കണ്‍പീലികള്‍ ദുര്‍ബലമായി പൊഴിയുന്നുണ്ടോ? വേരോടെ ശക്തിപ്പെടുത്താം ഈ വഴികളിലൂടെ
മുഖസൗന്ദര്യത്തില്‍ നീളവും കട്ടിയുള്ളതുമായ കണ്‍പീലികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. നിരവധി മലയാള ചലച്ചിത്ര ഗാനങ്ങളില്‍ പോലും കണ്‍പീലികള്‍ ഇടം പിടിച്ചിട്ടുണ്ട്. ഇടതൂര്‍ന്ന കണ്‍പീലികള്‍ കണ്ണിനും മുഖത്തിനു നല്‍കുന്ന ശോഭ ഒന്ന് വേറെയാണ്. എന്നാല്‍ തലയിലെ താരന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്‍പീലികള്‍ക്ക് വില്ലനായി വരും പ്രായം കൂടുന്തോറും കണ്‍പീലികള്‍ പൊഴിയാന്‍ തുടങ്ങും.
കണ്‍പീലികളുടെ കട്ടി കുറയുമ്പോള്‍ പലരും കൃത്രിമമായ കണ്‍പീലികളെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇത് ശാശ്വതമായ പരിഹാരമല്ല. കണ്‍പീലികള്‍ ഒട്ടിക്കാനുള്ള പശ അലര്‍ജിക്കും ചൊറിച്ചിലിനും ഒക്കെ കാരണമാകാറുണ്ട്. അതിനാല്‍ തന്നെ പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ കണ്‍പീലികള്‍ വളര്‍ത്തിയെടുക്കുന്നതാണ് നല്ലത്. അതിനായി ഒരല്പം സമയം ചെലവഴിക്കണം എന്നു മാത്രം.

ഒരിക്കലും സ്വാഭാവികമായ കണ്‍പീലികളുടെ ആകര്‍ഷണം കൃത്രിമ കണ്‍പീലികള്‍ക്ക് ഉണ്ടാകില്ല. പ്രകൃതിദത്തമായി തന്നെ കണ്‍പീലികള്‍ വളര്‍ത്തിയെടുക്കാനുള്ള ചിലവ് കുറഞ്ഞ മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്.
ഗ്രീന്‍ ടീ
ആരോഗ്യത്തിനും അമിത വണ്ണം കുറയ്ക്കാനും ഗ്രീന്‍ ടീ നല്‍കുന്ന മികച്ച സംഭാവന ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പക്ഷേ കണ്‍പീലികളുടെ വളര്‍ച്ചയ്ക്കും ഗ്രീന്‍ ടീ നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കണ്‍പീലികളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. അതിനായി ആദ്യം ചെയ്യേണ്ടത് ഗ്രീന്‍ ടീ ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുക. തുടര്‍ന്ന് തണുപ്പിക്കുക. ഒരു കോട്ടണ്‍ സ്വാബ് ഉപയോഗിച്ച് ഗ്രീന്‍ ടീയില്‍ മുക്കി കണ്‍പീലികളില്‍ മൃദുവായി പുരട്ടുക.
വെളിച്ചെണ്ണ
മുടി വളരാന്‍ വെളിച്ചെണ്ണയ്ക്കുള്ള പങ്ക് പ്രശസ്തമാണ്. കണ്‍പീലിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും വെളിച്ചെണ്ണയ്ക്ക് കഴിവുണ്ട്. എണ്ണയുടെ മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ കണ്‍പീലികളെ ബലപ്പെടുത്തുന്നു. രാത്രി മുഖം നന്നായി വൃത്തിയാക്കിയ ശേഷം കോട്ടന്റെ ചെറിയ കഷണം എടുത്ത് വെളിച്ചെണ്ണയില്‍ മുക്കി കണ്‍പീലികളില്‍ മൃദുവായി പുരട്ടുക. തുടര്‍ന്ന് രാവിലെ വെള്ളത്തില്‍ കഴുകുക. ഇത് പതിവാക്കിയാല്‍ കണ്‍പീലികള്‍ പൊഴിയുന്നത് ഒഴിവാക്കാനാകും.
ആവണക്കെണ്ണ
കണ്‍പീലികള്‍ ഇടതൂര്‍ന്ന് വളരാന്‍ ആവണക്കെണ്ണയും നല്ലൊരു മരുന്നാണ്. രാത്രി ഉറങ്ങുന്നതിനു മുമ്പ് ആവണക്കെണ്ണ കണ്‍പീലികളില്‍ പുരട്ടുക. കണ്‍പീലികള്‍ തഴച്ചു വളരാന്‍ ആവണക്കെണ്ണ സഹായിക്കും
പെട്രോളിയം ജെല്ലി
കണ്‍പീലികള്‍ ഈര്‍പ്പമുള്ളതും മൃദുവായും നിലനിര്‍ത്താനുള്ള മറ്റൊരു മാര്‍ഗമാണ് പെട്രോളിയം ജെല്ലി. കിടക്കുന്നതിനു മുമ്പ് പെട്രോളിയം ജെല്ലി കണ്‍പീലികളില്‍ തടവുന്നത് നല്ലതാണ്. പെട്രോളിയം ജെല്ലി കണ്‍പീലികളില്‍ പുരട്ടാന്‍ പഴയതും വൃത്തിയാക്കിയതുമായ ഒരു മസ്‌കാര ബ്രഷ് ഉപയോഗിക്കുക. കണ്‍പീലികള്‍ ദുര്‍ബലമാകുന്നത് തടയാന്‍ പെട്രോളിയം ജെല്ലിക്ക് കഴിയും.
കണ്‍പീലികള്‍ ബ്രഷ് ചെയ്യുക
മുടി പോലെ തന്നെ കണ്‍പീലികളും പതിവായി ബ്രഷ് ചെയ്യുന്നത് ഗുണം ചെയ്യും. ഇത് കണ്‍പീലികളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയും അഴുക്കും ഒക്കെ നീങ്ങാന്‍ സഹായിക്കും. കണ്‍പീലികളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കണ്‍പീലികള്‍ മുകളിലേക്ക് മൃദുവായി ബ്രഷ് ചെയ്യാന്‍ വൃത്തിയുള്ള ഒരു മസ്‌കാര ബ്രഷ് ഉപയോഗിക്കുക. അതുപോലെ കണ്ണിനു താഴെയും ബ്രഷ് ചെയ്യുക. കണ്‍പീലികള്‍ പൊഴിയുന്നത് തടയാന്‍ കിടക്കുന്നതിനു മുമ്പ് കണ്ണുകളില്‍ നിന്ന് മേക്കപ്പ് പൂര്‍ണമായും ഒഴിവാക്കുക. ഇത്തരം പ്രകൃതിദത്ത പരിഹാരങ്ങള്‍ക്കൊപ്പം കാത്തിരിക്കാന്‍ അല്‍പം ക്ഷമയും കൂടെയുണ്ടെങ്കില്‍ തീര്‍ച്ചയായും ഫലമുണ്ടാകും.
കൃത്രിമ ചേരുവകള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കാതെ ഈ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് തന്നെ ഇടതൂര്‍ന്ന കണ്‍പീലികള്‍ സ്ഥിരമായി സ്വന്തമാക്കാം.












Click it and Unblock the Notifications