ചായക്കപ്പിൽ ചായക്കറ പിടിച്ചിരിക്കുകയാണോ? എളുപ്പത്തിൽ കറ കളയാനുളള വഴികളിതാ
ചായയും കാപ്പിയുമൊക്കെ കുടിക്കാൻ ഇന്നത്തെ കാലത്ത് സ്റ്റീൽ ഗ്ലാസുകളേക്കാൾ ആളുകൾക്കിഷ്ടം മഗ്ഗുകളാണ്. എന്നാൽ ഈ മഗ്ഗുകളുടെ ഒരു പ്രധാന പ്രശ്നം കുറച്ച് നാൾ ഉപയോഗിച്ച് കഴിയുമ്പോൾ ഉളളിൽ കറയുടെ അടയാളങ്ങൾ കാണാം എന്നതാണ്.
അതിഥികൾക്ക് ചായയോ കാപ്പിയോ കൊടുക്കാനായി മഗ്ഗ് എടുക്കുമ്പോൾ, അതിനുള്ളിൽ തവിട്ടുനിറത്തിലുള്ള കറ കാണുന്നത് പലർക്കും നാണക്കേടുണ്ടാക്കുന്ന ഒന്നാണ്. കാപ്പിയും ചായയും കുടിച്ച ശേഷം ഉടൻ കഴുകാതെ വയ്ക്കുമ്പോഴാണ് അവയിലെ ടാനിൻ എന്ന പദാർത്ഥം മഗ്ഗിനുളളിൽ ഉറച്ചുപിടിച്ച് കറയാകുന്നത്. നിങ്ങളുടെ അടുക്കളയിലുള്ള ചില സാധാരണ സാധനങ്ങൾ ഉപയോഗിച്ച് ഇവ വളരെ എളുപ്പത്തിൽ വൃത്തിയാക്കാം.

1. ബേക്കിംഗ് സോഡ പേസ്റ്റ്
സാധാരണയുള്ള കറകൾ മാറ്റാൻ ഏറ്റവും എളുപ്പമുള്ള വഴിയാണിത്. 2-3 ടീസ്പൂൺ ബേക്കിംഗ് സോഡ മഗ്ഗിലേക്ക് ഇടുക. അല്പം വെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക.
ഒരു സ്പോഞ്ച് അല്ലെങ്കിൽ മൃദുവായ തുണി ഉപയോഗിച്ച് 30 മുതൽ 60 സെക്കൻഡ് വരെ പതുക്കെ ഉരയ്ക്കുക. പഴക്കം ചെന്ന കറയാണെങ്കിൽ ഉരയ്ക്കുന്നതിന് മുൻപ് പേസ്റ്റ് 5-10 മിനിറ്റ് മഗ്ഗിൽ വയ്ക്കുക. ബേക്കിംഗ് സോഡ മഗ്ഗിൽ വര വീഴാതെ തന്നെ കറ മാറ്റാൻ സഹായിക്കും.
2. വിനാഗിരി
വളരെ പഴയതും കടുപ്പമേറിയതുമായ കറകൾക്ക് മഗ്ഗ് വിനാഗിരിയിൽ കുതിർക്കുന്നതാണ് നല്ലത്. മഗ്ഗിന്റെ പകുതിയോളം വൈറ്റ് വിനാഗിരി ഒഴിക്കുക. ബാക്കി ഭാഗം ചൂടുവെള്ളം ഒഴിച്ച് നിറയ്ക്കുക. കറയുടെ കാഠിന്യം അനുസരിച്ച് 15 മിനിറ്റ് മുതൽ 2 മണിക്കൂർ വരെ ഇത് മാറ്റിവെക്കുക. അതിനുശേഷം ലഘുവായി ഒന്നു കഴുകിയെടുത്താൽ മതിയാകും.
3. ചെറുനാരങ്ങയും ഉപ്പും
മഗ്ഗിനുള്ളിലേക്ക് കല്ലുപ്പ് വിതറുക. അതിലേക്ക് ചെറുനാരങ്ങാനീര് ഒഴിക്കുകയോ അല്ലെങ്കിൽ മുറിച്ച ചെറുനാരങ്ങ കൊണ്ട് കറയുള്ള ഭാഗത്ത് ഉരയ്ക്കുകയോ ചെയ്യുക. 10-15 മിനിറ്റിനു ശേഷം ചൂടുവെള്ളത്തിൽ കഴുകുക. പുതിയ കറകൾക്ക് ഇത് വളരെ ഫലപ്രദമാണ്.
4. ബേക്കിംഗ് സോഡയും ചെറുനാരങ്ങയും
കറയുള്ള ഭാഗത്ത് നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് അതിനു മുകളിൽ ബേക്കിംഗ് സോഡ വിതറുക. പതഞ്ഞുപൊന്തുമ്പോൾ കുറച്ചു മിനിറ്റ് വെക്കുക. അതിനുശേഷം പതുക്കെ ഉരച്ച് കഴുകിക്കളയാം.
5. ഡെഞ്ചർ ടാബ്‌ലെറ്റ് ട്രിക്ക്
ചൂടുവെള്ളം നിറച്ച മഗ്ഗിലേക്ക് കൃത്രിമപ്പല്ലുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒരു ഡെഞ്ചർ ടാബ്‌ലെറ്റ് ഇടുക. 15-30 മിനിറ്റ് ഇത് പതയാൻ അനുവദിക്കുക. അധികം ഉരയ്ക്കുക പോലും ചെയ്യാതെ തന്നെ കറകൾ എളുപ്പത്തിൽ ഇളകിപ്പോരും.


Click it and Unblock the Notifications
