പ്രസവശേഷം തടി കുറക്കാൻ ഇങ്ങനെ ചെയ്താൽ മതിയോ? നടി ഷിൽപ ഷെട്ടിയുടെ ടിപ്സ് ഇതാ,കുറച്ചത് 32 കിലോ
പ്രസവ സമയത്ത് ശരീരഭാരം കൂടുന്നത് സ്വാഭാവികമാണ്. എന്നാൽ ആ കൂടിയ ഭാരം കുറയ്ക്കുകയെന്നത് ശ്രമകരവും. പക്ഷേ അധികം കഷ്ടപ്പെടാതെ തന്നെ പ്രസവശേഷവും തടി കുറക്കാനുള്ള എളുപ്പവഴി പറയുകയാണ് നടി ശിൽപ ഷെട്ടി. പ്രസവ ശേഷം 32 കിലോയാണ് താരം കുറച്ചത്.
കുറഞ്ഞ കാർബ്, നോ-കാർബ് ഡയറ്റ് ആണ് താൻ പിന്തുടർന്നതെന്നാണ് ശിൽപ പറയുന്നത്. അതേസമയം കാർബോഹൈഡ്രേറ്റുകൾക്ക് പ്രാധാന്യം ഉണ്ടെന്നും നടി പറയുന്നു. നമ്മൾ ധാരാളം യാത്ര ചെയ്യുകയും ജോലി ചെയ്യുകയും ചെയ്യുന്നവരാണ്. ഇതിനുള്ള ഊർജം ലഭിക്കണമെങ്കിൽ കാർബോഹൈഡ്രേറ്റുകൾ ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. എന്നാൽ പലതും വാരിവലിച്ച് കഴിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി.

'വറുത്ത ഉരുളക്കിഴങ്ങ് കഴിക്കരുത്. അതേസമയം പുഴുങ്ങിയ മധുരക്കിഴങ്ങ് കഴിക്കാം. എല്ലാ ദിവസവും രാവിലെ പുളിപ്പിച്ച മാവ് കൊണ്ടുള്ള ഭക്ഷണങ്ങൾ കഴിക്കാറുണ്ട്.. രാത്രി 7 മണിക്ക് ശേഷം കാർബോഹൈഡ്രേറ്റ് ഒഴിവാക്കാനും ഞാൻ ശ്രമിക്കാറുണ്ട്', ശിൽപ്പഷെട്ടി പറഞ്ഞു. അതേസമയം കാർബോഹൈഡ്രേറ്റുകളുള്ളതോ ഇല്ലാത്തതോ ആയ ഭക്ഷണക്രമം ശരീരഭാരം കുറയ്ക്കാൻ ആളുകളെ സഹായിക്കുമെങ്കിലും പ്രസവ ശേഷം അതൊഴിവാക്കുമ്പോൾ ശ്രദ്ധപുലർത്തണമെന്നാണ് ഡൽഹിയിലെ സികെ ബിർള ഹോസ്പിറ്റൽ (ആർ) ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം കൺസൾട്ടൻ്റ് ഡോ പ്രിയങ്ക സുഹാഗ് പറയുന്നത്. തീർച്ചയായും ഡോക്ടർമാരുടെ നിർദ്ദേശം സ്വീകരിക്കണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
എന്താണ് ലോ കാർബ്സ് ഡയറ്റ്?
കാർബോഹൈഡ്രേറ്റ് കുറക്കുകയെന്നാൽ ധാന്യങ്ങൾ, പഴങ്ങൾ, അന്നജം അടങ്ങിയ പച്ചക്കറികൾ എന്നിവ പോലുള്ള ഭക്ഷണങ്ങൾ നിയന്ത്രിക്കുകയെന്നതാണ്. കലോറി ഉപയോഗം കുറയുന്നത് കൊണ്ട് തന്നെ ഈ രീതി തീർച്ചയായും തടി കുറക്കാൻ സഹായിക്കും. അതേസമയം കാർബോഹൈഡ്രേറ്റുകൾ കുറയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് കുഞ്ഞിന് പോഷകങ്ങൾ ലഭിക്കാതിരിക്കാൻ കാരണമാകും.നോ-കാർബ് ഡയറ്റുകൾ പോലെയുള്ള കർശനമായ ഭക്ഷണരീതികൾ പ്രസവം കഴിഞ്ഞ സ്ത്രീകളുടെ ശരീരത്തെ കൂടുതൽ ബുദ്ധിമുട്ടിപ്പിച്ചേക്കും.
ഊർജത്തിന്റെ പ്രധാന ശ്രോതസാണ് കാർബോഹൈഡ്രേറ്റുകൾ. മുലയൂട്ടലിന് ഇത് അത്യന്താപേക്ഷിതമാണ്. കാർബോഹൈഡ്രേറ്റുകൾ ശരീരത്തിന്റെ ഊർജനിലയേയും സ്ത്രീകളുടെ ശാരീരിക മാനസികാവസ്ഥയേയും ബാധിക്കുമെന്നും വിദഗ്ദർ പറയുന്നു. പ്രസവശേഷം സുഖം പ്രാപിക്കുന്നതിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അതോടൊപ്പം തന്നെ കുട്ടികൾക്ക് നവജാത ശിശുക്കൾക്ക് പോഷകം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ഇതിനായി വിദഗ്ദരുടെ നിർദ്ദേശം സ്വീകരിക്കുകയെന്നതും പ്രധാനമാണ്.












Click it and Unblock the Notifications