കണ്ണെഴുതിയാല്‍ ഡാര്‍ക്ക് സര്‍ക്കിള്‍സ് ഉണ്ടാകുമോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
മുഖത്ത് ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളില്‍ ഏറ്റവും പ്രമുഖ സ്ഥാനമാണ് കാജലിനുള്ളത്. പരമ്പരാഗതമായി നമ്മുടെ നാട്ടില്‍ കൊച്ചുകുട്ടികള്‍ മുതല്‍ വയോധികര്‍ വരെ കണ്ണ് എഴുതുന്നവരാണ്. കണ്ണിന് കൂടുതല്‍ മിഴിവ് ലഭിക്കാനാണ് കാജല്‍ ഉപയോഗിക്കുന്നത്. പുറത്തു പോകുന്നതിന് മുന്‍പ് കാജല്‍ ഉപയോഗിച്ച് കണ്ണ് നീട്ടി എഴുതുമ്പോള്‍ പലര്‍ക്കും ആത്മവിശ്വാസം വര്‍ധിക്കാറുണ്ട്. കാജലിന്റെ നിരവധി ഉല്‍പന്നങ്ങളാണ് ഇന്ന് വിപണിയിലുള്ളത്.
അതേസമയം, രാത്രി ഉറങ്ങുന്നതിന് മുന്‍പ് കാജല്‍ തുടച്ചുനീക്കാന്‍ മടിയുള്ളവരാണ് പലരും. കുളിച്ചാലും കാജലിന്റെ അംശങ്ങള്‍ കണ്ണിനു ചുറ്റും പറ്റിപ്പിടിച്ചിരിക്കാറുണ്ട്. ഈ ശീലം ഒട്ടും നല്ലതല്ലെന്നാണ് ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നത്. കാജല്‍ ഏറെ നേരം കണ്ണില്‍ അണിയുന്നത് ത്വക്കിന് പലവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കണ്ണിനു ചുറ്റും കറുപ്പ് നിറം പടരാനും (ഡാര്‍ക്ക് സര്‍ക്കിള്‍സ്) കാരണമാകുമെന്നാണ് സൗന്ദര്യ വിദഗ്ധര്‍ പറയുന്നത്.

കിടക്കുന്നതിന് മുന്‍പ് മേക്കപ്പ് പൂര്‍ണമായും നീക്കം ചെയ്തില്ലെങ്കില്‍ അത് കണ്ണിനടിയില്‍ കറുത്ത വൃത്തങ്ങള്‍ക്ക് കാരണമായേക്കാം. ഉറങ്ങുന്നതിനു മുമ്പ് കണ്ണിനു ചുറ്റും നന്നായി വൃത്തിയാക്കുകയാണ് ഏക പരിഹാരം. ഡാര്‍ക്ക് സര്‍ക്കിള്‍സിന് പൂര്‍ണമായ പരിഹാരം കാണാന്‍ അണ്ടര്‍ ഐ ക്രീമുകള്‍ കൊണ്ടു സാധിക്കില്ല.
കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മം മുഖത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് തീരെ ലോലമായതിനാല്‍ സൂക്ഷ്മമായ പരിചരണം ആവശ്യമാണ്. കാജല്‍ നീക്കം ചെയ്യാന്‍ കണ്ണുകള്‍ അമര്‍ത്തി തിരുമ്മുന്നത് ചര്‍മ്മത്തിന് ദോഷം ചെയ്യും. ഇത് ത്വക്കിനുള്ളിലേക്ക് കണ്മഷി കൂടുതല്‍ ആഗിരണം ചെയ്യാന്‍ കാരണമാകും. തൊലിയിളകി കണ്മഷി ഉള്ളിലേക്കു പോകാനും സാധ്യതയുണ്ട്. വെളിച്ചെണ്ണ ഉപയോഗിച്ച് കണ്മഷി നീക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. വെള്ളിച്ചെണ്ണ കണ്ണിനു ചുറ്റും നന്നായി തേച്ചുപിടിപ്പിച്ച് ഒരു ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ കൈകള്‍ കൊണ്ടോ മൃദുവായി തുടച്ചുനീക്കാം. കണ്ണിനു താഴെയുള്ള ചര്‍മത്തെ പരിപാലിക്കാന്‍ നിലവാരമുള്ള ക്രീമുകള്‍ ഉപയോഗിക്കണം.
പല വിലകളില്‍ കാജല്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അതുകൊണ്ട് നിലവാരമുള്ള കാജല്‍ നോക്കി വേണം ഉപയോഗിക്കാന്‍. അല്ലെങ്കില്‍ പല ദോഷകരമായ രാസവസ്തുക്കളും കണ്ണിനുള്ളില്‍ കടക്കാന്‍ സാധ്യതയുണ്ട്.
ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കാന്‍ പ്രകൃതിദത്തമായ കാജല്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. രാസവസ്തുക്കള്‍ അടങ്ങിയ കാജലുകള്‍ ചര്‍മ്മത്തിന് ദോഷം ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍ ശരിയായ ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് ത്വക്കിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.












Click it and Unblock the Notifications