കുങ്കുമാദി തൈലം മുഖത്തെ പാടുകളെല്ലാം മാറ്റി തിളക്കം കൂട്ടുമോ? അറിയാം മാജിക്
സോഷ്യൽ മീഡിയയിലെ ബ്യൂട്ടി വ്ളോഗർമാർക്കിടയിൽ ഈയടുത്ത കാലത്ത് വൈറലായ ഒന്നാണ് കുങ്കുമാദി തൈലം. നിരവധി പേരാണ് കുങ്കുമാദി തൈലം ഉപയോഗിച്ച് മുഖത്തിന് നിറം വെച്ചുവെന്നും പാടുകൾ മാഞ്ഞുവെന്നും അടക്കം അവകാശപ്പെട്ട് രംഗത്ത് വരുന്നത്.
എന്നാൽ കുങ്കുമാദി തൈലം സ്ഥിരമായി ഉപയോഗിച്ചിട്ടും ഈ ഫലങ്ങളൊന്നും കിട്ടുന്നില്ല എന്ന് പറയുന്നവരും ഉണ്ട്. എന്തുകൊണ്ടാണ് ചിലർക്ക് ഈ തൈലം ഫലം നൽകുന്നതും ചിലർക്ക് ഫലം നൽകാത്തതും?
കുങ്കുമപ്പൂവ്, എള്ളെണ്ണ, ചന്ദനം, ഇരട്ടിമധുരം, മഞ്ചിഷ്ട, താമരപ്പൂവ്, രാമച്ചം തുടങ്ങി നിരവധി പ്രകൃതിദത്ത ചേരുവകൾ ചേർത്ത് തയ്യാറാക്കുന്നതാണ് കുങ്കുമാദി തൈലം. ഇത് പണ്ട് കാലം മുതൽക്കേ ആളുകൾ ഉപയോഗിച്ച് പോരുന്നതാണ്. പക്ഷേ ഈ തൈലം എല്ലാ തരം ചർമ്മത്തിനും യോജിച്ചതല്ല എന്നതാണ് യാഥാർത്ഥ്യം.

എള്ളെണ്ണ ഉപയോഗിച്ച് ഉണ്ടാക്കുന്നതിനാൽ കുങ്കുമാദി തൈലം വരണ്ട ചർമ്മമുളളവർക്ക് മികച്ച ഫലം നൽകും. അതേസമയം എണ്ണമയമുളള ചർമ്മം ഉളളവർക്ക് ഇതത്ര അനുയോജ്യമല്ല. എണ്ണമയമുളള ചർമ്മക്കാർ സ്ഥിരമായി ഉപയോഗിക്കുകയോ മുഖത്ത് കൂടുതൽ സമയം വെച്ചിരിക്കുകയോ ചെയ്താൽ മുഖക്കുരു വരാനുളള സാധ്യതയുണ്ട്.
കുങ്കുമാദി തൈലം മുഖത്തെ കറുത്ത പാടുകൾ മായ്ക്കുമെന്ന പ്രതീക്ഷയിൽ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ എല്ലാ പാടുകളും മായിക്കാൻ പറ്റുന്ന മാജിക് തൈലമല്ല ഇത്. വെയിൽ അടിക്കുന്നത് കൊണ്ടോ ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടോ മുഖക്കുരു കൊണ്ടോ അല്ലെങ്കിൽ മരുന്നുകളുടെ ഉപയോഗം കൊണ്ടോ മുഖത്ത് പാടുകളുണ്ടാകാം. ഇവ മാറ്റാൻ ഡെർമറ്റോളജിസ്റ്റിനെ കാണുന്നത് തന്നെയാണ് നല്ലത്.
കുങ്കുമാദി തൈലം എന്ന് എഴുതിയത് കൊണ്ട് മാത്രം എല്ലാം യഥാർത്ഥ കുങ്കുമാദി തൈലമാകണം എന്നില്ല. കുങ്കുമപ്പൂവിന്റെ അളവ് കുറഞ്ഞതും എള്ളെണ്ണയ്ക്ക് പകരം ഗുണമേന്മ കുറഞ്ഞ മറ്റ് എണ്ണകൾ ഉപയോഗിച്ച് ഉണ്ടാക്കിയതുമായ കുങ്കുമാദി തൈലങ്ങളും വിപണിയിലുണ്ടാകാം. ഇതാണ് നിങ്ങൾ വാങ്ങി ഉപയോഗിക്കുന്നതെങ്കിലും പ്രതീക്ഷിച്ച ഫലം കിട്ടണമെന്നില്ല.
കുങ്കുമാദി തൈലമല്ല നിങ്ങൾ ചർമ്മത്തിൽ പരീക്ഷിക്കുന്ന എന്ത് സാധനവും ആദ്യം നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം വേണം ഉപയോഗിക്കാൻ. അല്ലെങ്കിൽ വിപരീത ഫലമാവും നിങ്ങൾക്ക് ലഭിക്കുക.




Click it and Unblock the Notifications