എസിയില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നായോ? സൂക്ഷിച്ചാല്‍ ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ചൂട് കൂടിയതോടെ വീടുകളിലും ഓഫീസുകളിലും എസിയുടെ ഉപയോഗത്തില്‍ വലിയ വര്‍ധനയുണ്ടായി. 24 മണിക്കൂറും എസിയില്‍ ഇരിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. വേനല്‍ക്കാലത്ത് ഓഫീസുകളിലും വീടുകളിലും എസി വ്യാപകമായതോടെ ഇതിന്റെ തണുപ്പില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് പറയുന്നവരും ഏറെയാണ്.
അധികം വിയര്‍ക്കാതെ ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ജോലി ചെയ്യാന്‍ എസിയുടെ തണുപ്പ് സഹായിക്കും. കൊതുകും ചൂടും വലയ്ക്കുന്ന നഗര രാത്രികളില്‍ ഒരുപാട് പേര്‍ സുഖമായി ഉറങ്ങുന്നതും എസിയുടെ തണുപ്പിലാണ്. എന്നാല്‍ ഈ കൃത്രിമ തണുപ്പ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതാണ്. ദിവസം മുഴുവന്‍ എസിയില്‍ ഇരിക്കുന്നവര്‍ക്ക് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്നു തന്നെയാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

എസിയിലെ വായു നമ്മുടെ ശരീരത്തില്‍ നിന്ന് ഈര്‍പ്പം ആഗിരണം ചെയ്യുന്നു എന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. ഇത് പലതരം ചര്‍മ്മ പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കുന്നു. എസിയില്‍ ദീര്‍ഘനേരം ചിലവഴിക്കുന്നത് നിര്‍ജലീകരണത്തിന് കാരണമാകുന്നു. കാരണം എസിയില്‍ ഇരിക്കുമ്പോള്‍ ദാഹം തോന്നില്ല. ഇത് ശരീരത്തില്‍ ജലത്തിന്റെ അഭാവത്തിന് കാരണമാകും. ശരീരത്തിലെ ജലത്തിന്റെ കുറവ് മൈഗ്രെയ്ന്‍, തലവേദന ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
എസിയില്‍ ദീര്‍ഘനേരം ഇരിക്കുന്നത് ചര്‍മ്മത്തിലെ ഈര്‍പ്പത്തെയും ബാധിക്കുന്നു. ഇതു മൂലം ചര്‍മം വരണ്ടു പോകാനും വിണ്ടുകീറാനും സാധ്യതയുണ്ട്. തുടര്‍ച്ചയായി ഈ കൃത്രിമ തണുപ്പില്‍ ഇരിക്കുന്നത് സോറിയാസിസ്, എക്‌സിമ (ചര്‍മ്മത്തിലെ നീര്‍ക്കെട്ട്) തുടങ്ങിയ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.
എസിയുടെ തണുപ്പില്‍ ദീര്‍ഘനേരം ഇരിക്കുന്നത് സന്ധികള്‍ക്കും നടുവേദനയ്ക്കും കാരണമാകും. പലപ്പോഴും ഇത് അനുഭവപ്പെടുന്നത് എസിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ആയിരിക്കും. വാതസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരും എസിയില്‍ ദീര്‍ഘനേരം ഇരിക്കരുത്.
എസിയിലിരുന്ന് മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യുന്നത് കണ്ണുകളെയും ദോഷകരമായി ബാധിക്കുന്നു. എസിയിലെ വായു കണ്ണുകളുടെ ഈര്‍പ്പം ആഗിരണം ചെയ്യുന്നു. ഇതുമൂലം കണ്ണുകളില്‍ വേദന, വരള്‍ച്ച, കണ്‍തടങ്ങളില്‍ വീക്കം എന്നിവ ഉണ്ടാവാന്‍ സാധ്യതയുണ്ട്.
എസി നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കുന്നതിലും അമാന്തം കാണിക്കരുത്. പതിവായി വൃത്തിയാക്കിയില്ലെങ്കില്‍ അതിനുള്ളില്‍ പൊടിയും ബാക്ടീരിയയും ഫംഗസുമൊക്കെ അടിഞ്ഞു കൂടുകയും അത് ശ്വസനത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യും. ഇത് ആസ്മ, അലര്‍ജി, മറ്റ് ശ്വസന രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. വിട്ടുമാറാത്ത മൂക്കടപ്പ്, തുടര്‍ച്ചയായ തുമ്മല്‍, സൈനസൈറ്റിസ് എന്നിവയൊക്കെ അനുബന്ധമായി വരാനും സാധ്യതയുണ്ട്
കൊച്ചു കുട്ടികള്‍, ആസ്മയുള്ളവര്‍, പ്രായമായവര്‍, രോഗികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ എസി ദീര്‍ഘനേരം ഉപയോഗിക്കുന്നതും ഒഴിവാക്കണം. എസി എപ്പോഴും 22-25 ഡിഗ്രി താപനിലയില്‍ ക്രമീകരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. എസി മുറികള്‍ എപ്പോഴും തൂത്തു തുടച്ച് വൃത്തിയാക്കുന്നതിലും മടി കാണിക്കരുത്.












Click it and Unblock the Notifications