ചൈനക്കാരെ പോലെ മുഖം തിളങ്ങണോ? ഇതാ വീട്ടിൽ പരീക്ഷിക്കാവുന്ന 5 പുരാതന ചൈനീസ് സൗന്ദര്യ രഹസ്യങ്ങൾ
ഇന്നത്തെ കാലത്ത് സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ കോടികൾ മറിയുന്ന ഒരു വൻകിട വ്യവസായമായി മാറുന്നതിനും എത്രയോ മുൻപ് തന്നെ, പുരാതന കാലത്ത് ആളുകൾ ചർമ്മസംരക്ഷണത്തിനായി പ്രകൃതിദത്ത ചേരുവകളെയും പരമ്പരാഗത വിദ്യകളെയുമാണ് ആശ്രയിച്ചിരുന്നത്. ഇന്ത്യ, കൊറിയ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ഇത്തരം രീതികൾ തലമുറകളായി കൈമാറി വന്നവയാണ്.
ചർമ്മത്തിന് ആവശ്യമായ പോഷണം നൽകുക, രക്തയോട്ടം കൂട്ടുക, ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുക എന്നിവയിലൂന്നിയ ചില പുരാതന ചൈനീസ് ചർമ്മസംരക്ഷണ രഹസ്യങ്ങളും അവയ്ക്ക് പിന്നിലെ ശാസ്ത്രീയ വശങ്ങളും താഴെ പറയുന്നവയാണ്:

1. ഗ്രീൻ ടീ
ചൈനയിൽ നൂറ്റാണ്ടുകളായി ഗ്രീൻ ടീ കുടിക്കാനും ചർമ്മത്തിൽ പുരട്ടാനും ഉപയോഗിക്കുന്നുണ്ട്. ചൂടാറിയ ഗ്രീൻ ടീ ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തെ വീക്കവും തടിപ്പും ക്ഷീണവും മാറ്റാൻ പണ്ടുകാലം മുതലേ ചൈനക്കാർ ഉപയോഗിച്ചിരുന്ന രീതിയാണ്. ഗ്രീൻ ടീയിൽ 'കാറ്റെച്ചിനുകൾ' അടങ്ങിയിട്ടുണ്ട്, ഇവയ്ക്ക് ചർമ്മത്തിലെ വീക്കം തടയാനുള്ള ശേഷിയുണ്ട്.
ഒരു കപ്പ് ഗ്രീൻ ടീ തയ്യാറാക്കി ചൂടാറാൻ വെയ്ക്കുക. ഇതിൽ വൃത്തിയുള്ള ഒരു തുണി മുക്കി 10 മിനിറ്റ് മുഖത്ത് വെയ്ക്കാം. ഗ്രീൻ ടീയിലുള്ള പോളിഫെനോളുകൾ ചർമ്മത്തെ കേടുപാടുകളിൽ നിന്നും പ്രായമാകുന്ന ലക്ഷണങ്ങളിൽ നിന്നും സംരക്ഷിക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പഠനങ്ങൾ വ്യക്തമാക്കുന്നു.
2. കഞ്ഞിവെള്ളം
കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ സൗന്ദര്യ സംരക്ഷണത്തിൽ അരി കഴുകിയ വെള്ളത്തിന് വലിയ സ്ഥാനമുണ്ട്. ചർമ്മവും മുടിയും വൃത്തിയാക്കാൻ മൃദുവായ ഒരു ക്ലെൻസറായി ഇത് പണ്ടേ ഉപയോഗിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന അന്നജം, അമിനോ ആസിഡുകൾ, ധാതുക്കൾ എന്നിവ ചർമ്മത്തെ കൂടുതൽ മൃദുവാക്കാനും വരൾച്ച മാറ്റാനും സഹായിക്കും.
അരി രണ്ടാമത് കഴുകിയ വെള്ളം എടുത്ത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം മുഖം കഴുകാൻ ഉപയോഗിക്കാം.
3. താമരപ്പൂവും താമരവിത്തും
പുരാതന ചൈനീസ് ആരോഗ്യ ഗ്രന്ഥങ്ങളിൽ ചർമ്മത്തെ തണുപ്പിക്കാനും ശാന്തമാക്കാനും താമരപ്പൂവും താമരവിത്തും ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ താമരയുടെ സത്തുകൾക്ക് പ്രത്യേക കഴിവുണ്ട്. ഇത് ചർമ്മത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ നിലനിർത്തുന്നു.
ഇന്ന് വിപണിയിൽ ലഭ്യമായ സെറാമൈഡുകളും താമരയുടെ സത്തുകളും അടങ്ങിയ സുഗന്ധമില്ലാത്ത മോയ്‌സ്ചറൈസറുകൾ നിങ്ങൾക്ക് ഇതിനായി ഉപയോഗിക്കാം.
4. ജേഡ് ഫേഷ്യൽ മസാജ്
പരമ്പരാഗത ചൈനീസ് ചികിത്സാരീതികളിൽ മുഖത്തെ മൃദുവായ മസാജിന് വലിയ പ്രാധാന്യമുണ്ട്. ഇത് രക്തയോട്ടം കൂട്ടാനും പേശികളുടെ പിരിമുറുക്കം കുറയ്ക്കാനും സഹായിക്കുന്നു. 'ജേഡ്' പോലുള്ള പ്രത്യേക കല്ലുകൾ കൊണ്ടുള്ള മസാജ് മുഖത്തെ നീർക്കെട്ട് താൽക്കാലികമായി കുറയ്ക്കാനും ലിംഫാറ്റിക് ഡ്രെയിനേജ് മെച്ചപ്പെടുത്താനും സഹായിക്കും. ഇത് മുഖത്തിന് പെർമനന്റ് ആയ മാറ്റങ്ങൾ നൽകില്ലെങ്കിലും താൽക്കാലികമായി നല്ലൊരു തിളക്കം നൽകും.
മുഖത്ത് കുറച്ച് ഫേസ് ഓയിൽ പുരട്ടിയ ശേഷം ജേഡ് റോളർ അല്ലെങ്കിൽ ഗുവാ ഷാ ഉപകരണം ഉപയോഗിച്ച് മുഖത്തിന്റെ നടുഭാഗത്തുനിന്ന് പുറത്തേക്ക് വളരെ മൃദുവായി 5 മിനിറ്റ് മസാജ് ചെയ്യുക.
5. ഹെർബൽ ബ്യൂട്ടി സൂപ്പുകൾ
പുരാതന ചൈനീസ് വിദ്യകൾ പ്രകാരം യഥാർത്ഥ ഭംഗി ഉണ്ടാകേണ്ടത് ശരീരത്തിന്റെ ഉള്ളിൽ നിന്നാണ്. ഗോജി ബെറികൾ , ചുവന്ന ഈന്തപ്പഴം, കറുത്ത എള്ള്, താമരവിത്ത് എന്നിവ ചൈനക്കാർ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നു. ഇത് ശരീരത്തിന് ഉന്മേഷം നൽകുന്നതിനൊപ്പം ചർമ്മത്തിനും മുടിക്കും കൂടുതൽ ആരോഗ്യം നൽകും.














Click it and Unblock the Notifications