ഫ്രിഡ്ജില്‍ നിന്ന് രൂക്ഷഗന്ധം വരുന്നോ? പരിഹാരം സിംപിളാണ്, ചെയ്യേണ്ടതിങ്ങനെ
പണ്ട് കാലത്ത് ഫ്രിഡ്ജ് എന്ന് പറയുന്നത് പലര്‍ക്കും ഒരു ആഡംബര ഉപകരണമായിരുന്നു. എന്നാല്‍ ഇന്ന് അത് നമ്മളുടെ എല്ലാവരുടേയും വീട്ടിലെ അവശ്യ ഉപകരണമാണ്. ഭക്ഷണങ്ങള്‍ സൂക്ഷിക്കാന്‍ വെക്കാന്‍ ഫ്രിഡ്ജിനേക്കാള്‍ ഉപകാരപ്രദമായ മറ്റൊരു മാര്‍ഗമില്ല എന്നത് തന്നെയാണ് ഇതിന് കാരണം. അതേസമയം പലരുടേയും വീടുകളിലെ ഫ്രിഡ്ജ് തുറന്നയുടനെ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടാറുണ്ട്.
എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? ഫ്രിഡ്ജില്‍ പഴകിയ മാംസമോ മത്സ്യമോ സൂക്ഷിക്കുന്നതിനാലോ മുറിച്ചതിന് ശേഷം പച്ചക്കറികള്‍ തുറന്ന് വയ്ക്കുന്നതിന്റെയോ ഫലമായിരിക്കാം ഇത്. ഈ അസഹനീയമായ ദുര്‍ഗന്ധം പരിഹരിക്കാന്‍ ചില ലളിതമായ നുറുങ്ങുകള്‍ ഉണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

നിങ്ങളുടെ ഫ്രിഡ്ജ് പതിവായി വൃത്തിയാക്കുക എന്നത് തന്നെയാണ് ഇതിലെ ഏറ്റവും ആദ്യം ചെയ്യേണ്ടുന്ന പരിഹാരം. പഴകിയ ഭക്ഷണം, ചോര്‍ച്ച, മറ്റ് ഭക്ഷണാവിശിഷ്ടങ്ങള്‍ എന്നിവ സമയാസമയങ്ങൡ നീക്കം ചെയ്യുന്നു എന്ന് ഉറപ്പാക്കുക. കുപ്പിയില്‍ സൂക്ഷിക്കുന്ന പദാര്‍ത്ഥങ്ങള്‍ നന്നായി അടച്ച് വെച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കുക. ഓറഞ്ച് തൊലികള്‍ പൊടിച്ച് ഒരു പ്ലേറ്റിലാക്കി ഫ്രിഡ്ജില്‍ വെക്കുന്നത് ദുര്‍ഗന്ധം ശമിപ്പിക്കാന്‍ സഹായിക്കും.
ഒരു തുറന്ന ബോക്‌സോ ബേക്കിംഗ് സോഡയുടെ കണ്ടെയ്‌നറോ റഫ്രിജറേറ്ററില്‍ വെക്കുന്നത് നല്ലതാണ്. ബേക്കിംഗ് സോഡ ദുര്‍ഗന്ധം ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ഫ്രിഡ്ജ് ഫ്രഷ് മണമുള്ളതാക്കുകയും ചെയ്യും. ഓരോ രണ്ട് മാസം കൂടുമ്പോഴും ഈ ബോക്‌സ് മാറ്റണം. ഒരു ചെറിയ പാത്രത്തില്‍ വെളുത്ത വിനാഗിരി നിറച്ച് റഫ്രിജറേറ്ററില്‍ വയ്ക്കുക. വിനാഗിരിയുടെ മണം രൂക്ഷവും നനഞ്ഞതുമായ ഗന്ധം ഇല്ലാതാക്കും.
ചെറുനാരങ്ങയോ ഓറഞ്ചോ രണ്ടായി മുറിച്ച് ഷെല്‍ഫിലോ പാത്രത്തിലോ വെക്കുക. സിട്രസ് പഴങ്ങള്‍ക്ക് പ്രകൃതിദത്തവും മനോഹരവുമായ സുഗന്ധമുള്ളതിനാല്‍ തന്നെ അത് ദുര്‍ഗന്ധം മറയ്ക്കാന്‍ സഹായിക്കും. ഉണങ്ങിയ കാപ്പിക്കുരു തുറന്ന പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വെക്കുക. ഇത് ദുര്‍ഗന്ധം വലിച്ചെടുക്കാനും ഫ്രിഡ്ജിനുള്ളിലെ വായു ശുദ്ധീകരിക്കാനും സഹായിക്കും എന്നാണ് പറയുന്നത്.
രണ്ട് ദിവസത്തില്‍ കൂടുതല്‍ ഫ്രീസറിനുള്ളില്‍ മത്സ്യ മാംസാദികള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഭക്ഷണത്തിന്റെ ഗുണമേന്മക്കൊപ്പം തന്നെ ഫ്രിഡ്ജിലെ മൊത്തത്തിലുള്ള വായു ദുര്‍ഗന്ധമില്ലാതാക്കാനും ഇത് സഹായിക്കും. ചോക്ലേറ്റ്, നെയ്യ് എന്നിവ പൊട്ടിച്ച പാക്കറ്റുകളിലായി സൂക്ഷിക്കുന്നതിന് പകരം ഒരു പാത്രത്തിലിട്ട് നന്നായി അടച്ച് സൂക്ഷിക്കുക.












Click it and Unblock the Notifications