സോപ്പില്ലെങ്കില്‍ വേണ്ട.. പാത്രം വെട്ടിത്തിളങ്ങാന്‍ നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട് പോംവഴികള്‍
പാത്രം കഴുകാന്‍ ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പലര്‍ക്കും ചില സോപ്പ് അലര്‍ജി പോലുള്ള അസ്വസ്ഥതകള്‍ സൃഷ്ടിക്കാറുണ്ട്. ഇനി അത്തരം ആശങ്കകളെല്ലാം നമുക്ക് ദൂരെ കളയാം. പാത്രങ്ങള്‍ കഴുകാന്‍ സോപ്പ് അല്ലാതെ തന്നെ ഇതര മാര്‍ഗങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കാം. അതും നമ്മുടെ വീട്ടിലെ അടുക്കളയില്‍ ഉള്ള സാധനങ്ങള്‍ ഉപയോഗിച്ച് തന്നെ.
അമ്പരക്കേണ്ട..! ഇവ ഉപയോഗിച്ച് സോപ്പിനെ ആശ്രയിക്കാതെ തന്നെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ നിങ്ങളുടെ പാത്രങ്ങള്‍ വൃത്തിയാക്കാന്‍ കഴിയും. പാത്രങ്ങളില്‍ നിന്ന് കൊഴുപ്പും ദുര്‍ഗന്ധവും ഫലപ്രദമായി തുടച്ചുമാറ്റാന്‍ സാധിക്കുന്ന ഒന്നാണ് ഇവ എന്നതില്‍ സംശയമില്ല. ഏതൊക്കെയാണ് ബദല്‍ മാര്‍ഗങ്ങള്‍ എന്നല്ലേ? പറഞ്ഞുതരാം...

വൃത്തിയാക്കാനുള്ള പാത്രങ്ങള്‍ ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി അവയില്‍ ബേക്കിംഗ് സോഡ വിതറുക. സോഡ അല്‍പ്പം കുമിളയാക്കി സ്‌പോഞ്ച് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. പ്ലേറ്റുകള്‍ എണ്ണമയമുള്ളതാണെങ്കില്‍ ബേക്കിംഗ് സോഡ വിതറി 5-6 മിനിറ്റ് വരെ വെക്കാം. ഇനി നന്നായി സ്‌ക്രബ് ചെയ്ത ശേഷം വീണ്ടും ചൂടുവെള്ളം ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകുക.
മറ്റൊരു പോംവഴി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാവുന്ന ഒരു മിശ്രിതമാണ്. ഒരു കപ്പ് ചൂടുവെള്ളം എടുക്കുക, അതില്‍ 2 ടേബിള്‍സ്പൂണ്‍ ഉപ്പ്, 1 മുഴുവന്‍ നാരങ്ങ നീര് എന്നിവ ചേര്‍ക്കുക. എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്യാന്‍ ഒരു സ്പൂണ്‍ ഉപയോഗിച്ച് മിശ്രിതം പാത്രങ്ങളില്‍ ഒഴിച്ച് നന്നായി സ്‌ക്രബ് ചെയ്യുക. പാത്രങ്ങളിലെ കറകള്‍ നീക്കം ചെയ്യാന്‍ ഉപ്പ് സഹായിക്കുമ്പോള്‍ നാരങ്ങ ദുര്‍ഗന്ധം അകറ്റുന്നു.
നമ്മള്‍ എല്ലാവരും ഒരുകാലത്ത് സ്ഥിരം പാത്രം കഴുകാന്‍ ഉപയോഗിച്ചിരുന്നതാണ് ചാരം അല്ലെങ്കില്‍ വെണ്ണീറ് ആയിരുന്നു. കാലം എത്ര മുന്നോട്ട് പോയാലും ചാരം ഇപ്പോഴും പാത്രം വൃത്തിയാക്കല്‍ ഉപാധികളിലെ മുന്‍പന്തിയില്‍ തന്നെയാണ്. പാത്രങ്ങള്‍ വൃത്തിയാക്കാനും ദുര്‍ഗന്ധം അകറ്റാനും അണുവിമുക്തമാക്കാനും ഒരു പിടി ചാരം മതി. തടി ചാരം നേരിട്ട് പാത്രങ്ങളില്‍ തളിച്ച് സ്പോഞ്ചും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് സ്‌ക്രബ് ചെയ്യാം.
കഞ്ഞിവെള്ളവും പാത്രം കഴുകാന്‍ ഉപയോഗിക്കാവുന്നതാണ്. കഞ്ഞിവെള്ളത്തിലെ അന്നജത്തിന്റെയും സിട്രിക് ആസിഡിന്റെയും സാന്നിധ്യം കറ എളുപ്പത്തില്‍ പുറന്തള്ളാന്‍ സഹായിക്കുന്നു. ഒരു പാത്രത്തില്‍ കഞ്ഞിവെള്ളം നിറച്ച് അതില്‍ വൃത്തിയാക്കാനുള്ള പാത്രങ്ങള്‍ 30 മിനിറ്റ് മുക്കിവെക്കുക. പിന്നീട് കഞ്ഞിവെള്ളത്തിന്റെ പ്രത്യേക ഗന്ധം ഒഴിവാക്കാന്‍ പാത്രങ്ങള്‍ ശരിയായി സ്‌ക്രബ് ചെയ്ത് ചൂടുവെള്ളത്തില്‍ കഴുകാം.
ഒരു സ്പ്രേ ബോട്ടില്‍ എടുത്ത് 1 കപ്പ് വെള്ളവും 4-5 ടേബിള്‍സ്പൂണ്‍ വിനാഗിരിയും ചേര്‍ക്കുക. കുപ്പി നന്നായി കുലുക്കി എല്ലാ പാത്രങ്ങളിലും തളിക്കുക. അല്‍പനേരം പാത്രങ്ങള്‍ അങ്ങനെ തന്നെ വെക്കുക. തുടര്‍ന്ന് ഒരു സ്പോഞ്ചും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് നന്നായി സ്‌ക്രബ് ചെയ്യുക. ഒരിക്കലെങ്കിലും സോപ്പിന് പകരം ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ച് നോക്കൂ. മാറ്റങ്ങള്‍ കാണാനാകും.












Click it and Unblock the Notifications