ഭക്ഷണം പാഴാകുന്നുണ്ടോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ; പച്ചക്കറികള്‍ ഒരാഴ്ച്ച വരെ കേടുകൂടാതിരിക്കും
ഭക്ഷണം പുതുമയോടെ സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് അനിവാര്യമാണ്. പഴകിയ പച്ചക്കറികളും പൂപ്പല്‍ പിടിച്ച ബ്രെഡുമൊക്കെ പല വീടുകളിലും കാണും. ഓണത്തിനുണ്ടാക്കിയ സാമ്പാര്‍ പോലും തണുത്തുറഞ്ഞ് ഫ്രിഡ്ജില്‍ ഉണ്ടാകും. ഇത് ആരോഗ്യത്തിനും ഹാനികരമാണെന്ന കാര്യം ആരും ഗൗനിക്കാറില്ല.
ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നത് കുറയ്ക്കാനും അതുവഴി പണം ലാഭിക്കാനും സഹായിക്കുന്ന ചില ലളിതമായ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പലചരക്ക് സാധനങ്ങള്‍ പുതുമയോടെ സൂക്ഷിക്കാനും അടുക്കള കൂടുതല്‍ ആരോഗ്യകരമാക്കാനുമുള്ള ചില വഴികള്‍ ഇതാ:

കേടായവ ഉടന്‍ മാറ്റുക. ഷെല്‍ഫിലുള്ള പച്ചക്കറികളില്‍ ഏതെങ്കിലും ചീഞ്ഞു പോകുന്നുണ്ടോയെന്ന് പതിവായി പരിശോധിക്കുക. കേടായവ ഉടനടി കളയുക, കാരണം അവ മറ്റ് പച്ചക്കറികളും വേഗത്തില്‍ കേടാകാന്‍ ഇടയാക്കും. പഴങ്ങളും പച്ചക്കറികളും പ്രത്യേകം സൂക്ഷിക്കുക. കാരണം പഴുത്ത പഴങ്ങള്‍ പുറത്തുവിടുന്ന വാതകങ്ങള്‍ മറ്റ് ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ കേടാകാന്‍ കാരണമാകും.
പച്ചക്കറികള്‍ വായു കടക്കാത്ത പാത്രങ്ങളിലോ അല്ലെങ്കില്‍ സീല്‍ ചെയ്ത ബാഗുകളിലോ സൂക്ഷിക്കുക. വാങ്ങിച്ച തീയതി രേഖപ്പെടുത്തുക. ഇത് ഉല്‍പ്പന്നത്തിന്റെ ഷെല്‍ഫ് ലൈഫ് ഓര്‍മ്മിക്കാന്‍ സഹായിക്കും.
പുതിന, മല്ലിയില എന്നിവ തണ്ടുകള്‍ മുറിച്ച് വെള്ളമുള്ള ഒരു പാത്രത്തില്‍ വെച്ച്, ഒരു പ്ലാസ്റ്റിക് ബാഗ് കൊണ്ട് അയഞ്ഞ രീതിയില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇവ ഫ്രഷ് ആയി നിലനിര്‍ത്താന്‍ ഓരോ രണ്ട് ദിവസത്തിലും വെള്ളം മാറ്റിക്കൊണ്ടിരിക്കുക.
പാലും മുട്ടയും ഫ്രിഡ്ജിന്റെ ഏറ്റവും തണുപ്പുള്ള ഭാഗത്ത് സൂക്ഷിക്കുക. ചീസ് ഉണങ്ങാതിരിക്കാനും കേടാകാതിരിക്കാനും എല്ലായ്‌പ്പോഴും ശരിയായി പൊതിയുകയോ സീല്‍ ചെയ്യുകയോ ചെയ്യുക.
ബ്രെഡ് ഒരാഴ്ചയ്ക്കുള്ളില്‍ കഴിക്കാനാണെങ്കില്‍ മാത്രം ഫ്രിഡ്ജില്‍ വെക്കുക. അല്ലെങ്കില്‍, ഫ്രീസറില്‍ സൂക്ഷിക്കുക. ഫ്രീസറില്‍ വെച്ച ബ്രെഡ് ടോസ്റ്റ് ചെയ്താല്‍ ക്രിസ്പിയായി മാറും.
നട്‌സ് പോലുള്ളവയെ ഈര്‍പ്പം ബാധിക്കുന്നത് ഒഴിവാക്കാന്‍ വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കുക. ചൂടുള്ള കാലാവസ്ഥയില്‍, എണ്ണ കേടാവാതിരിക്കാന്‍ ഇവ റഫ്രിജറേറ്ററില്‍ വെക്കാം.
ബാക്കി വന്ന ഭക്ഷണം മൂന്ന് ദിവസത്തിനുള്ളില്‍ കഴിക്കാന്‍ ശ്രമിക്കുക. ഭക്ഷണം വീണ്ടും ചൂടാക്കുമ്പോള്‍, അത് നന്നായി തിളച്ചെന്ന് ഉറപ്പുവരുത്തുക. എങ്കില്‍ മാത്രമേ ബാക്ടീരിയ മുക്തമാകൂ. ഒരിക്കല്‍ ചൂടാക്കിയ ഭക്ഷണം വീണ്ടും ഫ്രീസ് ചെയ്യരുത്. ഇത് രുചി മാത്രമല്ല, സുരക്ഷയും അപകടത്തിലാക്കും.












Click it and Unblock the Notifications