ജീൻസോ ബൂട്ട്സോ ധരിച്ചാൽ പാമ്പിന് നിങ്ങളെ കടിക്കാനാകില്ലേ? വിദഗ്ദ്ധർ പറയുന്നത് ഇതാണ്?
മഴക്കാലമാകുന്നതോടെ പാമ്പുകൾ വീടുകളിലും തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ട്രെക്കിംഗ് വഴികളിലുമൊക്കെ പ്രത്യക്ഷപ്പെടുന്നത് സാധാരണയാണ്. ആളുകൾ കൂടുതൽ സമയവും കാൽനടയാത്രയ്ക്കും കൃഷിക്കും തോട്ടം പണികൾക്കുമായി പുറത്തിറങ്ങുന്ന ഈ സമയത്ത് പലരുടെയും മനസ്സിലുള്ള ഒരു സംശയമാണ്, നാം ധരിക്കുന്ന ജീൻസിലൂടെയോ ബൂട്ടിലൂടെയോ പാമ്പിന് കടിക്കാൻ സാധിക്കുമോ?
ജീൻസിന്റെ കട്ടിയുള്ള തുണി വായുവിനും ചർമ്മത്തിനും ഇടയിൽ ഒരു അധിക പാളി ഉണ്ടാക്കുന്നു. പഠനങ്ങളും അനുഭവങ്ങളും കാണിക്കുന്നത് കട്ടിയുള്ളതും അല്പം ലൂസായതുമായ ജീൻസ് ധരിക്കുന്നത് പാമ്പുകടിയുടെ ആഘാതം കുറയ്ക്കാൻ സഹായിക്കുമെന്നാണ്. കാരണം പാമ്പിന്റെ പല്ലുകൾക്ക് ജീൻസിന്റെ മുഴുവൻ കനവും തുളച്ച് നമ്മുടെ ചർമ്മത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്നു വരില്ല.
എന്നാൽ ജീൻസ് എല്ലാത്തരം പാമ്പുകളിൽ നിന്നും സംരക്ഷണം നൽകുമെന്ന് ഉറപ്പുപറയാനാകില്ല. നീളമുള്ള പല്ലുകളുള്ള വലിയ പാമ്പുകൾക്ക് പ്രത്യേകിച്ച് നമ്മൾ ഇറുകിയതോ നേർത്തതോ ആയ ജീൻസാണ് ധരിച്ചിരിക്കുന്നതെങ്കിൽ എളുപ്പത്തിൽ കടിക്കാൻ സാധിക്കും.
സാധാരണ ഷൂസുകളെ അപേക്ഷിച്ച് ബൂട്ടുകൾ കൂടുതൽ സംരക്ഷണം നൽകുന്നു. പ്രത്യേകിച്ച് കട്ടിയുള്ള ലെതർ അല്ലെങ്കിൽ റബ്ബർ കൊണ്ട് നിർമ്മിച്ചതും കണങ്കാലിന് മുകളിലേക്ക് നീളമുള്ളതുമായ ബൂട്ടുകൾ. ഭൂരിഭാഗം പാമ്പുകടികളും കാൽപ്പാദങ്ങളിലോ കാലിന്റെ താഴത്തെ ഭാഗങ്ങളിലോ ആണ് ഏൽക്കാറുള്ളത് എന്നതിനാൽ ഇത്തരം ബൂട്ടുകൾ സുരക്ഷിതമാണ്.

എന്നിരുന്നാലും എല്ലാ ബൂട്ടുകളും പാമ്പിന്റെ പല്ലുകളെ ചെറുക്കില്ല. സാധാരണ ട്രെക്കിംഗ് ബൂട്ടുകളോ റബ്ബർ ബൂട്ടുകളോ ചെറിയ പാമ്പുകളിൽ നിന്ന് സംരക്ഷണം നൽകുമെങ്കിലും, നീളമുള്ള പല്ലുകളുള്ള വലിയ പാമ്പുകളിൽ നിന്ന് പൂർണ്ണ സംരക്ഷണം നൽകില്ല. കൂടാതെ ബൂട്ടിന് മുകളിലുള്ള കാലിന്റെ ഭാഗം തുറന്നു കിടക്കുന്നതിനാൽ അവിടെ കടിയേൽക്കാനുള്ള സാധ്യതയുമുണ്ട്.
കാടുകളിലോ കൃഷിയിടങ്ങളിലോ പാമ്പുകൾ കൂടുതലുള്ള സ്ഥലങ്ങളിലോ ജോലി ചെയ്യുന്നവർ സ്നേക്ക് പ്രൂഫ് ബൂട്ടുക' അല്ലെങ്കിൽ ഗെയ്റ്ററുകൾ ഉപയോഗിക്കണമെന്ന് വിദഗ്ദർ നിർദ്ദേശിക്കുന്നു.
പാമ്പുകടി ഏൽക്കാൻ പ്രധാന കാരണം എന്താണ്?
പൊതുവേയുള്ള ധാരണയ്ക്ക് വിരുദ്ധമായി, പാമ്പുകൾ മനുഷ്യരെ യാതൊരു കാരണവുമില്ലാതെ ഉപദ്രവിക്കാറില്ല. അവയെ ശല്യം ചെയ്യുമ്പോഴോ അറിയാതെ അവയുടെ മേൽ ചവിട്ടുമ്പോഴോ മാത്രമാണ് അവ തിരിച്ചു കടിക്കുന്നത്. മിക്ക പാമ്പുകളും തങ്ങളുടെ ശരീരനിറം ചുറ്റുപാടുകളുമായി ഒത്തുപോകുന്ന രീതിയിൽ ഒളിച്ചിരിക്കാനാണ് ഇഷ്ടപ്പെടുന്നത്. അപകടം തൊട്ടടുത്തെത്തുമ്പോൾ മാത്രമേ അവ പ്രതികരിക്കാറുള്ളൂ.
രാത്രികാലങ്ങളിൽ നഗ്നപാദരായി നടക്കുക, കട്ടിയുള്ള പുൽക്കാടുകൾക്ക് അടിയിലേക്ക് നോക്കുക, അടിയിൽ എന്താണെന്ന് നോക്കാതെ വലിയ പാറക്കല്ലുകൾ മാറ്റുക, അല്ലെങ്കിൽ പാമ്പിനെ പിടിക്കാനോ കൊല്ലാനോ ശ്രമിക്കുക എന്നിവയാണ് ആളുകൾക്ക് പാമ്പുകടിയേൽക്കാൻ പ്രധാന കാരണമാകുന്നത്.
പാമ്പുകടിയേറ്റാൽ എത്രയും വേഗം ഒരു ഡോക്ടറുടെ അടുത്ത് അല്ലെങ്കിൽ ആശുപത്രിയിൽ എത്തുക. പരമാവധി ശാന്തമായിരിക്കാൻ ശ്രമിക്കുക. കാരണം പരിഭ്രാന്തിയും അനാവശ്യമായ ചലനങ്ങളും വിഷം രക്തത്തിലൂടെ വേഗത്തിൽ ശരീരത്തിൽ പടരാൻ കാരണമാകും. കടിയേറ്റ ഭാഗം അനക്കാതെ ഹൃദയത്തിന്റെ നിലവാരത്തിന് താഴെയായി സൂക്ഷിക്കുക. നീരു വരാൻ സാധ്യതയുള്ളതിനാൽ കടിയേറ്റ ഭാഗത്തുള്ള വാച്ച്, വളകൾ, അല്ലെങ്കിൽ ഇറുകിയ വസ്ത്രങ്ങൾ എന്നിവ മാറ്റുക.
കടിയേറ്റ ഭാഗം കീറുക, വിഷം വലിgroupിച്ചെടുക്കുക, ഐസ് വെയ്ക്കുക, വരിഞ്ഞുമുറുക്കി കെട്ടുക തുടങ്ങിയ പഴയ രീതികൾ ഫലപ്രദമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇത്തരം അന്ധവിശ്വാസങ്ങളെ ആശ്രയിക്കരുത്. ശാസ്ത്രീയമായ വൈദ്യസഹായവും മാത്രമാണ് പാമ്പുകടിക്കുള്ള ഏക പ്രതിവിധി.














Click it and Unblock the Notifications