'എങ്കില്‍ ദിലീപിനെ പ്രസിഡന്റ് ആക്ക് സിദ്ദിഖ് സെക്രട്ടറിയും'; അന്‍സിബയ്ക്കെതിരേ സോഷ്യല്‍ മീഡയയില്‍ വിമര്‍ശനം
താര സംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് ആരോപണ വിധേയരായ താരങ്ങള്‍ മത്സരിക്കുന്നതിനെ പിന്തുണച്ച നടി അന്‍സിബയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം. കഴിഞ്ഞ ദിവസമാണ് അന്‍സിബ ഇതു സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയത്തില്‍ ആരോപണ വിധേയരായവര്‍ക്ക് മത്സരിക്കാമെങ്കില്‍ താര സംഘടനയില്‍ മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പം എന്നായിരുന്നു അന്‍സിബയുടെ ചോദ്യം.
അമ്മയില്‍ നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അംഗമാണ് അന്‍സിബ ഹസന്‍. ഇക്കുറി അമ്മ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് പത്രികയും സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ള ചിലര്‍ക്കെതിരേ പീഡന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അമ്മ ഭരണസമിതി പിരിച്ചുവിട്ടത്. അന്ന് മുതല്‍ അഡ്ഹോക് കമ്മിറ്റിയാണ് ഭരണം നിര്‍വഹിക്കുന്നത്.

അമ്മയുടെ 32 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്രയും അധികം പേര്‍ മത്സരിക്കുന്നത് ആദ്യമായിട്ടാണെന്ന് അന്‍സിബ പറഞ്ഞു. ഇക്കുറി അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 74 പേരോളം പത്രിക നല്‍കിയിട്ടുണ്ട്. വനിതകള്‍ അടക്കം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയാറായി മുന്നോട്ട് വന്നതിനെയും അന്‍സിബ സ്വാഗതം ചെയ്തിരുന്നു.
അതേസമയം, ആരോപണ വിധേയരായ താരങ്ങള്‍ മത്സരിക്കുന്നതില്‍ അന്‍സിബയുടെ അഭിപ്രായത്തിന് വിരുദ്ധമായ അഭിപ്രായമാണ് ആസിഫലി നേരത്തെ പങ്കുവെച്ചത്. അമ്മ സംഘടനയുടെ തലപ്പത്തേക്ക് ആരോപണ വിധേയര്‍ അല്ലാത്തവര്‍ മത്സരിക്കട്ടെ എന്നാണ് ആസിഫ് അലി നിലപാട് വ്യക്തമാക്കിയത്.
അന്‍സിബയുടെ അഭിപ്രായത്തിനെതിരേ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. അമ്മയുടെ പ്രസിഡന്റ സ്ഥാനത്തേക്ക് ദിലീപ് എങ്ങാനും വരുന്നുണ്ടോ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും കമന്റ് ബോക്‌സുകളിലൂടെ ചോദിക്കുന്നത്. ഇത്രയും ആരോപണങ്ങള്‍ നേരിട്ടിട്ടും ദിലീപ് ഒക്കെ എങ്ങനെയാണ് അമ്മയില്‍ നിലനില്‍ക്കുന്നതെന്ന് മനസിലായില്ലേ എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അന്‍സിബയുടെ അഭിപ്രായത്തോട്, 'എങ്കില്‍ ദിലീപിനെ പ്രസിഡന്റ് ആക്ക് സിദ്ദിഖ് സെക്രട്ടറിയും' എന്നാണ് ഒരാള്‍ വിമര്‍ശിച്ചത്.
അന്‍സിബയുടെ അഭിപ്രായം പരോക്ഷമായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പിന്തുണയ്ക്കുന്നതാണെന്നാണ് ഷഹജാസ് എന്നയാള്‍ അഭിപ്രായപ്പെട്ടത്. 'പെണ്ണിനെ പീഡിപ്പിച്ചവര്‍ രാഷ്ട്രീയത്തിലില്ലേ, ഞങ്ങള്‍ക്ക് പീഡിപ്പിച്ചാല്‍ എന്താണ് കുഴപ്പം, കയ്യടി കിട്ടുന്ന ഡയലോഗാണ്, അതായത് ഞങ്ങളും അവരെ പോലെ, മാറ്റമൊന്നും പ്രതീക്ഷിക്കണ്ട' - ഇതായിരുന്നു ഷഹജാസിന്റെ വിമര്‍ശനം.
അതേസമയം, അന്‍സിബയെ പിന്തുണയ്ക്കുന്നവരും കുറവല്ല. താരതമ്യേനെ അമ്മയിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളില്‍ ഒരാളാണെങ്കിലും മറ്റു ഭാരവാഹികളെ അപേക്ഷിച്ച് വ്യക്തമായ നിലപാടുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പങ്കുവയ്ക്കാന്‍ അന്‍സിബയ്ക്ക് പപ്പോഴും കഴിഞ്ഞിട്ടുണ്ട്. പ്രതിസന്ധികളിലും അമ്മ സംഘടനയ്ക്ക് വേണ്ടി എപ്പോഴും നിലകൊള്ളാനും അന്‍സിബ ശ്രമിച്ചിട്ടുണ്ട്.
സംഘടനയുടെ തലപ്പത്തേക്ക് വരാന്‍ പ്രാപ്തിയുള്ള താരമാണ് അന്‍സിബ എന്ന അഭിപ്രായങ്ങള്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. താരപ്രഭയേക്കാള്‍ ഉപരി സംഘടനയെ നയിക്കാന്‍ നേതൃത്വപാടവമാണ് വേണ്ടതെന്ന നിരീക്ഷണവും പങ്കുവയ്ക്കുന്നവരുണ്ട്.












Click it and Unblock the Notifications