ഓട്ടിസവും വിർച്വൽ ഓട്ടിസവും, എങ്ങനെ തിരിച്ചറിയാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓട്ടിസം പൊതുവേ കണ്ടുപിടിക്കപ്പെടുന്നത് ക്ലാസ് മുറികളിൽ വെച്ചാണ്. ഒരു സാധാരണ വിദ്യാർത്ഥിയെ സംബന്ധിച്ച് എത്ര ബഹളങ്ങൾക്കിടയിലും ടീച്ചർ പറയുന്നത് കൃത്യമായി കേൾക്കാനും മനസ്സിലാക്കാനും സാധിക്കുമ്പോൾ, ഓട്ടിസം ഉള്ള ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ക്ലാസ് മുറിയിലേക്ക് കടന്നുവരുന്ന വെളിച്ചം, കറങ്ങുന്ന ഫാനിന്റെ ശബ്ദം, മറ്റുള്ള കുട്ടികളുടെ താഴ്ന്ന സ്വരത്തിലുള്ള സംസാരം എന്നിവയെല്ലാം അതിപ്രസരമായി അനുഭവപ്പെടും. ഇതിനിടയിലായിരിക്കും ടീച്ചറുടെ വാക്കുകൾ ശരവേഗത്തിൽ കാതുകളിൽ പതിക്കുന്നത്. കേട്ട പാഠഭാഗം മനസ്സിലാക്കി വരുമ്പോഴേക്കും ക്ലാസ് ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ടാകും. ഇത് അധ്യാപകർക്ക് കുട്ടിയുടെ ശ്രദ്ധക്കുറവോ അലസതയോ ആയി തോന്നാം. ഇത് മറ്റു കുട്ടികൾ അവരെ ഒറ്റപ്പെടുത്തുന്നതിനും ക്ലാസിനു മുന്നിൽ അവർ അപഹാസ്യരാക്കപ്പെടുന്നതിനും കാരണമാകും.
ഇന്ത്യൻ ജേണൽ ഓഫ് പീഡിയാട്രിക്സ് നടത്തിയ പഠനപ്രകാരം ഇന്ത്യയിൽ 68 കുട്ടികളിൽ ഒരാൾ എന്ന നിരക്കിൽ ഓട്ടിസം ബാധിതരായി കണ്ടെത്തിയിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഓട്ടിസം കണ്ടെത്തുന്ന കുട്ടികളുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ട്. പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളിൽ ഇതിന്റെ സാധ്യത മൂന്ന് മടങ്ങായി കാണുന്നു. ഓട്ടിസം എന്നത് ഒരു പെരുമാറ്റ വൈകല്യമോ മോശം പാരന്റിംഗോ കൊണ്ട് സംഭവിക്കുന്ന ഒന്നല്ല. ആശയവിനിമയങ്ങളെയും സാമൂഹിക ബന്ധങ്ങളെയും നിയന്ത്രിക്കുന്ന തലച്ചോറിലെ കേന്ദ്രത്തിലെ നാഡീവികാസത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണം.
ഒരേ കാഴ്ചയെയും സാഹചര്യത്തെയും വ്യത്യസ്തമായി കാണുകയും അനുഭവിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഓട്ടിസം. സാധാരണ ഒരു വ്യക്തിയെ അപേക്ഷിച്ച് കൂടുതൽ ഏകാഗ്രതയോ ഓർമ്മശക്തിയോ പാറ്റേണുകൾ തിരിച്ചറിയാനുള്ള കഴിവോ ഓട്ടിസം ബാധിച്ചിട്ടുള്ള ആളുകളിൽ കൂടുതലായി കാണാറുണ്ട്. ഓട്ടിസത്തെപ്പറ്റി കൃത്യമായ ബോധവൽക്കരണം നൽകാനാണ് 2008 മുതൽ ലോകാരോഗ്യ സംഘടന ഏപ്രിൽ 2 ലോക ഓട്ടിസം ബോധവൽക്കരണ ദിനമായി ആചരിച്ചു വരുന്നത്. ഓട്ടിസം ബാധിച്ചവരെ പ്രത്യേക ഗ്രൂപ്പുകളാക്കി മാറ്റുന്നതിന് പകരം അവരെക്കൂടി പൊതുസമൂഹത്തിന്റെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്.

എങ്ങനെ ഓട്ടിസം എ.ഡി.എച്ച്.ഡി (ADHD) യിൽ നിന്ന് വ്യത്യസ്തമാകുന്നു?
മറ്റെല്ലാ അവസ്ഥകളെയും പോലെ തന്നെ നേരത്തെ കണ്ടെത്തുക എന്നതാണ് ഓട്ടിസത്തെ നേരിടാനുള്ള ഏറ്റവും നല്ല മാർഗ്ഗം. രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
കുട്ടികൾ പേര് വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കുക.
ഐ കോൺടാക്റ്റ് (Eye Contact) ഒഴിവാക്കാൻ ശ്രമിക്കുന്നത്.
മറ്റുള്ളവരോട് കൂട്ടുകൂടുന്നതിൽ താല്പര്യമില്ലായ്മ.
എന്തെങ്കിലും ഒരു പ്രവർത്തിയിലോ വസ്തുവിലോ അമിതമായി ആകൃഷ്ടരാകുന്നതും സമയം ചെലവഴിക്കുന്നതും.
ചില ചേഷ്ടകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.
ഇവയെല്ലാം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. എന്നാൽ പലപ്പോഴും ഇവ എ.ഡി.എച്ച്.ഡി (ADHD) ലക്ഷണങ്ങളുമായി സാമ്യമുള്ളവയാണ്. അതുകൊണ്ടുതന്നെ കൃത്യമായ രോഗനിർണ്ണയത്തിന് ഒരു വിദഗ്ദ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
ചില സാഹചര്യങ്ങളിൽ തന്റെ കുട്ടി ഓട്ടിസ്റ്റിക്കാണെന്ന് തിരിച്ചറിയുന്ന രക്ഷിതാക്കൾക്ക് കൃത്യമായ പിന്തുണയോ അറിവോ ലഭിക്കാത്തത് ക്രൂരമായ തീരുമാനങ്ങളിലേക്ക് അവരെ നയിക്കാറുണ്ട്. ഓട്ടിസം ഉണ്ടെന്ന് സംശയിച്ചതിന്റെ പേരിൽ അമ്മ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസുകൾ നമ്മുടെ മുന്നിലുണ്ട്. സമൂഹത്തിന്റെ കളിയാക്കലുകളും ഒറ്റപ്പെടുത്തലുകളുമാണ് ഇതിലേക്ക് നയിക്കുന്നത്. പലപ്പോഴും ഇത്തരം മാതാപിതാക്കൾ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കാറുണ്ട്. അനുകമ്പയുള്ള ഒരു സമൂഹമായി മാറുക എന്നതാണ് നമുക്ക് ഇതിൽ ചെയ്യാനുള്ള പ്രധാന കാര്യം.
ഇതിനിടയിൽ ആശങ്കയുണർത്തുന്ന പുതിയൊരു പ്രവണതയാണ് 'വിർച്വൽ ഓട്ടിസം'. കൂടുതൽ സമയം ഡിജിറ്റൽ സ്ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കുന്നതാണ് ഇതിന് കാരണം. ജനിച്ചുവീഴുന്ന സമയം മുതൽ മണിക്കൂറുകളോളം സ്ക്രീനുകൾക്ക് മുന്നിലിരിക്കുന്നത് വഴി മറ്റു മനുഷ്യരുമായുള്ള ഇടപെടലുകൾ കുറയുകയും സംസാരശേഷി വളർത്തുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാൽ കൃത്യസമയത്ത് തിരിച്ചറിഞ്ഞാൽ സ്ക്രീനുകൾ ഒഴിവാക്കി അവരെ യഥാർത്ഥ ലോകത്തേക്ക് മടക്കിക്കൊണ്ടുവരുന്നതിലൂടെ വിർച്വൽ ഓട്ടിസം പൂർണ്ണമായും ഭേദമാക്കാം.
തയ്യാറാക്കിയത്: ഡോ. പ്രമീള ഹരിമോഹൻ, കൺസൾട്ടന്റ്, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, അമൃത ഹോസ്പിറ്റൽ, കൊച്ചി












Click it and Unblock the Notifications