ടീനേജിലെ പെട്ടെന്നുള്ള മുഖക്കുരുവും എണ്ണമയമുള്ള മുടിയും; മാതാപിതാക്കള്‍ ചെയ്യേണ്ടത് ഇതാണ്
കൗമാരപ്രായം ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്ന കാലഘട്ടമാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. മാനസികമായും ശാരീരികമായും നിരവധി ആശങ്കകള്‍ ഈ പ്രായത്തില്‍ കുട്ടികളെ അലട്ടാറുണ്ട്. ചര്‍മ്മത്തിലും മുടിയിലും പ്രകടമായ മാറ്റങ്ങള്‍ ദൃശ്യമാകും. അതിലൊന്നാണ് പെട്ടെന്നുണ്ടാകുന്ന മുഖക്കുരുവും മുടിയിലെ അമിതമായ എണ്ണമയവും. എട്ടു മുതല്‍ പതിനൊന്ന് വയസു വരെയുള്ള കുട്ടികളിലും ഇത്തരം മാറ്റങ്ങള്‍ ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നതായി ചര്‍മ്മരോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാതാപിതാക്കള്‍ കുട്ടികളിലെ ഈ മാറ്റങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഡെര്‍മറ്റോളജിസ്റ്റ് വിശദീകരിക്കുന്നു.
കുട്ടികളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന്റെ പ്രധാന കാരണം. ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലം എണ്ണ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥികള്‍ കൂടുതല്‍ സജീവമാകുന്നു. ഇത് ചര്‍മ്മത്തിലും തലയോട്ടിയിലും അമിതമായ എണ്ണമയത്തിന് കാരണമാകുന്നു. എണ്ണമയം കൂടുന്നതോടെ നെറ്റി, കവിള്‍, നെഞ്ച്, പുറംഭാഗം എന്നിവിടങ്ങളില്‍ മുഖക്കുരു പ്രത്യക്ഷപ്പെടുന്നു.

തലയോട്ടിയിലെ സെബം ഉല്‍പാദനം വര്‍ധിക്കുന്നത് മുടി എണ്ണമയമുള്ളതാക്കാനും താരന്‍ വരാനും കാരണമാകുന്നു. ഇതിനൊപ്പം വിയര്‍പ്പ് ഗ്രന്ഥികള്‍ സജീവമാകുന്നതോടെ ശരീരഗന്ധത്തിലും മാറ്റങ്ങള്‍ അനുഭവപ്പെടാ.
പെണ്‍കുട്ടികളില്‍ നേരത്തെയുള്ള പ്രായപൂര്‍ത്തിയാകല്‍ ഇപ്പോള്‍ പതിവാണ്. ആധുനിക ജീവിതശൈലിയിലെ ഭക്ഷണക്രമവും കുട്ടികളിലെ അമിതവണ്ണവുമൊക്കെ കാരണം എട്ടു വയസുള്ള കുട്ടികള്‍ക്ക് പോലും പിരീഡ്‌സ് ഉണ്ടാകുന്നു. ഈ സമയത്ത് ശരീരത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. മാനസിക സമ്മര്‍ദവും ഭക്ഷണത്തിലെ രാസവസ്തുക്കളുടെ സാന്നിധ്യവും കുട്ടികളുടെ ചര്‍മത്തെയും ബാധിക്കുന്നു.
ചര്‍മ്മത്തിലും മുടിയിലുമാണ് പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. കുട്ടികളുടെ സെന്‍സിറ്റീവ് ആയ ചര്‍മ്മത്തിന് ലളിതമായ പരിചരണമാണ് അനുയോജ്യം. സുഗന്ധമില്ലാത്തതും മൃദുവായതുമായ ക്ലെന്‍സര്‍ ഉപയോഗിച്ച് ദിവസം രണ്ടുനേരം മുഖം കഴുകുക. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയ്ക്കാത്ത ലൈറ്റ് വെയിറ്റ് മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വീര്യം കുറഞ്ഞ ആന്റി-ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിക്കുന്നത് എണ്ണമയവും താരനും കുറയ്ക്കാന്‍ സഹായിക്കും.
മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന ആന്റി-ഏജിങ് ക്രീമുകളോ സ്‌ക്രബ്ബുകളോ കുട്ടികളില്‍ ഒരിക്കലും ഉപയോഗിക്കരുത്. മുഖക്കുരു വേദനയുള്ളതാകുകയോ, പടരുകയോ, കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിന്റെ സഹായം തേടണം.












Click it and Unblock the Notifications