മുടികൊഴിച്ചലിന് പരിഹാരം ആണോ തിരയുന്നത്? കറിവേപ്പില കഴിക്കാം, ഈ എണ്ണയും..ഇതാ പോംവഴി
മഴക്കാലത്ത് പൊതുവെ മുടികൊഴിച്ചിൽ പ്രശ്നങ്ങൾ അധികമായിരിക്കും. ഈർപ്പം മൂലം രോമകൂപങ്ങൾ ദുർബലപ്പെടുന്നതാണ് ഇതിന് കാരണം. മഴക്കാലത്ത് ഇത് സാധാരണമാണെങ്കിലും നമ്മുടെ ആത്മവിശ്വാസവും സമാധാനവും കളയാൻ ഇത് ധാരളമാണ്. എന്നാൽ അൽപം ശ്രദ്ധ അധികം കൊടുത്താൽ മഴക്കാലത്തെ മുടി കൊഴിച്ചിലും ഒരുപരിധി വരെ പിടിച്ച് നിർത്താനാകുമെന്ന് പറയുകയാണ് പോഷകാഹാര വിദഗ്ധനായ ലീമ മഹാജൻ . മുടികൊഴിച്ചിൽ നേരിടാനുള്ള 5 എളുപ്പവഴികളും അദ്ദേഹം പങ്കിട്ടുണ്ട്. അറിയാം
1. ഒമേഗ 3 ഫാറ്റി ആസിഡ്
മുടിയുടെ ആരോഗ്യത്തിന് ഒമേഗ 3 ഫാറ്റി ആസിഡുകൾ അത്യന്താപേക്ഷിതമാണ്. രോമകൂപങ്ങളെ പോഷിപ്പിക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഇവയ്ക്ക് സാധിക്കും. ഒമേഗ ഫാറ്റി ആസിഡ് ലഭിക്കാനായി ഫ്ളാക്സ് സീഡുകൾ, വാൽനട്ട്, ചിയ വിത്തുകൾ എന്നിവ പോലുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.

2. കറിവേപ്പില കളയല്ലേ
ഭക്ഷണത്തിൽ നിന്നും കറിവേപ്പില തിരഞ്ഞ് പിടിച്ച് കളയുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നമ്മൾ കാണിക്കുന്ന വലിയൊരു മണ്ടത്തരമാണത്. കാരണം പോഷകങ്ങളുടെ കലവറയാണിവ.കറിവേപ്പിലയിൽ മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ അമിനോ ആസിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിൽ തടയാൻ ആറോ ഏഴോ കറിവേപ്പിലയെങ്കിലും ദിവസവും കഴിക്കാൻ ശ്രമിക്കാം. സൂപ്പായും മറ്റും കറിവേപ്പില കഴിക്കാം കേട്ടോ.
3. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന എണ്ണ ഉപയോഗിക്കാം
കടുകെണ്ണ, ബദാം എണ്ണ, ആവണക്കെണ്ണ, ഉലുവ, കറിവേപ്പില, റോസ്മേരി ഇലകൾ എന്നിവയാണ് എണ്ണ തയ്യാറാക്കാനായി ആവശ്യം. ഇവ യോജിപ്പിച്ച് ഏകദേശം 30 മിനിറ്റോളം തലയിൽ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം
4. ഇരുമ്പും ഫോളിക് ആസിഡും
ഇരുമ്പും ഫോളിക് ആസിഡും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടി വളർച്ചയ്ക്ക് പ്രധാനമാണ്. ഇവ കൃത്യമായി ശരീരത്തിലെത്തിയില്ലെങ്കിൽ മുടി കൊഴിച്ചൽ രൂക്ഷമായേക്കും. 1 ടേബിൾ സ്പൂൺ സ്പിരുലിന, ഹാലിം വിത്തുകൾ അല്ലെങ്കിൽ മുരിങ്ങ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.
5. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളും
ആരോഗ്യമുള്ള മുടി നിലനിർത്തുന്നതിന് പ്രോട്ടീൻ ആവശ്യമാണ്.
സമീകൃതാഹാരത്തോടൊപ്പം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. ചീര, ബ്രൊക്കോളി ,കോളിഫ്ലവർ, കൂൺ, മുളപ്പിച്ച പയർ വർഗങ്ങൾ, ശതാവരി, ഗ്രീൻ പീസ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവയെല്ലാം പ്രോട്ടീൻ സമ്പുഷ്ടമാണ്.












Click it and Unblock the Notifications