കല്യാണത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, 30 കഴിഞ്ഞിട്ടും രാകുല്‍ ഫിറ്റാണ്; എന്താണ് രഹസ്യം എന്നറിയാമോ?
തെന്നിന്ത്യയില്‍ നിന്നും തുടങ്ങി ബോളിവുഡ് വരെ എത്തിയ നടിയാണ് രാകുല്‍ പ്രീത് സിംഗ്. ഫെബ്രുവരി 21 ന് രാകുല്‍ പ്രീത് സിംഗിന്റെ വിവാഹമാണ്. നടനും സംരംഭകനുമായ ജാക്കി ഭാഗ്നാനിയെ ആണ് രാകുല്‍ വിവാഹം കഴിക്കുന്നത്. താരജോഡികളുടെ വിവാഹത്തിന്റെ ആഘോഷത്തിലാണ് സിനിമാ ലോകം മുഴുവന്‍. ഗോവയില്‍ വെച്ചാണ് രാകുല്‍ പ്രീത് സിംഗും ജാക്കി ഭാഗ്നാനിയും വിവാഹിതരാകുന്നത്.
2009 ല്‍ കന്നഡ ചിത്രത്തിലൂടെ അരങ്ങേറിയ രാകുല്‍ സിനിമാരംഗത്തെ 15-ാം വര്‍ഷം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഫിറ്റ്‌നസ് സംരക്ഷണത്തിനായി സമയം മാറ്റി വെക്കുന്നു എന്നതാണ് മറ്റ് സെലിബ്രിറ്റികളില്‍ നിന്ന് രാകുലിനെ വ്യത്യസ്തയാക്കുന്നത്. ഫിറ്റ്‌നസില്‍ താന്‍ കൈവരിക്കുന്ന പുരോഗതി ആരാധകരുമായും ഫോളോവേഴ്‌സുമായും പങ്കിടാനും രാകുല്‍ മറക്കാറില്ല.

എല്ലാ ദിവസവും അരമണിക്കൂര്‍ കാര്‍ഡിയോ വ്യായാമങ്ങളില്‍ ഏര്‍പ്പെടാന്‍ രാകുല്‍ മറക്കാറില്ല. പ്ലാംഗ്‌സ്, ലംഗ്‌സ്, പുഷ് അപ്പ് എന്നിവയാണ് കരുത്ത് കൂട്ടുന്നതിനായി താരം പരിശീലിക്കുന്നത്. ഇതിനൊപ്പം യോഗ ചെയ്യാനും താരം മറക്കാറില്ല. എപ്പോഴും ആരോഗ്യം, കായികം, ഫിറ്റ്നസ് എന്നിവയില്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കാന്‍ താരം ശ്രമിക്കാറുണ്ട്. 2018 മുതലാണ് രാകുല്‍ യോഗ ചെയ്യാന്‍ തുടങ്ങിയത്.
യോഗ പ്രായമായ ആളുകള്‍ക്കുള്ളതാണെന്ന് താന്‍ ഒരിക്കല്‍ വിശ്വസിച്ചിരുന്നു എന്ന് 2020 ല്‍ ഹെല്‍ത്ത്‌ഷോട്ടിന് നല്‍കിയ അഭിമുഖത്തില്‍ രാകുല്‍ പറഞ്ഞിരുന്നു. അത് തെറ്റാണെന്ന് പിന്നീട് മനസിലായെന്നും യോഗ നിങ്ങളുടെ ശരീരത്തിലെ എല്ലാ കോശങ്ങളെയും പുനരുജ്ജീവിപ്പിക്കുന്നു എന്നും രാകുല്‍ കൂട്ടിച്ചേര്‍ത്തു. ഏതു തരത്തിലുള്ള ജീവിതശൈലി മാറ്റവും നിങ്ങള്‍ സ്വയം തീരുമാനിച്ചതും സംഭവിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുമ്പോഴും മാത്രമായിരിക്കണം എന്നാണ് രാകുലിന്റെ പക്ഷം.
നോണ്‍ വെജ് ഭക്ഷണം ഇഷ്ടപ്പെട്ടിരുന്ന രാകുല്‍ കഴിഞ്ഞ കുറച്ച് നാളുകളായി പൂര്‍ണ്ണ സസ്യാഹാരിയാണ്. 'വെജ് ആയി മാറുന്നത് ശരിക്കും എന്റെ മനസ്സില്‍ ഇല്ലായിരുന്നു. എന്നാല്‍ പെട്ടെന്നുള്ള ഒരു തോന്നലിന്റെ പുറത്ത് സസ്യാഹരം കഴിക്കാന്‍ തുടങ്ങി. മാംസാഹാരം കഴിക്കുന്നതിനേക്കാള്‍ സസ്യാഹാരം കഴിക്കുമ്പോള്‍ എനിക്ക് നല്ലതായി തോന്നി. ഇത് പരീക്ഷിച്ചതിന് തുടരണമെന്ന് ഞാന്‍ തീരുമാനിച്ചു,' രാകുല്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
അതിന് ശേഷം തന്റെ ചര്‍മ്മത്തില്‍ ഒരു വ്യത്യാസം കണ്ടു എന്നും ഭാരം കുറഞ്ഞതായി തോന്നി എന്നും രാകുല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വിഭവങ്ങളോടാണ് രാകുല്‍ പ്രീത് സിംഗിന് പ്രിയം. അരി കൊണ്ടോ ജോവര്‍ കൊണ്ടോ ഉണ്ടാക്കുന്ന റൊട്ടികളാണ് താരം പ്രധാനമായും കഴിക്കുന്നത്. ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ ചേര്‍ക്കാനും താരം മറക്കാറില്ല. രാകുലിന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ചോറിനൊപ്പം തായ് കറി ചേര്‍ത്ത് കഴിക്കുന്നത്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും താരം ചോറ് കഴിക്കുന്നു. ഇത് നല്ല കാര്‍ബോഹൈഡ്രേറ്റ് ആണ്.












Click it and Unblock the Notifications