തണുപ്പു കൂടുമ്പോള്‍ കാല്‍ നിലത്ത് ഉറപ്പിക്കാനാവാത്ത അവസ്ഥ; ഈ ശീലങ്ങള്‍ ഉടനടി ഒഴിവാക്കൂ
ശൈത്യകാലത്ത് പലര്‍ക്കും കൈയ്ക്കും കാലിനുമൊക്കെ വേദന കൂടുന്നത് സാധാരണമാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാല്‍ നിലത്ത് ഉറപ്പിക്കാനാവാത്ത അവസ്ഥ പോലും ഉണ്ടാകാം. താപനില കുറയുന്നതും സൂര്യപ്രകാശത്തിന്റെ കുറവും ശരീരത്തിന്റെ ചലനമില്ലായ്മയും ഇതിന് കാരണങ്ങളാണ്. ചില ദൈനംദിന ശീലങ്ങളും സന്ധിവാതത്തിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വീട്ടിലും ജോലിസ്ഥലത്തും വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ സന്ധികള്‍ക്ക് ആശ്വാസം നല്‍കിയേക്കാം.
തുടര്‍ച്ചയായ ഇരിപ്പ്, തണുത്ത കാലാവസ്ഥയില്‍ ശരീരം വസ്ത്രം കൊണ്ട് മൂടാതിരിക്കുക, പെട്ടെന്നുള്ള ആയാസം, ഉറക്കക്കുറവ്, ഉപ്പുള്ള ഭക്ഷണം എന്നിവ സന്ധി വേദന വര്‍ധിപ്പിക്കുന്ന പ്രധാന ശീലങ്ങളാണ്. ഈ ദൈനംദിന ശീലങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ വേദനയ്ക്ക് വലിയൊരളവു വരെ ആശ്വാസം ലഭിക്കും.
തണുത്ത കാലാവസ്ഥ ശരീരത്തിലെ രക്തക്കുഴലുകളെ ചുരുക്കി രക്തയോട്ടം കുറയ്ക്കുകയും മസിലുകളുടെ പിടുത്തം വര്‍ധിപ്പിക്കുകയും ചെയ്യും. ശൈത്യകാലത്ത് പലരും വീടിനുള്ളില്‍ ഒതുങ്ങിക്കൂടി ചലനം കുറയ്ക്കാറുണ്ട്. അമിതഭക്ഷണം മൂലമുള്ള ഭാരക്കൂടുതല്‍ സന്ധിവാതം ബാധിച്ച കാല്‍മുട്ടുകളിലും ഇടുപ്പുകളിലും സമ്മര്‍ദം ചെലുത്തും.

തുടര്‍ച്ചയായി ഇരിക്കുന്നത് പേശികളെ ദുര്‍ബലമാക്കും. എഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തില്‍ പിടുത്തം അനുഭവപ്പെടാം. ഓരോ മണിക്കൂറിലും ചെറിയ രീതിയിലുള്ള നടത്തവും ചെറിയ വ്യായാമങ്ങളും ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
ശൈത്യകാലത്ത് ശരീരത്തിന് ചൂടു ലഭിക്കുന്ന വസ്ത്രങ്ങളില്ലാതെ പുറത്തിറങ്ങുന്നത് സന്ധികള്‍ക്ക് ആഘാതമേല്‍പ്പിക്കാം. കാല്‍മുട്ടുകളിലും കൈകളിലും കണങ്കാലുകളിലും തണുപ്പടിക്കുന്നത് വേദന വര്‍ദ്ധിപ്പിക്കും. അതിനാല്‍ തെര്‍മല്‍ വസ്ത്രങ്ങളും സോക്‌സുകളും കയ്യുറകളും ധരിക്കുന്നത് ആശ്വാസം നല്‍കും. ഉറങ്ങുമ്പോള്‍ കട്ടിയുള്ള പുതപ്പുകള്‍ ഉപയോഗിക്കുക.
ഭാരമുള്ള വസ്തുക്കള്‍ ഒറ്റയടിക്ക് ഉയര്‍ത്തുന്നത് പേശികള്‍ക്ക് ആഘാതം ഏല്‍പ്പിക്കും. വേദന കൂടാനും സാധ്യതയുണ്ട്. ചെറിയ വ്യായാമങ്ങളിലൂടെ ശരീരത്തെ തയാറാക്കിയ ശേഷം ഭാരം എടുക്കുക. സന്ധി വേദന ഉണ്ടാകുമ്പോള്‍ ചൂടുവെള്ളം നിറച്ച ബാഗുകള്‍ ഉപയോഗിക്കാം.
ഉറക്കമില്ലായ്മ ശരീരത്തിലെ സമ്മര്‍ദ ഹോര്‍മോണുകള്‍ വര്‍ധിപ്പിച്ച് സന്ധികളെ ദോഷകരമായി ബാധിക്കാം. രാത്രിയില്‍ ഇത് കഠിനമാകും. ഉറങ്ങുന്നതിന് മുമ്പ് ഫോണ്‍ ഉപയോഗം കുറയ്ക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.
അമിതമായി ഉപ്പുള്ള ലഘുഭക്ഷണങ്ങള്‍ ശരീരത്തില്‍ ജലാംശം കെട്ടിനില്‍ക്കാന്‍ ഇടയാക്കും. ഇത് സന്ധികളില്‍ വീക്കം ഉണ്ടാക്കി വേദന വര്‍ദ്ധിപ്പിക്കും. പഴങ്ങളും നട്സുകളും വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണവും കഴിക്കുക. നടത്തം, യോഗ പോലുള്ള വ്യായാമങ്ങള്‍ എന്നും ചെയ്യുന്നത് സന്ധികളിലെ തരുണാസ്ഥിയെ പിന്തുണയ്ക്കും. ചൂടുവെള്ളത്തിലുള്ള കുളിയും എണ്ണ കൊണ്ടുള്ള മസാജും പിടുത്തം കുറയ്ക്കാന്‍ സഹായിക്കും. ദീര്‍ഘകാലമായി വേദനയുള്ളവര്‍ റുമാറ്റോളജിസ്റ്റിനെ സമീപിക്കണം.












Click it and Unblock the Notifications