വീടിന്റെ മൂലകളിലും ജനലുകളിലുമെല്ലാം ചിലന്തി വലയുണ്ടോ? ചിലന്തി ശല്യം ഒഴിവാക്കാൻ 5 വഴികൾ
കിടപ്പുമുറിയുടെ ഒരു മൂലയിൽ, അല്ലെങ്കിൽ ജനലിൽ, കട്ടിളപ്പടിയിൽ ഒക്കെ വലകെട്ടി താമസം ഉറപ്പിച്ചിരിക്കുന്ന ചിലന്തി നമ്മുടെയൊക്കെ വീടുകളിലെ സ്ഥിരം കാഴ്ചയാണ്. എത്ര തവണ വൃത്തിയാക്കിയാലും ഒരിടത്ത് അല്ലെങ്കിൽ മറ്റൊരിടത്ത് ചിലന്തിവലകൾ പ്രത്യക്ഷപ്പെട്ട് കൊണ്ടേയിരിക്കും.
ചിലന്തികളെ തുരത്താൻ പലരും കെമിക്കൽ സ്പ്രേകൾ ആണ് ഉപയോഗിക്കാറുളളത്. എന്നാലിത് നമ്മുടെയും ആരോഗ്യത്തിന് ഹാനികരമാണ്. വീട്ടിൽ തന്നെയുളള ചില വസ്തുക്കൾ ഉപയോഗിച്ച് ചിലന്തികളെ ഓടിക്കാം. അതിനുളള 5 ലളിതമായ വഴികൾ ഇതാ..
1. വിനാഗിരി സ്പ്രേ
വെള്ളവും വൈറ്റ് വിനാഗിരിയും ഒരേ അളവിൽ ഒരു സ്പ്രേ ബോട്ടിലിൽ എടുത്ത് നന്നായി മിക്സ് ചെയ്യുക. ചിലന്തികൾ സ്ഥിരമായി വരുന്ന ജനൽ, വാതിൽപ്പടികൾ, ചുവരിന്റെ മൂലകൾ എന്നിവിടങ്ങളിൽ ഇത് ദിവസവും തളിക്കുക.വിനാഗിരിയിൽ അടങ്ങിയിട്ടളള അസിഡിക് ഗന്ധം ചിലന്തികൾക്ക് സഹിക്കാൻ കഴിയില്ല.

2. നാരങ്ങാത്തോട്
നാരങ്ങയോ ഓറഞ്ചോ കഴിച്ച് കഴിഞ്ഞാൽ അതിന്റെ തോട് കളയേണ്ട. ഈ തോട് ഉപയോഗിച്ച് ചിലന്തിവല കാണാറുളള ഇടങ്ങളിൽ തിരുമ്മുക. ഇവയുടെ തോടിലുളള ഡി-ലിമോണീൻ എന്ന ഘടകം ചിലന്തികളെ അകറ്റാൻ ഫലപ്രദമണ്. ഓറഞ്ച് തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് ആറ്റിയ ശേഷം ആ വെള്ളം സ്പ്രേ ചെയ്താലും മതി.
3. കറുവപ്പട്ടയും ഗ്രാമ്പൂവും
കറുവപ്പട്ട പൊടിച്ചത് കൊണ്ട് ചിലന്തിയെ ഓടിക്കാം. കറുവപ്പട്ട നല്ല പൊടിയാക്കി അത് ചുവരിന്റെ മൂലകളിലും ജനൽപ്പടിയിലുമൊക്കെ വിതറിയാൽ മതി. അതല്ലെങ്കിൽ ഗ്രാമ്പൂവും കറുവപ്പട്ടയും ഒരു ചെറുതുണിയിൽ കെട്ടി വെക്കുന്നതും ചിലന്തികളെ അകറ്റാൻ സഹായിക്കും.
4. വെളുത്തുള്ളി വെള്ളം
വെളുത്തുള്ളിയുടെ രൂക്ഷഗന്ധം ചിലന്തികൾക്ക് പിടിക്കില്ല. വെളുത്തുള്ളിയിലുളള സൾഫറാണ് കാരണം. 4-5 അല്ലി വെളുത്തുള്ളി ചതച്ച് ഒരു ലിറ്റർ വെള്ളത്തിൽ കുറച്ച് മണിക്കൂർ കുതിർത്ത് വെക്കുക. ഈ വെള്ളം അരിച്ചെടുത്ത് തലിച്ച് കൊടുത്താൽ ചിലന്തി ശല്യം ഒഴിവായിക്കിട്ടും.
5. പുതിനയും ഡിഷ് സോപ്പും
2 കപ്പ് ചൂടുവെള്ളത്തിൽ 10-15 തുള്ളി പുതിന ഓയിലും ഒരു ടീസ്പൂൺ പാത്രങ്ങൾ കഴുകുന്ന സോപ്പോ ലിക്വിഡോ ചേർക്കുക. ഇത് ഒരു സ്പ്രേ ബോട്ടിലിലാക്കി ചിലന്തി വരുന്ന ഇടങ്ങളിൽ തളിച്ച് കൊടുക്കുന്നതും ഫലപ്രദമായ ഒരു വഴിയാണ്.


Click it and Unblock the Notifications
