നൂഡിൽസ് ഇഷ്ട ഭക്ഷണമാണോ? ദിവസവും കഴിക്കാറുണ്ടോ?; എന്നാൽ അപകടം, കാത്തിരിക്കുന്ന പ്രശ്നങ്ങൾ ഇതാണ്
വളരെ പെട്ടെന്ന് തയ്യാറാക്കാമെന്നത് കൊണ്ടും രുചികരമായതുകൊണ്ടും ആളുകൾക്ക് ഏറെ പ്രീയപ്പെട്ട ഭക്ഷണമാണ് നൂഡിൽസ്. എന്നാൽ ദിവസേന ന്യൂഡിൽസ് കഴിച്ചാലോ? നിങ്ങളെ കാത്തിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളായിരിക്കും. അധികമായി നൂഡിൽസ് കഴിക്കുന്നതിലൂടെ വരുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാം
ഉയർന്ന രക്തസമ്മർദ്ദം
നൂഡിൽസുകളിൽ സോഡിയത്തിന്റെ അളവ് വളരെ കൂടുതലാണ്, പ്രത്യേകിച്ച് ഇൻസ്റ്റന്റ് നൂഡിൽസുകളിൽ. അതായത് പ്രതിദിനം ശുപാർശ ചെയ്യുന്ന ഉപ്പിന്റെ അളവിനേക്കാൾ കൂടുതലായിരിക്കും ഇതെന്ന് സാരം. ഇത് രക്തസമ്മർദ്ദം വർധിക്കാനും ഹൃദ്രോഗം പക്ഷാഘാതം പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകും.

പോഷകങ്ങളുടെ കുറവ്
നൂഡിൽസുകൾളിൽ ആവശ്യത്തിന് നാരുകളോ വിറ്റാമിനുകളോ ധാതുക്കളോ മറ്റ് പോഷകങ്ങളോ ഇല്ല. അതുകൊണ്ട് തന്നെ നൂഡിൽസ് അമിതമായി കഴിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിച്ചേക്കും. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തേയും ഇത് ബാധിക്കും.
ദഹന പ്രശ്നങ്ങൾ
ശരിയായ രീതിയിൽ ദഹനം നടക്കണമെങ്കിൽ ശരീരത്തിൽ കൃത്യമായ അളവിൽ നാരുകൾ എത്തേണ്ടതുണ്ട്. നൂഡിൽസിൽ നാരുകൾ അല്ല, അതുകൊണ്ട് തന്നെ ഇത് അധികമായി കഴിക്കുന്നത് മലബന്ധത്തിന് കാരണമാകും. മാത്രമല്ല ശരീരത്തിലെ മൊത്തത്തിലുള്ള ദഹനആരോഗ്യത്തേയും ദോഷകരമായി ബാധിക്കും.
മാനസികാരോഗ്യത്തേയും ബാധിക്കും
ദിവസവും നൂഡിൽസ് കഴിക്കുന്നത് മാനസികാരോഗ്യത്തിലും സ്വാധീനം ചെലുത്തുമത്രേ. പോഷകങ്ങളുടെ അഭാവവും കാർബോഹൈഡ്രേറ്റുകൾ അമിതമായതുമെല്ലാമാണ് ഇതിന് കാരണം. ഇടയ്ക്കിടെ നൂഡിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അസന്തുലിതമാകാനും കാരണമാകും. ഇത് ശരീരം ക്ഷീണിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും.
രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും
ഹാനികരമായ കൊഴുപ്പുകളും അധിക പ്രിസർവേറ്റീവുകളും കൂടുതലുള്ള നൂഡിൽസ് പതിവായി കഴിക്കുന്നത് വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കും.നൂഡിൽസിൽ അടങ്ങിയിരിക്കുന്ന അനാരോഗ്യകരമായ കൊഴുപ്പുകൾ കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത ഉയർത്തുകയും ചെയ്യും.
പ്രോട്ടീൻ്റെ അഭാവം
നൂഡിൽസിൽ സാധാരണയായി പ്രോട്ടീൻ കുറവാണ്. പേശികളുടെ പുനരുദ്ധാരണത്തിനും വളർച്ചയ്ക്കും പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്. പ്രോട്ടീൻ കുറവുള്ള ഭക്ഷണക്രമം പേശികളുടെ ബലഹീനതയ്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും.
ശരീരഭാരം കൂട്ടും
നൂഡിൽസിൽ കലോറി കൂടുതലാണ്. അമിതമായി ഇവ കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും. മാത്രമല്ല പോഷകങ്ങൾ ഇല്ലെന്നതും ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കും.
ഇക്കാരണങ്ങളെല്ലാം കൊണ്ടു തന്നെ പതിവായി നൂഡിൽസ് കഴിക്കുന്നത് ഒഴിവാക്കാം. ലഘുഭക്ഷണമായി മാത്രം ഇവയെ പരിഗണിക്കുക. മാത്രമല്ല കൂടുതൽ പച്ചക്കറികളും ധാന്യങ്ങളും പഴങ്ങളുമെല്ലാം ഉൾപ്പെടുത്തിയുള്ള ഭക്ഷണക്രമം ചിട്ടപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കാം.












Click it and Unblock the Notifications