ഹൃദയാഘാതത്തിന് ശേഷം 27 കിലോ കുറച്ച് സംവിധായകൻ അനുരാഗ് കശ്യപ്; മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് തന്റെ കടുത്ത ആരോഗ്യപ്രതിസന്ധികളെയും ചെറിയ കാലയളവിനുള്ളിൽ അമിതഭാരം കുറച്ചതിനെ പറ്റിയും തുറന്നുപറഞ്ഞത് ഇപ്പോൾ വലിയ ചർച്ചയാവിഷയമായിരിക്കുകയാണ്. ഹൃദയാഘാതവും തുടർച്ചയായ അസ്ത്‌മയും നേരിട്ടതിന് പിന്നാലെ താൻ 27 കിലോഗ്രാം ഭാരമാണ് കുറച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയും ശാരീരിക ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോയ ഒരു ഘട്ടത്തിൽ നിന്നാണ് ഈ അവിശ്വസനീയമായ തിരിച്ചുവരവ്.
എന്താണ് അനുരാഗ് കശ്യപിന് സംഭവിച്ചത്
തനിക്ക് നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ഒരു അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറയുന്നത് ഇങ്ങനെയാണ്. "എനിക്ക് ഹൃദയാഘാതവും തുടർച്ചയായി അസ്ത്‌മ അറ്റാക്കുകളും ഉണ്ടായി. ഇതിന്റെ ചികിത്സയ്ക്കായി കടുത്ത രീതിയിൽ സ്റ്റെറോയിഡുകൾ ഉപയോഗിക്കേണ്ടി വന്നു. അതോടെ എനിക്ക് എന്നെത്തന്നെ പൂർണ്ണമായി നഷ്ടപ്പെട്ടു. ഞാൻ ഉള്ളിൽ നിന്ന് തകർന്നുപോയിരുന്നു. പല തരം ഡീ-അഡിക്ഷൻ പ്രോഗ്രാമുകളിലും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലും പോയെങ്കിലും ഒന്നിനും എന്നെ സഹായിക്കാൻ കഴിഞ്ഞില്ല. എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല."

തുടർച്ചയായി വ്യായാമം ചെയ്യുകയും കൃത്യമായ ഫിറ്റ്നസ് സൂക്ഷിക്കുകയും ചെയ്തിരുന്ന വ്യക്തിയായിട്ടും തന്റെ ശരീരത്തിന് പെട്ടെന്ന് എന്ത് സംഭവിച്ചു എന്ന ചോദ്യം അദ്ദേഹത്തെ അലട്ടിയിരുന്നു. പെട്ടെന്ന് ശരീരഭാരം കൂടിയതും, കടുത്ത രീതിയിൽ മുടി കൊഴിഞ്ഞതും, പ്രായമാകുന്നതിന് മുൻപ് തന്നെ തലമുടി പൂർണ്ണമായി നരച്ചതുമെല്ലാം അദ്ദേഹത്തെ മാനസികമായി തളർത്തി.
ആ മാറ്റത്തിന് സഹായിച്ചത് എന്താണ്?
'പെമ വെൽനസ് റിട്രീറ്റ്' എന്ന കേന്ദ്രത്തിൽ വെച്ച് നടത്തിയ സമഗ്രമായ ജീവിതശൈലി മാറ്റങ്ങളാണ് അനുരാഗ് കശ്യപിനെ രക്ഷപെടുത്തിയത്. അവിടെ വെച്ച് ഡോക്ടർമാരുടെ കർശനമായ മേൽനോട്ടത്തിൽ 11 ദിവസത്തെ കടുത്ത ലിക്വിഡ് ഡയറ്റ് അദ്ദേഹം പിന്തുടർന്നു.
ഇതോടൊപ്പം യോഗ അധ്യാപകനിൽ നിന്ന് പഠിച്ച പ്രാണായാമം അദ്ദേഹത്തെ ഏറെ സഹായിച്ചു. മനസ്സിനെ ശാന്തമാക്കാനും ശരീരത്തിൽ നിന്ന് കടുത്ത മാനസിക സമ്മർദ്ദം പൂർണ്ണമായി ഒഴിവാക്കാനും പ്രാണായാമം വഴി സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എപ്പോഴും ജോലിയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും മാത്രം ചിന്തിച്ചിരുന്ന അവസ്ഥയിൽ നിന്ന് മാറി, സ്വന്തം ആരോഗ്യത്തിനും ശരീരത്തിനും കൃത്യമായ സമയം മാറ്റിവെക്കാൻ ഈ ശീലം അദ്ദേഹത്തെ പഠിപ്പിച്ചു.
ഡോക്ടർമാരുടെ വിലയിരുത്തലും മുന്നറിയിപ്പുകളും
അനുരാഗ് കശ്യപിന്റെ ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, ഹൃദയാഘാതത്തിന് ശേഷം പെട്ടെന്ന് ഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് മുംബൈ വോക്കാർഡ് ഹോസ്പിറ്റലിലെ പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. പരിൻ സംഗോയ് ചില പ്രധാന കാര്യങ്ങൾ പങ്കുവെക്കുന്നുണ്ട്.
ശരീരത്തിലെ മാറ്റങ്ങൾക്ക് കാരണം: അസ്ത്‌മയ്ക്കായി ഉപയോഗിക്കുന്ന സ്റ്റെറോയിഡ് മരുന്നുകൾ ശരീരത്തിൽ വലിയ തോതിൽ വെള്ളം കെട്ടിക്കിടക്കാനും, വിശപ്പ് കൂടാനും, മെറ്റബോളിസം തകിടം മറിച്ച് പെട്ടെന്ന് തടി കൂടാനും കാരണമാകും. രോഗാവസ്ഥ, ഉറക്കക്കുറവ്, വ്യായാമമില്ലായ്മ എന്നിവയും മുടികൊഴിച്ചിലിലേക്കും മറ്റ് മാറ്റങ്ങളിലേക്കും നയിക്കും.
ഹോലിസ്റ്റിക് റിക്കവറി: ഹൃദയാഘാതത്തിൽ നിന്നുള്ള മോചനം എന്നത് ഹൃദയത്തെ മാത്രം ചികിത്സിക്കലല്ല. മറിച്ച് പോഷകാഹാരം, കൃത്യമായ ഉറക്കം, യോഗ, ശ്വസന വ്യായാമങ്ങൾ എന്നിവയിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കലാണ്.
ലിക്വിഡ് ഡയറ്റിലെ അപകടങ്ങൾ: അനുരാഗ് കശ്യപിനെപ്പോലെ കടുത്ത ലിക്വിഡ് ഡയറ്റുകൾ സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ പരീക്ഷിക്കുന്നത് അത്യന്തം അപകടകരമാണ്. പെട്ടെന്ന് ഭാരം കുറയ്ക്കുന്ന ഇത്തരം ക്രാഷ് ഡയറ്റുകൾ ശരീരത്തിൽ പോഷകക്കുറവുണ്ടാക്കുകയും, പേശീബലം കുറയ്ക്കുകയും, ഹൃദയത്തിന്റെ താളം തെറ്റിക്കുകയും ചെയ്യും. ഹൃദയാഘാതം വന്നതിന് ശേഷം ഭാരം കുറയ്ക്കുന്നത് വളരെ പതുക്കെയും സുരക്ഷിതവുമായിരിക്കണം. കൃത്യമായ പോഷകാഹാരത്തിലൂടെയും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമുള്ള വ്യായാമത്തിലൂടെയും മാത്രമേ ഇത് ചെയ്യാവൂ. മരുന്നുകൾ കഴിക്കുന്നതുപോലെ തന്നെ പ്രധാനമാണ് സമ്മർദ്ദമില്ലാത്ത ജീവിതവും ആരോഗ്യകരമായ ശീലങ്ങളും ദീർഘകാലത്തേക്ക് നിലനിർത്തുക എന്നത്.












Click it and Unblock the Notifications