ബീറ്റ്‌റൂട്ടിനോട് ഇഷ്ടം കൂടുതലാണോ? എന്നാല്‍ ഇക്കൂട്ടര്‍ ബീറ്റ്‌റൂട്ട് കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം
ആരോഗ്യ ഗുണങ്ങളിലും സൗന്ദര്യ ഗുണങ്ങളിലും മുന്നിലാണ് ബീറ്റ്‌റൂട്ട് എന്ന പച്ചക്കറി. മെഴുക്കുപുരട്ടി ഉള്‍പ്പെടെയുള്ള വിഭവങ്ങളായും സലാഡുകളിലും ജ്യൂസുകളിലും ബീറ്റ്‌റൂട്ട് ഉപയോഗിക്കാറുണ്ട്. ബീറ്റ്‌റൂട്ട് കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കും. ബീറ്റ്‌റൂട്ടില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന്റെ നിറവ്യത്യാസവും കരിവാളിപ്പും തടയും. ചര്‍മത്തിന് നല്ല തിളക്കം നല്‍കുകയും ചെയ്യും.
പ്രകൃതിദത്തമായ ലിപ് ബാം നിര്‍മിക്കാനും ബീറ്റ്‌റൂട്ട് നല്ലതാണ്. ഇങ്ങനെ നിരവധി ഗുണങ്ങളുള്ള ബീറ്റ്‌റൂട്ട് പക്ഷേ ആരോഗ്യത്തിന് വില്ലനായും മാറിയേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
ബീറ്റ്‌റൂട്ട് എല്ലാവര്‍ക്കും ഒരുപോലെ സുരക്ഷിതമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബീറ്റ്‌റൂട്ട് വേവിക്കാതെ കഴിച്ചാല്‍ ഛര്‍ദ്ദി, വയറിളക്കം, ഭക്ഷ്യവിഷബാധ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതുപോലെ ചില ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ ഇത് ഒഴിവാക്കണം.

ബീറ്റ്‌റൂട്ട് ഒരു കിഴങ്ങ് വര്‍ഗത്തില്‍പ്പെട്ട പച്ചക്കറിയായതിനാല്‍ അതില്‍ വൈറസുകള്‍ അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വേവിക്കാതെ കഴിക്കുന്നത് ഛര്‍ദി, വയറിളക്കം, ഭക്ഷ്യവിഷബാധ എന്നിവയ്ക്ക് കാരണമായേക്കാം. അതുപോലെ ഗര്‍ഭിണികള്‍ അമിതമായി ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഒഴിവാക്കണം. ഇത് ഗര്‍ഭം അലസലിന് വരെ കാരണമായേക്കാം എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ബീറ്റ്‌റൂട്ടില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ സുപ്രധാന അവയവങ്ങള്‍ക്ക് തകരാറുണ്ടാക്കുന്ന ദോഷകരമായ ലോഹങ്ങളും (കാഡ്മിയം, മെര്‍ക്കുറി, ലെഡ് പോലുള്ളവ) കീടനാശിനികളും അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്. ഇവയുടെ തുടര്‍ച്ചയായ ഉപയോഗം വൃക്കയിലെ കല്ലുകള്‍ക്ക് കാരണമാവാം.
ബീറ്റ്‌റൂട്ടില്‍ ഇരുമ്പിന്റെ അംശം കൂടുതലാണെന്നുള്ള ധാരണ തെറ്റാണ്. 100 ഗ്രാം അസംസ്‌കൃത ബീറ്റ്‌റൂട്ടില്‍ വെറും 0.8 മില്ലിഗ്രാം ഇരുമ്പ് മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇത് മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് കുറവാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഭക്ഷണക്രമത്തില്‍ നിന്ന് ബീറ്റ്‌റൂട്ട് പൂര്‍ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. ശരിയായ രീതിയില്‍ വൃത്തിയാക്കി കഴിച്ചാല്‍ ബീറ്റ്‌റൂട്ട് സുരക്ഷിതമാണ്. ബീറ്റ്‌റൂട്ട് ശരിയായി കഴുകി തൊലി കളഞ്ഞ ശേഷം വേവിക്കുക. ഇങ്ങനെ ചെയ്യുന്നത് അതിലുള്ള ദോഷകരമായ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുകയും ചെയ്യും. ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാവുകയുമില്ല.
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്ന ദഹന പ്രശ്‌നം നേരിടുന്ന ആളുകളും ബീറ്റ്‌റൂട്ട് വേവിക്കാതെ കഴിക്കുന്നത് ഒഴിവാക്കണം.












Click it and Unblock the Notifications