ഉറക്കം വരുന്നേ ഇല്ലേ? പരാതി പറയാൻ നിൽക്കാതെ ഈ ഭക്ഷണങ്ങളൊന്ന് കഴിച്ച് നോക്കിയേ, ഉറക്കം സെറ്റാകും
ചിലർ കിടക്ക കണ്ടാൽ തന്നെ ഉറങ്ങി പോകും. ചിലരാകട്ടെ എത്രയൊക്കെ ഉറങ്ങാൻ ശ്രമിച്ചാലും ഉറക്കം വരികയുമില്ല. കഠിനാധ്വാനിയായ ഒരു മനുഷ്യൻ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് നമ്മുടെ അന്നത്തെ ദിവസം തന്നെ ഇല്ലാതാക്കി കളയും. മാത്രമല്ല ഉറക്കക്കുറവ് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെച്ചേക്കും, പ്രത്യേകിച്ച് ഓർമ്മപ്രശ്നങ്ങൾ, വിഷാദം തുടങ്ങിയ അവസ്ഥയിലേക്ക് വരെ പോകാൻ കാരണമായേക്കും.
എങ്ങനെയാണ് കൃത്യമായ ഉറക്കം ലഭിക്കുക? ഉറക്കശീലങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഹോർമോണാണ് മെലറ്റോണിൻ. ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഹോർമോൺ വർധിക്കാനും അതുവഴി കൃത്യമായ ഉറക്കം ലഭിക്കാനും സഹായിക്കും. ചിക്കൻ, പരിപ്പ്, നട്സ് തുടങ്ങിയ ട്രിപ്റ്റോഫാൻ അടങ്ങിയ ഭക്ഷണങ്ങൾ മെലറ്റോണിൻ ഉൽപാദനത്തെ സഹായിക്കുന്നു. കൂടാതെ, വാഴപ്പഴം, ചെറി തുടങ്ങിയ പഴങ്ങളിൽ സ്വാഭാവിക മെലറ്റോണിൻ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിൻ്റെ മെലറ്റോണിൻ ഉൽപാദനത്തെ കൂടുതൽ പിന്തുണയ്ക്കുകയും അതുവഴി ശരിയായ ഉറക്കം ലഭിക്കാനും സഹായിക്കുന്നു . മറ്റ് ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം

പാൽ- നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ചതും ആരോഗ്യകരവുമായ പാനീയമാണ് പാൽ. പാലിൽ ഉയർന്ന അളവിൽ മെലറ്റോണിൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ഉറക്കം ലഭിക്കാൻ കിടക്കുന്നതിന് മുൻപ് പാൽ കുടിക്കുന്നത് ഉത്തമമാണ്.
മുട്ട-പോഷക സമ്പന്നമാണ് മുട്ട എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. മുട്ടയിൽ ധാരാളം കോളിൻ, പ്രോട്ടീൻ, ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഉറക്കശീലങ്ങൾ കൃത്യമാക്കാൻ സഹായിക്കുന്നു.
മത്സ്യം -മത്തി, സാൽമൺ തുടങ്ങിയ എണ്ണമയമുള്ള മത്സ്യങ്ങൾ മെലറ്റോണിൻ്റെയും ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും ഉറവിടമാണ്. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
ടാർട്ട് ചെറി
മെലറ്റോണിൻ്റെ അളവ് വർദ്ധിപ്പിക്കാനും ഉറക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന പഴമാണ് ടാർട്ട് ചെറി.അമിതമായ പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കാൻ ചെറി നേരിട്ട് കഴിക്കുന്നത് ആരോഗ്യകരമാണ്.
നട്സും ധാരാളമായി കഴിക്കാം- പിസ്ത, ബദാം എന്നിവയിൽ മെലറ്റോണിൻ, ആൻ്റിഓക്‌സിഡൻ്റുകൾ, ഒമേഗ -3 കൊഴുപ്പുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കം വർദ്ധിപ്പിക്കാൻ സഹായിക്കും. ആരോഗ്യകരമായ ജീവിത രീതിയും ഉറക്കശീലം കൃത്യമാകാൻ അത്യാവശ്യമാണ്.












Click it and Unblock the Notifications