സ്വര്‍ണാഭരണം വൃത്തിയാക്കാന്‍ ഇനി നിങ്ങള്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കില്ല; കാരണം ഇതാ
എല്ലാവരുടെ വീട്ടിലും ടൂത്ത് പേസ്റ്റ് ഉണ്ടായിരിക്കും. പല്ലുകള്‍ വൃത്തിയാക്കുക എന്നതാണ് ടൂത്ത് പേസ്റ്റിന്റെ പ്രാഥമിക കര്‍മം എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കാത്സ്യത്തിന്റെയോ മഗ്‌നീഷ്യത്തിന്റെയോ കാര്‍ബണേറ്റുകള്‍, കാത്സ്യം പൈറോ ഫോസ്‌ഫേറ്റ്, ഹൈഡ്രോക്‌സി അപ്പറ്റൈറ്റ്, ട്രൈ കാല്‍സിയം ഫോസ്‌ഫേറ്റ്, കല്‍ക്കരി എന്നിവയാണ് പൊതുവെ ടൂത്ത് പേസ്റ്റില്‍ ഉപയോഗിക്കാറുള്ള വസ്തുക്കള്‍.
പല്ലുകള്‍ക്ക് വെണ്‍മ നല്‍കാന്‍ സഹായിക്കുന്ന തരം ടൂത്ത് പേസ്റ്റുകളില്‍ ഇവ കൂടുതല്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ മറ്റ് പലതും വൃത്തിയാക്കാനും ടൂത്ത് പേസ്റ്റ് നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഫര്‍ണിച്ചറുകള്‍ പോളിഷ് ചെയ്യുന്നത് മുതല്‍ കൈകളില്‍ നിന്ന് ദുഷിച്ച ഭക്ഷണ ഗന്ധം കളയുന്നതിന് വരെ ടൂത്ത് പേസ്റ്റ് സഹായിക്കും.

എന്നാല്‍ എല്ലാ സാഹചര്യങ്ങളിലും ടൂത്ത് പേസ്റ്റ് വൃത്തിയാക്കാന്‍ ഉപയോഗിക്കരുത് എന്ന് നിങ്ങള്‍ക്കറിയാമോ. ബേക്കിംഗ് സോഡ പോലെ വൃത്തിയാക്കലിന്റെ കാര്യത്തില്‍ ടൂത്ത് പേസ്റ്റിന് അതിന്റേതായ പരിമിതികളുണ്ട്. ടൂത്ത് പേസ്റ്റുകളില്‍ പല തരത്തിലുള്ള ഘടകങ്ങളാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ഒരിക്കലും വൃത്തിയാക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ എന്തെല്ലാമാണ് എന്ന് നോക്കാം
മുത്തുകള്‍, മൃദുവായതും തിളക്കമുള്ളതുമായ രത്‌നക്കല്ലുകള്‍ എന്നിവ ഒരിക്കലും ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വൃത്തിയാക്കരുത്. മോഹ്‌സ് ഹാര്‍ഡ്‌നസ് സ്‌കെയിലില്‍ 3 മുതല്‍ 4 വരെ കാഠിന്യം ഉള്ള വസ്തുവാണ് ടൂത്ത് പേസ്റ്റ്. മുത്തുകള്‍ക്കും രത്‌നങ്ങള്‍ക്കും ടൂത്ത് പേസ്റ്റിനെ അപേക്ഷിച്ച് ഉയര്‍ന്ന കാഠിന്യം ഉണ്ടെങ്കിലും കല്ലിന്റെ തിളക്കം നഷ്ടപ്പെടാന്‍ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് കാരണമാകും.
സ്വര്‍ണത്തിന് മോഹ്സ് സ്‌കെയിലില്‍ 2.5 മുതല്‍ 3 വരെ കാഠിന്യം ഉണ്ട്. ടൂത്ത് പേസ്റ്റ് പോലുള്ളവ ഉപയോഗിച്ച് വൃത്തിയാക്കുമ്പോള്‍ സ്വര്‍ണം മങ്ങിയതായി കാണപ്പെടും. വെള്ളിയിലും പോറല്‍ ഉണ്ടാകാതിരിക്കാന്‍ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പോളിഷ് ചെയ്യാന്‍ പാടില്ല. ടൂത്ത് പേസ്റ്റിന്റെ രുചി കൂട്ടാന്‍ സാധാരണയായി ഉപയോഗിക്കുന്ന എണ്ണകള്‍ വെള്ളിയെ നശിപ്പിക്കും.
വജ്രങ്ങളും മാണിക്യം, നീലക്കല്ലുകള്‍ എന്നിവയും ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വൃത്തിയാക്കാന്‍ പാടില്ല. കാരണം ഇത് കല്ലിന്റെ രൂപഭംഗി മങ്ങിക്കുന്നതിനും ഉപരിതലത്തില്‍ ഉരച്ചിലുകള്‍ വീഴുന്നതിനും കാരണമാകും. പല രത്‌നങ്ങളും സ്വര്‍ണ്ണമോ വെള്ളിയോ പോലുള്ള ലോഹങ്ങളിലാണ് നിര്‍മിച്ചിരിക്കുന്നത് എന്നതിനാല്‍ വിലയേറിയ ആഭരണങ്ങള്‍ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.












Click it and Unblock the Notifications