വെയിലിൽ വാടാതിരിക്കാൻ തീൻമേശയിൽ ‘തണുപ്പൻ വിഭവങ്ങൾ’ നിരത്താം
തീൻമേശയിൽ എപ്പോഴും ചൂടൻ വിഭവങ്ങൾ നിരത്തണമെന്നാണ് പറയുന്നത്. എന്നാൽ, ചുട്ടുപൊള്ളുന്ന ഈ വേനൽക്കാലത്ത് ഡയറ്റ് 'തണുപ്പൻ വിഭവങ്ങളി’ലേക്ക് മാറ്റുന്നത് നന്നാകും. ചൂടുള്ള കാലാവസ്ഥയിൽ ശരിയായ ഭക്ഷണക്രമം പിന്തുടരേണ്ടത് ആരോഗ്യത്തിന് പ്രധാനമാണ്. കാരണം, ചൂട് കൂടുമ്പോൾ ശരീരത്തിലെ ആസിഡ് ഉത്പാദനം കുറയുകയും ദഹനക്ഷമതയെ ബാധിക്കുകയും ചെയ്യും. തണുപ്പുകാലത്ത് വേഗത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ വേനലിൽ വയറുവേദന അടക്കമുള്ള അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം. അതിനാൽ ഭാരമുള്ളതല്ലെങ്കിലും പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളാണ് അഭികാമ്യം.
ചൂടുകാലത്ത് അമിതമായ വിയർപ്പ് ശരീരത്തിന് ആവശ്യമായ ദ്രാവകങ്ങളും ധാതുക്കളും നഷ്ടപ്പെടുത്തും. ഇവ വീണ്ടും നിറക്കാത്തതാണ് തളർച്ചക്കും നിർജലീകരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നത്. ഭക്ഷണം കഴിച്ചശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുകയും അതിനനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുകയും വേണമെന്നും ഡയറ്റീഷ്യന്മാർ ചൂണ്ടിക്കാട്ടുന്നു.

വേനൽക്കാലത്ത് എരിവ് കൂടിയ കറികൾ കഴിക്കുന്നത് ശരീരത്തിൻ്റെ ആന്തരിക താപനില വർധിപ്പിക്കുകയും ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച് കൂടുതൽ വിയർക്കാൻ കാരണമാകുകയും ചെയ്യും. ഈർപ്പമുള്ള അന്തരീക്ഷത്തിൽ വിയർപ്പ് പെട്ടെന്ന് ബാഷ്പീകരിക്കപ്പെടാത്തതിനാൽ കൂടുതൽ ക്ഷീണത്തിനും നിർജലീകരണത്തിനും ഇത് ഇടയാക്കും. ദാഹം മാറ്റാൻ തണുത്ത പായ്ക്കറ്റ് ജ്യൂസുകളോ എനർജി ഡ്രിങ്കുകളോ കുടിക്കുമ്പോൾ അവയിലെ ഉയർന്ന പഞ്ചസാരയും കൃത്രിമ ചേരുവകളും നിർജലീകരണം വർധിപ്പിക്കും. കഫീൻ അടങ്ങിയ പാനീയങ്ങൾ കൂടുതൽ മൂത്രമൊഴിക്കുന്നതിനും അതുവഴി ശരീരത്തിൽനിന്ന് കൂടുതൽ ജലാംശം നഷ്ടപ്പെടുന്നതിനും ഇടയാക്കും.
ചൂടുകാലത്ത് ദഹിക്കാൻ പ്രയാസമുള്ളതും ശരീരത്തിൻ്റെ താപനില വർധിപ്പിക്കുന്നതുമായ സമൂസ, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയ വറുത്ത പലഹാരങ്ങൾ ദോഷം ചെയ്യും. മാമ്പഴം, ചക്ക, ലിച്ചി തുടങ്ങിയവയിൽ പ്രകൃതിദത്ത പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ അമിതമായി കഴിക്കുന്നത് ആന്തരിക ഉഷ്ണം വർധിപ്പിക്കും. പ്രോട്ടീൻ പൗഡറുകളും മറ്റ് സപ്ലിമെൻ്റുകളും സൂപ്പർ ഫുഡുകളും ഉപാപചയ താപം വർധിപ്പിക്കാനും കാരണമാകും.
മാംസാഹാരങ്ങൾക്ക് പകരം കുതിർത്ത പയർവർഗങ്ങൾ, പരിപ്പ്, ടോഫു, ടെമ്പെ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കലോറി വർധിപ്പിക്കാതെ ശരീരത്തിന് പോഷകങ്ങൾ നൽകാൻ സഹായിക്കും. ടോഫു, ടെമ്പെ തുടങ്ങിയവ ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ നൽകുന്നതിനൊപ്പം വയറിന് ഭാരം അനുഭവപ്പെടുത്താത്തവയുമാണ്. രാജ്മ, ചോള തുടങ്ങിയ പയർവർഗങ്ങൾ നാരുകളാൽ സമ്പന്നമാണെങ്കിലും വേനൽക്കാലത്ത് ദഹിക്കാൻ പ്രയാസമണെന്ന് ഓർക്കുക.
ദോശ, ഇഡ്ഡലി തുടങ്ങി പുളിപ്പിച്ച മാവ് ഉപയോഗിച്ചുള്ള വിഭവങ്ങൾ ദഹനം സുഗമമാക്കും. പയർവർഗങ്ങൾ കുതിർത്ത് പ്രഷർ കുക്കറിൽ വേവിച്ച് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. മുഴുവൻ പ്രോട്ടീനും ഒരു നേരത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് പകരം ചെറിയ അളവിൽ വിഭജിച്ചു കഴിച്ചും ഡയറ്റിൽ മാറ്റം വരുത്താം. ദഹനത്തിന് സഹായകമാകുന്ന ഇഞ്ചിയും ജീരകവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
വേനൽക്കാലത്ത് ശരീരത്തിന് ജലാംശം നൽകുന്നതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം. 95 ശതമാനവും വെള്ളം അടങ്ങിയിട്ടുള്ള വെള്ളരിക്ക, തണ്ണിമത്തൻ, വിറ്റാമിനുകളും ആൻ്റിഓക്സിഡൻ്റുകളും അടങ്ങിയിട്ടുള്ള തക്കാളി, കുമ്പളങ്ങ എന്നിവയൊക്കെ ജലാംശം നിലനിർത്താൻ സഹായിക്കും. ചീര, ലെറ്റൂസ് തുടങ്ങിയ ഇലക്കറികളിലും ജലാംശം കൂടുതലാണ്.
ശരീരത്തെ തണുപ്പിക്കാനും ദഹനം എളുപ്പമാക്കാനും സഹായിക്കുന്ന പ്രകൃതിദത്ത പ്രോബയോട്ടിക്കായ തൈരും ഉൾപ്പെടുത്തണം. വിറ്റാമിൻ സിയും ജലാംശം നൽകുന്ന ഗുണങ്ങളും അടങ്ങിയ കാപ്സിക്കവും വേനൽക്കാലത്ത് മികച്ചതാണ്. സമീകൃതമായ ഭക്ഷണക്രമം പിന്തുടരുന്നത് വേനൽക്കാലത്ത് ആരോഗ്യവും ഉന്മേഷവും നിലനിർത്താൻ സഹായിക്കുമെന്നാണ് ഡയറ്റീഷ്യന്മാർ ഉപദേശിക്കുന്നത്.












Click it and Unblock the Notifications