ചിയ വിത്ത് കഴിച്ചാൽ തടി കുറയുമോ? ഏത് വിത്താണ് തടി കുറക്കാൻ ബെസ്റ്റ്? അറിയാം
മുൻപത്തെ പോലെയല്ല, ഇപ്പോൾ പലരും ഡയറ്റിൽ വിത്തുകൾ ഉൾപ്പെടുത്തുന്നവരാണ്. പ്രത്യേകിച്ച് ചിയ, മത്തൻ, ചണവിത്ത് തുടങ്ങിയവ. അവശ്യ വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളാലും സമ്പന്നമാണ് ഇവ. ചില വിത്തുകളിൽ ഒമേഗ -3 ധാരാളമുണ്ട്, മറ്റുള്ളവയിൽ മഗ്നീഷ്യം, കാൽസ്യം, നാരുകൾ, ഇരുമ്പ് എന്നിവയും. എന്നാൽ ഏതൊക്കെയാണ് നിങ്ങൾ കഴിക്കേണ്ട വിത്തുകൾ എന്ന് അറിയാമോ? ഗുണം അറിഞ്ഞ് ഇവ തിരഞ്ഞെടുക്കാം
തടി കുറക്കണോ? മാതളനാരങ്ങയുടെ വിത്ത് കഴിക്കാം
ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും ധാരാളം ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി കൊഴുപ്പ് കത്തിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇവയിൽ പോളിഫെനോൾസ്, കൺജഗേറ്റഡ് ലിനോലെനിക് ആസിഡ് എന്നിവയും ഉണ്ട്. ഇത് കൊഴുപ്പ് കത്തിക്കാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു.

പ്രമേഹം നിയന്ത്രിക്കാൻ സൂര്യകാന്തി, ചണ വിത്തുകൾ കഴിക്കാം
വിറ്റാമിൻ ബി-1, കോപ്പർ, വിറ്റാമിൻ ഇ, ആൻ്റിഓക്‌സിഡൻ്റുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ഇവ.വിശപ്പ് കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഈ വിത്തുകൾ സഹായിക്കുന്നു. ഈ വിത്തുകൾ കഴിക്കുന്നത് ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുമെന്നും ടൈപ്പ് 2 പ്രമേഹത്തെ ചികിത്സിക്കാൻ ഉത്തമമാണെന്നുമാണ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. സൂര്യകാന്തി വിത്തുകളിലെ ക്ലോറോജെനിക് ആസിഡ്, ഫ്ളാക്സ് സീഡുകളിലെ സെക്കോസോളാരിസിറെസിനോൾ ഡിഗ്ലൂക്കോസൈഡ് എന്നിവ ഇൻസുലിൻ പ്രതിരോധതിലും ഉത്പാദനത്തിലും നിർണായക പങ്കുവഹിക്കുന്നു.
എല്ലുകളുടെ ബലത്തിന് ചിയ വിത്തുകൾ
കാൽസ്യം സമ്പുഷ്ടമാണ് ചിയ വിത്തുകൾ.ചിയ വിത്തുകൾ ദീർഘകാലാടിസ്ഥാനത്തിൽ കഴിക്കുന്നത് അസ്ഥികൾക്ക് ബലം നൽകാൻ സഗായിക്കുകയും കരൾ, കുടൽ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. അര കപ്പ് ചിയ വിത്തുകൾ രണ്ടര കപ്പ് മധുരമില്ലാത്ത ബദാം പാൽ, ഒരു ടേബിൾ സ്പൂൺ മേപ്പിൾ സിറപ്പ്, കറുവപ്പട്ട എന്നിവയുമായി ചേർത്ത് കഴിക്കുന്നത് ഉത്തമമാണ്.
മത്തൻ വിത്തുകൾ ഊർജം വർധിപ്പിക്കാൻ
മത്തൻ ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. ഊർജം വർദ്ധിപ്പിക്കുന്നതിനു പുറമേ, മത്തൻ വിത്തുകൾ ശരീരഭാരം കുറക്കാനും സഹായിക്കുന്നു.
ഹൃദയാരോഗ്യത്തിന് എള്ള് കഴിക്കാം
ഫൈറ്റോ ന്യൂട്രിയൻ്റുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പന്നമാണ് എള്ള്. മാത്രമല്ല ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയ എള്ള് ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. എള്ളിൽ കാണപ്പെടുന്ന മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് എന്നിവ അനാരോഗ്യകരമായ കൊഴുപ്പുകൾ കുറച്ച് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യതകളെ ഇല്ലാതാക്കുന്നു.












Click it and Unblock the Notifications