എന്തൊക്കെ ചെയ്തിട്ടും മുടി കൊഴിയുന്നോ? മുടി കൊഴിച്ചിൽ തടയാൻ ഇതാ 6 പൊടിക്കൈകൾ
മുട്ടോളം മുടിയാണ് സൗന്ദര്യം എന്നുളള കാഴ്ചപ്പാടിന്റെ കാലമെല്ലാം കഴിഞ്ഞുപോയി. സൗന്ദര്യത്തിന്റെ നിര്‍വചനങ്ങള്‍ മാറിയെങ്കിലും സുന്ദരമായ ആരോഗ്യമുളള മുടി എല്ലാവരും ആഗ്രഹിക്കുന്നത് തന്നെയാണ്. അവിടെയാണ് വില്ലനായി മുടികൊഴിച്ചില്‍ എത്തുന്നത്. മുടി കൊഴിയുന്നത് തടയാന്‍ എന്തൊക്കെ പരീക്ഷിച്ചിട്ടും രക്ഷയില്ലേ?
പൊടിക്കൈകള്‍ ഫലിക്കണമെങ്കില്‍ മുടി എന്തുകൊണ്ട് കൊഴിയുന്നു എന്ന് ആദ്യം അറിയണം. ജനിതകമായ കാരണങ്ങള്‍ മുതല്‍ പൊടിപടലങ്ങളും മാനസിക സമ്മര്‍ദ്ദവും പോഷകാഹാരക്കുറവും ഹോര്‍മോണല്‍ മാറ്റങ്ങളുമെല്ലാം മുടി കൊഴിയാന്‍ കാരണങ്ങളാകാം.
മുടി കൊഴിയുന്നത് പൂര്‍ണമായും ഇല്ലാതാക്കാനുളള നാടന്‍ വിദ്യകള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. അത്തരത്തിലുളള ചില പൊടിക്കൈകള്‍ ഇതാ..

മുട്ട കൊണ്ട് ഹെയര്‍ പാക്ക്
അയ്യേ മുട്ട തലയില്‍ തേയ്ക്കാനോ എന്ന് മുഖം ചുളിക്കേണ്ട. മുടിക്ക് കരുത്തേകാനും വളര്‍ച്ച വേഗത്തിലാക്കാനും മുട്ട ബെസ്റ്റാണ്. ഒരു മുട്ടയും ഒരു ടീ സ്പൂണ്‍ തേനും ഒലിവ് ഓയിലും ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കു. 25 മിനുറ്റിന് ശേഷം തീവ്രത കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ ഒരു തവണ ഈ പാക്ക് പരീക്ഷിക്കൂ
വെളിച്ചെണ്ണയുടെ മാജിക്
മുടി വളരാന്‍ അമ്മമാരും അമ്മൂമ്മമാരും എപ്പോഴും പറയുന്ന കാര്യമാണ് വെളിച്ചെണ്ണ തലയില്‍ തേക്കാന്‍. വെളിച്ചെണ്ണ ചില്ലറക്കാരനല്ല. 2-3 ടീ സ്പൂണ്‍ വെളിച്ചെണ്ണ ചെറുതായി ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിക്കണം. മൃദുവായി മസ്സാജ് ചെയ്യണം. രാത്രി തേച്ച് രാവിലെ തണുത്ത വെളളത്തില്‍ കഴുകി കളയാം. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യാം.

നെല്ലിക്കയും നാരങ്ങയും
വൈറ്റമിന്‍ സി നിറഞ്ഞ നെല്ലിക്ക മുടി കൊഴിച്ചില്‍ തടയാന്‍ വളരെ സഹായിക്കും. ഒരു ടീസ്പൂണ്‍ നെല്ലിക്ക പൊടിയും ഏതാനും തുളളി നാരങ്ങാ നീരും ചേര്‍ത്ത് യോജിപ്പിക്കുക. ഈ പേസ്റ്റ് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കണം. 40 മിനുട്ട് കഴിഞ്ഞ് കഴുകി കളയാം. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ചെയ്യാവുന്നതാണ്.
ഉലുവ ഹെയര്‍ മാസ്‌ക്
മുടി കൊഴിച്ചില്‍ തടയാനും താരന്‍ കുറയ്ക്കാനും ഉലുവയ്ക്ക് സാധിക്കും. രണ്ട് ടീ സ്പൂണ്‍ ഉലുവ വെള്ളത്തിലിട്ട് രാത്രി കുതിര്‍ക്കാന്‍ വെയ്ക്കുക. രാവിലെ ഇതെടുത്ത് വെള്ളം മാറ്റി അരച്ചെടുക്കുക. ഈ പേസ്റ്റ് തലയില്‍ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയണം. ആഴ്ചയില്‍ ഒരു തവണ ചെയ്താല്‍ മതി.

ഗ്രീന്‍ ടീ
മുടിയും ഗ്രീന്‍ ടീയും തമ്മിലെന്ത് എന്നല്ലേ.. കാര്യമുണ്ട്. ഒന്നോ രണ്ടോ ഗ്രീന്‍ ടീ ബാഗുകള്‍ ഒരു കപ്പ് ചൂട് വെള്ളത്തിലിട്ട് അടച്ച് വെയ്ക്കുക. അഞ്ച് മിനുട്ട് കഴിഞ്ഞ് ബാഗുകള്‍ മാറ്റുക. ഗ്രീന്‍ ടീം തണുത്തതിന് ശേഷം തലയില്‍ തേച്ച് പിടിപ്പിക്കുക. മൃദുവായി മസ്സാജ് ചെയ്യുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യുന്നത് മുടി കൊഴിച്ചില്‍ തടയും.
കറ്റാര്‍വാഴ ഹെയര്‍മാസ്‌ക്
മുടിയുടെ കാര്യം പറയുമ്പോള്‍ കറ്റാര്‍വാഴയെ മറക്കുന്നതെങ്ങനെ. വീട്ടില്‍ കറ്റാര്‍വാഴയുണ്ടെങ്കില്‍ ഒരു തണ്ട് മുറിച്ചെടുത്ത് ജെല്‍ എടുക്കുക. മറ്റൊന്നും ചേര്‍ക്കേണ്ടതില്ല. ജെല്‍ നേരിട്ട് തന്നെ തലയില്‍ തേച്ച് മസ്സാജ് ചെയ്യാം. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക. ഇത് ആഴ്ചയില്‍ 2-3 തവണ ചെയ്ത് നോക്കൂ മുടി കൊഴിച്ചില്‍ മാറി ശക്തിയോടെ വളരുന്നത് കാണാം.












Click it and Unblock the Notifications