ഫേഷ്യലുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ നിങ്ങള്‍; ഈ ഫേഷ്യലുകള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കണം
ബ്യൂട്ടി പാര്‍ലറുകളില്‍ പോയി ഫേഷ്യല്‍ ചെയ്യുന്നത് ഇന്ന് മിക്കവരുടെയും ജീവിതത്തിലെ അഭിവാജ്യ ഘടകമാണ്. തിരക്കേറിയ ജീവിതത്തില്‍ ചര്‍മസംരക്ഷണം സ്വയം ചെയ്യാന്‍ സമയം കിട്ടാതാകുമ്പോഴാണ് പലരും ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കുന്നത്. ജോലി സമ്മര്‍ദവും അന്തരീക്ഷത്തിലെ പൊടിയും ചൂടുമൊക്കെ മുഖത്തിന്റെ ശോഭ കെടുത്തുമ്പോഴാണ് ഒരു ഫേഷ്യല്‍ ചെയ്താലോ എന്ന ചിന്ത ഉണ്ടാകുന്നത്.
ഓരോരുത്തരുടെയും ചര്‍മത്തിന്റെ സ്വഭാവം അനുസരിച്ചാണ് ഫേഷ്യലുകള്‍ ചെയ്യുന്നത്. ഇന്ന് നിരവധി ചേരുവകളുള്ള ഫേഷ്യലുകളാണ് ബ്യൂട്ടി പാര്‍ലറുകള്‍ വാഗ്ദാനം ചെയ്യുന്നത്. അതില്‍ പ്രകൃതിദത്ത ചേരുവകളും കെമിക്കലുകള്‍ ചേരുന്നതുമുണ്ട്. മൃതകോശങ്ങള്‍ നീക്കി ചര്‍മ്മത്തിന് തിളക്കവും പുതുമയും ലഭിക്കാനാണ് ഫേഷ്യല്‍ ചെയ്യുന്നത്. എന്നാല്‍ ഫേഷ്യല്‍ ചെയ്ത് ഒന്നോ രണ്ടോ ദിവസത്തേക്ക് ആ തിളക്കം കാണപ്പെടുമെങ്കിലും, പിന്നീട് മുഖത്തിന്റെ പ്രസരിപ്പ് നഷ്ടപ്പെടുന്നതായി കാണം.

ചിലരില്‍ പിന്നീട് മുഖക്കുരു, ചൊറിച്ചില്‍, ചുവപ്പ്, കറുത്ത പാടുകള്‍ എന്നിവയ്ക്കും ഫേഷ്യല്‍ കാരണമാകാറുണ്ട്. ഇതിന് കാരണം ഇന്ത്യയിലെ കാലാവസ്ഥയാണ്. ചൂട്, ഈര്‍പ്പം, മലിനീകരണം എന്നിവ ഫേഷ്യല്‍ ചെയ്ത ചര്‍മത്തെ പ്രതികൂലമായി ബാധിക്കുന്നു. ഫേഷ്യലുകളില്‍ ഉപയോഗിക്കുന്ന കഠിനമായ സ്‌ക്രബുകള്‍ ചര്‍മ്മത്തെ കൂടുതല്‍ ദുര്‍ബലമാക്കുന്നു. ചില ബ്യൂട്ടി പാര്‍ലറുകളില്‍ ശരിയായി ശുചീകരിക്കാത്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.
എല്ലാ ഫേഷ്യലുകളും ചര്‍മ്മത്തിന് ഗുണകരമല്ല. അതായത് ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യും. പ്രത്യേകിച്ച് ഈ മൂന്ന് ഫേഷ്യലുകള്‍ ചര്‍മ്മത്തിന് ചില പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഡെര്‍മറ്റോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. മുഖക്കുരു, അലര്‍ജി ഉള്‍പ്പെടെയുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകാറുണ്ട്. അതിനാല്‍ ഇത്തരം ഫേഷ്യലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില ജാഗ്രതകള്‍ പുലര്‍ത്തണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഫ്രൂട്ട് ഫേഷ്യല്‍: ഇതില്‍ അടങ്ങിയിട്ടുള്ള ആസിഡുകള്‍ ചര്‍മത്തില്‍ ചൊറിച്ചിലിനും വരള്‍ച്ചയ്ക്കും കാരണമായേക്കാം. സെന്‍സിറ്റീവ് ആയിട്ടുള്ള ചര്‍മ്മത്തില്‍ ഫേഷ്യല്‍ ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. പ്രത്യേകിച്ച് നാരങ്ങ അല്ലെങ്കില്‍ പപ്പായ പോലുള്ള പഴങ്ങള്‍ നേരിട്ട് ഉപയോഗിക്കുമ്പോള്‍. ഫ്രൂട്ട് ഫേഷ്യല്‍ ദീര്‍ഘനേരം മുഖത്ത് നിലനിര്‍ത്തുന്നതും ഒഴിവാക്കണം. മുഖത്തിന് താല്‍ക്കാലികമായ തിളക്കം ലഭിക്കാന്‍ ഇത്തരം ഫേഷ്യലുകള്‍ക്ക് പിന്നാലെ പോകരുതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഗോള്‍ഡ് ഫേഷ്യല്‍: ചെലവേറിയ ഈ ആഡംബര ഫേഷ്യലില്‍ ഉപയോഗിക്കുന്ന ക്രീമുകളില്‍ പലപ്പോഴും വീര്യം കൂടിയ ബ്ലീച്ചിംഗ് ഏജന്റുകളും ലോഹ കണികകളും അടങ്ങിയിട്ടുണ്ട്. ഇവ അലര്‍ജി, ചൊറിച്ചില്‍, ചര്‍മത്തില്‍ പൊള്ളല്‍ എന്നിവയ്ക്ക് കാരണമാകും. ഇരുണ്ട നിറമുള്ള ചര്‍മ്മത്തില്‍ ഈ ഫേഷ്യല്‍ ചിലപ്പോള്‍ പിഗ്മെന്റേഷന്‍ വഷളാക്കുകയും ചെയ്യും.
അരോമ ഫേഷ്യല്‍; ഈ ഫേഷ്യലില്‍ ഉപയോഗിക്കുന്ന എസന്‍ഷ്യല്‍ ഓയില്‍ എണ്ണകള്‍ മനസിന് സുഖം നല്‍കിയേക്കാം. പക്ഷേ പലപ്പോഴും ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കും. സോറിയാസിസ് പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഇത് അപകടം ചെയ്യും. ജലദോഷത്തിനും ഇത് കാരണമാകാറുണ്ട്. എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം, മുഖത്തിന്റെ സ്വഭാവം അറിയുന്ന സൗന്ദര്യ വിദഗ്ധരെ കൊണ്ടു വേണം ഫേഷ്യലുകള്‍ ചെയ്യിക്കാന്‍.












Click it and Unblock the Notifications