59-ാം വയസ്സിലും 20-കാരന്റെ ചുറുചുറുക്ക്..! അക്ഷയ് കുമാറിന്റെ ഫിറ്റ്നസ്സ് രഹസ്യം അറിയാം
ബോളിവുഡിന്റെ സ്വന്തം 'ഖിലാഡി' അക്ഷയ് കുമാറിന് പ്രായം 59 ആയെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? സിനിമാ ആക്ഷൻ സ്റ്റണ്ടുകളിലും നൃത്തരംഗങ്ങളിലും ഇന്നും ഒരു ഇരുപതുകാരന്റെ ഊർജ്ജമാണ് താരത്തിന്. കഠിനമായ ഡയറ്റുകളും കലോറി കണക്കുകളും നോക്കാതെ തന്നെ തനിക്ക് എങ്ങനെയാണ് ഈ പ്രായത്തിലും ഇത്രയും ഫിറ്റായിരിക്കാൻ സാധിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ 20 വർഷമായി താൻ മുടങ്ങാതെ പിന്തുടരുന്ന ആ ഒരു പ്രധാന ശീലമാണ് ഇതിന് പിന്നിലെന്ന് അക്ഷയ് കുമാർ വ്യക്തമാക്കുന്നു.
കലോറി നോക്കാറില്ല, ഇഷ്ടമുള്ളതെല്ലാം കഴിക്കും
പല സെലിബ്രിറ്റികളും കർശനമായ ഡയറ്റുകളും പ്രോട്ടീൻ ഷേക്കുകളും മാത്രം ആശ്രയിക്കുമ്പോൾ അക്ഷയ് കുമാറിന്റെ രീതി തികച്ചും വ്യത്യസ്തമാണ്. "ഞാൻ കലോറി നോക്കി ഭക്ഷണം കഴിക്കുന്ന ആളല്ല. പ്രോട്ടീന്റെ അളവിനെക്കുറിച്ചും അധികം ചിന്തിക്കാറില്ല. ജിലേബിയും ബർഫിയും പൂരി ചോലെയുമെല്ലാം ഞാൻ നന്നായി കഴിക്കാറുണ്ട്," ഒരു അഭിമുഖത്തിൽ താരം തുറന്നുപറഞ്ഞു. എന്നാൽ ഇഷ്ടമുള്ളതെല്ലാം കഴിക്കുമ്പോഴും താൻ കൃത്യമായി പാലിക്കുന്ന രണ്ട് പ്രധാന നിയമങ്ങളാണ് തന്റെ ആരോഗ്യത്തിന്റെ അടിത്തറയെന്ന് താരം കൂട്ടിച്ചേർത്തു.

20 വർഷമായി തെറ്റിക്കാത്ത ആ ഗോൾഡൻ റൂൾ!
വൈകുന്നേരം 6:30 ന് ശേഷം ഭക്ഷണം കഴിക്കില്ല എന്നതാണ് അക്ഷയ് കുമാർ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പിന്തുടരുന്ന ഏറ്റവും പ്രധാനപ്പെട്ട ശീലം. സൂര്യനസ്തമയത്തിന് ശേഷം ശരീരം വിശ്രമത്തിലേക്ക് കടക്കുന്നതിനാൽ അതിനു മുൻപായി അത്താഴം പൂർത്തിയാക്കുന്നതാണ് താരത്തിന്റെ രീതി. രണ്ടാമത്തെ കാര്യം മദ്യപാന ശീലമില്ല എന്നതാണ്. പാർട്ടിയിൽ ആരെങ്കിലും മദ്യം നൽകിയാൽ 'ചിയേഴ്സ്' പറഞ്ഞ് കുടിക്കുന്നത് പോലെ അഭിനയിച്ച്, ആരുമില്ലാത്ത സമയം നോക്കി അത് അടുത്തുള്ള ചെടികളിലേക്ക് ഒഴിച്ചുകളയാറാണ് പതിവെന്നും താരം തമാശയോടെ പങ്കുവെച്ചു. അതോടൊപ്പം സ്ഥിരമായി ചെയ്യുന്ന വ്യയാമവും തന്റെ ശരീരത്തെ ചെറുപ്പമായി സൂക്ഷിക്കുന്നു എന്ന് അദേഹം പറയുന്നു.
നേരത്തെയുള്ള അത്താഴവും ആരോഗ്യവും: ശാസ്ത്രം പറയുന്നത്
അക്ഷയ് കുമാർ പിന്തുടരുന്ന ഈ നേരത്തെയുള്ള അത്താഴ ശീലം ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് വിവിധ പഠനങ്ങളും ശരിവെക്കുന്നുണ്ട്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 20 ശതമാനത്തോളം വർധിപ്പിക്കാൻ കാരണമാകുമെന്നാണ് കണ്ടെത്തൽ. കൂടാതെ, നേരത്തെ ഭക്ഷണം കഴിക്കുന്നവരേക്കാൾ വൈകി അത്താഴം കഴിക്കുന്നവരിൽ കൊഴുപ്പ് എരിഞ്ഞുതീരുന്നതിന്റെ (Fat Burning) നിരക്ക് 10 ശതമാനം കുറവാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
സിനിമകളുടെ വാണിജ്യ വിജയ പരാജയങ്ങൾ എന്തുതന്നെയായാലും തന്റെ കരിയറിലെ ഉയർച്ച താഴ്ചകളിലും ജീവിതശൈലിയിലും ഫിറ്റ്നസ്സിലും അക്ഷയ് കുമാർ പുലർത്തുന്ന ഈ അച്ചടക്കമാണ് അദ്ദേഹത്തെ ഇന്നും ബോളിവുഡിലെ ഏറ്റവും ഫിറ്റായ നടന്മാരിലൊരാളായി നിലനിർത്തുന്നത്.












Click it and Unblock the Notifications