണ്ടെന്ന് അവര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഈ മാറ്റം അത്ര പെട്ടെന്നുണ്ടായ ഒന്നല്ലെന്നും കഠിനമായ പരിശ്രമത്തിന്റേതാണെന്നും അവര്‍ മറുപടി പറയുന്നു.

ആരോഗ്യം ക്ഷയിപ്പിക്കുന്ന കര്‍ശന ഡയറ്റിലൂടെയല്ല മൂന്ന് കുട്ടികളുടെ അമ്മയായ ഫറ ഖാന്‍ ശരീര ഭാരം കുറച്ചത്. ഭാരം കുറയ്ക്കാനെടുത്തത് ഏഴു വര്‍ഷമാണ്. 50 വയസ് കഴിഞ്ഞപ്പോഴാണ് തന്റെ ശരീരത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് അവര്‍ പറയുന്നു. വെറുമൊരു ഡയറ്റ് എന്നതിലുപരി ആരോഗ്യമുള്ള ശരീരമായിരുന്നു ഫറയുടെ ലക്ഷ്യം.
ഭക്ഷണം രണ്ട് നേരം മാത്രമാക്കി. വലിയൊരു ഭക്ഷണപ്രിയയാണെങ്കിലും ഇപ്പോള്‍ ആഹാരരീതിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഒരു ദിവസം രണ്ട് നേരം മാത്രമാണ് ആഹാരം കഴിക്കുന്നത്. ഉച്ചഭക്ഷണവും അത്താഴവും. രാത്രി 7:30-ഓടെ അത്താഴം കഴിക്കുന്ന രീതിയാണ് പിന്തുടരുന്നത്.
കുട്ടികള്‍ ഉണ്ടാകുന്നതുവരെ മെലിഞ്ഞ ശരീരപ്രകൃതിയായിരുന്നു. പ്രസവം കഴിഞ്ഞ് 4-5 വര്‍ഷത്തിനു ശേഷം, വയറു കുറയ്ക്കുന്ന സര്‍ജറി നടത്തി. വളരെയധികം ചര്‍മ്മം തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. എത്ര വ്യായാമം ചെയ്താലും മാറാത്ത അമിത ചര്‍മ്മം ഒഴിവാക്കാനാണ് അന്ന് ആ തീരുമാനമെടുത്തത്. പിന്നീട് ഒരു വെല്‍നസ് സ്പായില്‍ പോയി വിറ്റാമിന്‍ ഡ്രിപ്പുകള്‍ സ്വീകരിച്ചു. ലിംഫറ്റിക് മസാജുകളും ചെയ്തു.
ജിമ്മിലെ വര്‍ക്ക്ഔട്ടുകള്‍ മടുപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഫറ കണ്ടെത്തിയ പുതിയ മാര്‍ഗ്ഗമായിരുന്നു ഗോവണികള്‍ കയറുക എന്നത്. ഒരു ദിവസം രണ്ട് നിലകളില്‍ തുടങ്ങിയ അവര്‍ പിന്നീട് അത് 28 നിലകള്‍ വരെയായി വര്‍ദ്ധിപ്പിച്ചു. ദിവസവും രണ്ട് തവണയായി 28 നിലകള്‍ കയറുന്നത് തന്റെ ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചുവെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
അമ്പതാം വയസ്സിന് ശേഷവും കൃത്യമായ ചിട്ടയിലൂടെയും പരിശ്രമത്തിലൂടെയും ആരോഗ്യം വീണ്ടെടുക്കാമെന്ന് തെളിയിക്കുകയാണ് ഫറ ഖാന്‍. മെഡിക്കല്‍ സഹായവും കൃത്യമായ ഭക്ഷണക്രമവും വ്യായാമവും ചേര്‍ന്നതാണ് തന്റെ ഈ മാറ്റമെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു.












Click it and Unblock the Notifications