മുടി കൊഴിച്ചിൽ എന്ത് ചെയ്തിട്ടും കുറയുന്നില്ലേ?; സമൃദ്ധമായി മുടി വളരാൻ വെളിച്ചെണ്ണ-റോസ്മേരി എണ്ണക്കൂട്ട്
പ്രായവ്യത്യാസമില്ലാതെ എല്ലാവരും അനുഭവിക്കുന്ന പ്രശ്നമാണ് മുടി കൊഴിച്ചൽ. പ്രത്യേകിച്ച് ഈ മഴക്കാലത്ത്. മുടിയുടെ ആരോഗ്യം നിലനിർത്താൻ പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അതിനോടൊപ്പം തന്നെ ബാഹ്യപരിചരണവും ആവശ്യമാണ്.
എന്ന് വെച്ച് കിട്ടിയത് എന്തും തലയിൽ വാരി തേച്ചാൽ അത് മുടിയെ ദോഷകരമായി ബാധിച്ചേക്കും. മുടിയെ അറിഞ്ഞ് വേണം ബാഹ്യ ചികിത്സ. ഇന്ന് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ഒരു എണ്ണകൂട്ട് പരിചയപ്പെടാം. വെളിച്ചെണ്ണയും റോസ്മേരി ഓയിലും ചേർത്ത് തയ്യാറാക്കുന്ന എണ്ണ തീർച്ചയായും നിങ്ങളുടെ മുടികൊഴിച്ചൽ പ്രശ്നത്തിന് ഉത്തമ പരിഹാരം നൽകും. എണ്ണയുടെ ഗുണങ്ങളെ കുറിച്ചും ഉണ്ടാക്കേണ്ടത് എങ്ങനെയെന്നും വിശദമായി അറിയാം.

മുടിയുടെ കരുത്തിന് വെളിച്ചെണ്ണ
വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ തണ്ടിലേക്ക് ഇറങ്ങിച്ചെന്ന് മുടിയ്ക്ക് സംഭവിക്കുന്ന പ്രോട്ടീൻ നഷ്ടത്തെ കുറക്കാൻ സഹായിക്കുന്നു. മുടിയുടെ ബലം നിലനിർത്താനും മുടി പൊട്ടുന്നത് പോലുള്ള പ്രശ്നം ഇല്ലാതാക്കാനും ഇത് സഹായികും. കൂടാതെ, വെളിച്ചെണ്ണയുടെ ആൻ്റിമൈക്രോബയൽ ഗുണങ്ങൾ മുടി കൊഴിച്ചിലിലേക്ക് നയിച്ചേക്കാവുന്ന അണുബാധകളിൽ നിന്ന് തലയോട്ടിയെ സംരക്ഷിക്കുകയും ചെയ്യും.
റോസ്മേരി ചില്ലറക്കാരിയല്ല
റോസ്മേരി ഓയിലാകട്ടെ, മുടി വളർച്ചയ്ക്ക് അത്യുത്തമമാണ്. ഇതിൽ ഉർസോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും രോമകൂപങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
റോസ്മേരി ഓയിൽ പതിവായി ഉപയോഗിക്കുന്നത് അകാല നര പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരം തീർക്കും. ഇതിലെ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് മുടിയെ സംരക്ഷിക്കും. റോസ്മേരിയുടെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളങ്ങൾ തലയോട്ടിയിലെ താരനേയും തുരത്തും.
ഇനി എണ്ണ എങ്ങനെ തയ്യാറാക്കാമെന്ന് അറിയാം
ആദ്യം അരക്കപ്പ് വെളിച്ചെണ്ണ എടുക്കാം. വേണമെങ്കിൽ അൽപം ചൂടാക്കിയെടുക്കാം. ഇതിലേക്ക് 10 ഓ 15 ഓ തുള്ളി റോസ്മേരി ഓയിൽ ചേർത്ത് കൊടുക്കാം. ഇനി നന്നായി യോജിപ്പിച്ചെടുക്കാം. ഇനി നന്നായി തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം. തല നന്നായി മസാജ് ചെയ്തെന്ന് ഉറപ്പാക്കാം. കുറഞ്ഞത് 10 മിനിറ്റെങ്കിലും തലയോട്ടിയിൽ മസാജ് ചെയ്യണം. ഇത് രക്തചംക്രമണം വർധിപ്പിക്കുകയും മുടിയുടെ വേരുകളിലേക്ക് എണ്ണയിറങ്ങാൻ സഹായിക്കുകയും ചെയ്യും. മുടിയുടെ അറ്റത്തും എണ്ണ തേച്ച് പിടിപ്പിക്കണം. മുടിയിഴകൾക്ക് ബലം നൽകാൻ ഇത് സഹായിക്കും.ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. രാത്രി തലയിൽ തേച്ച് പിറ്റേന്ന് കഴുകികളയുന്നതാണ് കൂടുതൽ ഫലപ്രദം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ എണ്ണ ഉപയോഗിക്കാം.
പോഷകാഹാരങ്ങൾ കുറക്കരുത്
ആരോഗ്യമുള്ള മുടി നിലനിർത്തുന്നതിന് പോഷകാഹാരങ്ങളും അത്യാവശ്യമാണ്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം അല്ലെങ്കിൽ ഫ്ളാക്സ് സീഡുകൾ പോലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് മുടികൊഴിച്ചിൽ തടയാനാകും. ഈ പോഷകങ്ങൾ തലയോട്ടി ആരോഗ്യകരമാക്കാനും ശക്തമായ മുടി വളർച്ച പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.












Click it and Unblock the Notifications