പ്രസവശേഷം കുറച്ചത് 30 കിലോ; തടി കുറച്ചത് ഇങ്ങനെ, ഡയറ്റ് പങ്കിട്ട് നടി പാർവ്വതി
മലയാളികൾ സുപരിചിതയാണ് നടിയും അവതാരകയുമായ പാർവ്വതി. പ്രസവശേഷം വമ്പൻ മേക്കോവർ നടത്തി ഞെട്ടിച്ച താരം കൂടിയാണ് പാർവ്വതി. ഇപ്പോഴിതാ പ്രസവശേഷം 30 കിലോ ഭാരം കുറച്ചതിന് പിന്നിലെ രഹസ്യം പങ്കുവെയ്ക്കുകയാണ് നടി. മനോരമ ഓൺലൈനിനോടാണ് പ്രതികരണം.
പ്രസവകാലത്ത് കാര്യമായി തന്നെ ആസ്വദിച്ച് ഭക്ഷണം കഴിച്ചുവെന്ന് പറയുകയാണ് പാർവ്വതി. ഇതോടെ എല്ലാ മാസവും രണ്ട് കിലോ വെച്ച് കൂടി തുടങ്ങി. പ്രസവം അടുക്കാറായപ്പോഴേക്കും വീണ്ടും വണ്ണം കൂടി. ഏകദേശം 24 കിലോയോളം കൂടി ഭാരം 86ലെത്തി. എന്നാൽ അതൊന്നും കാര്യമാക്കിയേക്കില്ല. കുഞ്ഞുണ്ടായി ആറ് മാസം കഴിഞ്ഞപ്പോഴാണ് ശരീരഭാരം കുറക്കുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയതെന്ന് താരം പറയുന്നു.

മകന് ഒന്നാം പിറന്നാൾ ആകുന്നതിന് മുൻപ് ശരീരഭാരം കുറച്ചെങ്കിലും കുറക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ ഫിറ്റ്നസിനായി വിദഗ്ധരുടെ ഉപദേശം തേടി. തടികുറക്കാനുള്ള തന്റെ യാത്രയിൽ ആദ്യം ഒഴിവാക്കിയത് ജങ്ക് ഫുഡായിരുന്നുവെന്ന് താരം പറഞ്ഞു. മധുരം , എണ്ണയുള്ള ഭക്ഷണം അതെല്ലാം ഒഴിവാക്കി. ആദ്യ 20 ദിവസത്തിൽ തന്നെ ഇതിന്റെ ഫലം കണ്ടു. അങ്ങനെ ഒരു മാസം കൊണ്ട് 6 കിലോ കുറച്ചു. ആദ്യത്തെ നാല് മാസം കൊണ്ട് 20 കിലോ ഭാരം കുറക്കാൻ ആയി. പിന്നെ 2 കിലോ ഭാരം വീതം കുറച്ചു. ആകെ അങ്ങനെ 30 കിലോ ഭാരം കുറച്ച് 56 കിലോയിൽ എത്തി.
തടി കുറക്കണമെന്ന ചിന്ത ആദ്യം നമ്മുക്കാണ് വേണ്ടതെന്ന് പാർവ്വതി പറയുന്നു. മറ്റൊരാൾ നിർബന്ധിച്ച് ഡയറ്റ് ചെയ്യാൻ നിന്നാൽ കൃത്യമായി നമ്മൾ ഫോളോ ചെയ്തേക്കില്ല. നമ്മൾ ആഗ്രഹിക്കുമ്പോൾ ഡയറ്റ് തുടങ്ങുക. അതിന് മുൻപ് സ്വന്തം ശരീരത്തെ കുറിച്ച് ധാരണ ആവശ്യമാണെന്നും പാർവ്വതി പരയുന്നു.
80 ശതമാനവും ഡയറ്റിലാണ് കാര്യമെന്ന് പാർവ്വതി പറയുന്നു.20 ശതമാനം ആണ് വർക്ക് ഔട്ട്. ജിമ്മിൽ തന്നെ പോയി വർക്ക് ഔട്ട് ചെയ്യണമെന്നില്ല. വീട്ടിൽ തന്നെ ചെറിയ രീതിയിൽ വർക്ക് ഔട്ടുകൾ ചെയ്യാം. ചില പോസ്ചറുകൾ ശരിയാക്കാൻ വേണമെങ്കിൽ ജിമ്മിൽ പോകാം. കാരണം അല്ലെങ്കിൽ ഭാവിയിൽ ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം.
ഒരു ദിവസം കഴിക്കുന്നത്
ഇഞ്ചി, ജീരകം, നാരങ്ങ, ഒരു വെളുത്തുള്ളി അല്ലി എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം അൽപം തേനും ചേർത്ത് കഴിച്ച് കൊണ്ടാണ് ദിവസം തുടങ്ങാറുള്ളതെന്ന് പാർവ്വതി. കൃത്യം ഒരു മണിക്കൂർ കഴിഞ്ഞാണ് പ്രഭാത ഭക്ഷണം. വീട്ടിൽ സാധാരണ ഉണ്ടാക്കാറുള്ള ദോശ, ഇഡലി പോലുള്ളവ കഴിക്കും. അതിന്റെ അളവ് പ്രധാനമാണ്. തന്റെ ശരീരത്തിന് ആവശ്യമായ കലോറി വെച്ച് മൂന്നാണ് കഴിക്കാറുള്ളതെന്നും എന്നാൽ മറ്റുള്ളവർക്ക് ഇത് വ്യത്യസ്തമായിരിക്കുമെന്നും താരം പറഞ്ഞു.
പഴങ്ങളും പച്ചക്കറികളും ധാരാളമായി പാർവ്വതി ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്. 11 മണിക്ക് പഴങ്ങളോ ഓട്സോ എന്തെങ്കിലും കഴിക്കും. ഉച്ചയ്ക്ക് കുത്തരിച്ചോറും സാലഡുമൊക്കെ കഴിക്കാറുണ്ട്. പൊരിച്ച ഭക്ഷണങ്ങളോട് നോ പറയുകയാണ് പാർവ്വതി. മീനും ചിക്കനുമൊക്കെ നന്നായി കറിവെച്ച് കഴിക്കും. വൈകീട്ട് നാലിന് പഴങ്ങൾ കഴിക്കും. തണ്ണിമത്തനൊക്കെ കഴിക്കുന്ന ശരീരത്തിന് ഗുണം ചെയ്യുമെന്നും താരം പറയുന്നു. അത്താഴം വൈകിക്കാറില്ല. രാത്രി 8 ന് ഉള്ളിൽ ഭക്ഷണം കഴിക്കും. ഗോതമ്പാണ് പതിവ്. വൈകി ഭക്ഷണം കഴിക്കുന്നത് വയറിൽ കൊഴുപ്പടിയാൻ കാരണമാകും. മാത്രമല്ല ധാരാളം വെള്ളം കുടിക്കണമെന്നും പാർവ്വതി പറയുന്നു.












Click it and Unblock the Notifications